ഫോക്കസ് ഖത്തര്‍ രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തറും വനിതാ യുവജന വിഭാഗമായ ഫോക്കസ് ലേഡീസും സംയുക്തമായി ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സമാപിച്ചു. ഉച്ചക്ക് 1 മണി മുതല്‍ വൈകിട്ട് 6 വരെ നീണ്ട് നിന്ന ക്യാമ്പില്‍ യുവാക്കളും യുവതികളുമടക്കം നിരവധി പേര്‍ സംബന്ധിച്ചു. ആളുകള്‍ കുടുംബ സമേതം രക്തദാനം ചെയ്യാനെത്തിയതും പരിപാടിയെ വ്യതിരിക്തമാക്കി.
കോവിഡ് കാലത്തെ എല്ലാവിധ മുന്‍കരുതലുകളും പാലിച്ചുകൊണ്ടായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. രക്തദാനത്തെക്കുറിച്ചുള്ള മുഴുവന്‍ സംശയങ്ങള്‍ക്കുമുള്ള മറുപടികളടങ്ങിയ പോസ്റ്ററുകളും ചോദ്യാവലികളും നേരത്തെ തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഫോക്കസ് ഖത്തര്‍ പ്രചരിപ്പിച്ചിരുന്നു. ആറു മാസത്തിനുള്ളില്‍ വിദേശ യാത്ര നടത്താത്ത, പതിനെട്ട് വയസ്സിനും 65 വയസ്സിനും മധ്യേയുള്ള ആരോഗ്യമുള്ള ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റുള്ള സ്ത്രീക്കും പുരുഷനും ഒരുപോലെ രക്തദാനം നടത്താന്‍ സാധിച്ചിട്ടുണ്ട്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരെ കൂടാതെ നേരിട്ട് എത്തിയവര്‍ക്കും സൗകര്യമേര്‍പ്പെടുത്തിയിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ബ്ലഡ് ഡോണര്‍ സെന്ററില്‍ വെച്ച നടന്ന പരിപാടി സി.ഇ.ഒ അഷ്ഹദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഖത്തറിലെ യുവാക്കളെയും യുവതികളെയും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കാന്‍ ഫോക്കസ് ഖത്തര്‍ എന്നും ശ്രദ്ധ ചെലുത്താറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫോക്കസ് ഖത്തറിനെ അഭിനന്ദിച്ചുകൊണ്ട് ബ്ലഡ് ഡോണര്‍ സെന്റര്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍, സി.ഇ.ഒ അശ്ഹദ് ഫൈസിക്ക് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു. അഡ്മിന്‍ മാനേജര്‍ ഹമദ് ബിന്‍ സിദ്ധീഖ്, ഫൈനാന്‍സ് മാനേജര്‍ സി മുഹമ്മദ് റിയാസ്, ഡെപ്യൂട്ടി സി.ഇ.ഒ ഫാഇസ് എളയോടന്‍, പി.ആര്‍ മാനേജര്‍ ബാസില്‍ കെ.എന്‍, ആര്‍ട്‌സ് മാനേജര്‍ അമീര്‍ ഷാജി, ഹിലാല്‍ ഏരിയാ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ആശിഖ്, അഡ്മിന്‍ കോര്‍ഡിനേറ്റര്‍മാരായ അനീസ് അസീസ്, അമീനുര്‍റഹ്‌മാന്‍ എ.എസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.