ഹോട്ടല്‍ ക്വാറന്റൈന്‍ കാന്‍സല്‍ ചെയ്യുവാന്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രത്യേക കൗണ്ടറുമായി ഡിസ്‌കവര്‍ ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ പുതിയ യാത്ര നയം പ്രാബല്യത്തില്‍ വന്നതോടെ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത ആളുകള്‍ക്ക് ബുക്കിംഗ് കാന്‍സല്‍ ചെയ്യുന്നതിനും റീഫണ്ടിംഗ് പ്രോസസിംഗിന് സഹായിക്കുന്നതിനുമായി ഡിസ്‌കവര്‍ ഖത്തര്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ഓണ്‍ ലൈനില്‍ ബുക്കിംഗ് കാന്‍സല്‍ ചെയ്യുവാനും റീഫണ്ട് അപേക്ഷകള്‍ കൊടുക്കുവാനുമൊക്കെ പ്രയാസമുള്ള സാധാരണക്കാര്‍ക്ക് അറൈവല്‍ ടെര്‍മിനലിലുള്ള ഈ കൗണ്ടറില്‍ രേഖകള്‍ സമര്‍പ്പിക്കാമെന്നത് വലിയ ആശ്വാസമാണ് .
പുതിയ ട്രാവല്‍ നയത്തിന്റെ ഭാഗമായി ഹോട്ടല്‍ ക്വാറന്റൈന്‍ കാന്‍സല്‍ ചെയ്യുന്നവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ അസോസിയേറ്റ് കമ്പനിയായ ഡിസ്‌കവര്‍ ഖത്തര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സാധാരണ ഗതിയില്‍ 60 ദിവസത്തിനകം റീഫണ്ട് പോസസിംഗ് പൂര്‍ത്തിയാകും. അപേക്ഷകളുടെ ആധിക്യം കാരണം കാലതാമസമുണ്ടായാലും ആശങ്കപ്പെടേണ്ടതില്ല.
ഹോട്ടല്‍ ക്വാറന്റൈന് വേണ്ടി പണമടച്ച അക്കൗണ്ടിലേക്ക് തന്നെയാണ് റീഫണ്ട് ലഭിക്കുക. ട്രാവല്‍ ഏജന്‍സികള്‍ മുഖേന ബുക്ക് ചെയ്തവര്‍ അതത് ട്രാവല്‍ ഏജന്‍സികളുമായാണ് ബന്ധപ്പെടേണ്ടത്.