
മുപ്പത്തൊന്നാമത് ദോഹ അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന് ഉജ്വല തുടക്കം
അമാനുല്ല വടക്കാങ്ങര
ദോഹ:അക്ഷര സ്നേഹികള്‍ കാത്തിരിക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ദോഹ അന്താരാഷ്ട്ര പുസ്തകമേളക്ക് ദോഹ ഇന്റര്‍നാഷണല്‍ എക്സിബിഷന് ആന്റ് കണ്വെന്ഷന് സെന്ററില്‍ ഉജ്വല തുടക്കം. 37 രാജ്യങ്ങളില്‍ നിന്നായി 430-ലധികം പ്രസാധക സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പുസ്തകമേള ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയാണ് ഉദ്ഘാടനം ചെയ്തത്. വിജ്ഞാനം പ്രകാശമാണ് എന്ന സുപ്രധാനമായ പ്രമേയത്തോടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ പാട്രണേജിലാണ് പുസ്തകോല്‍സവം നടക്കുന്നത്.
പുസ്തകമേള ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ഥാനി എക്സിബിഷന്റെ പവലിയനുകള്‍ സന്ദര്‍ശിക്കുകയും നിരവധി പ്രസാധകരുമായും എഴുത്തുകാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു. ഖത്തറി, അറബ്, വിദേശ പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, അറബ്, അന്താരാഷ്ട്ര സാംസ്കാരിക സ്ഥാപനങ്ങള്‍, എംബസികള്‍ എന്നിവയുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങള്‍ പുസ്തകമേളയിലുണ്ട്.
2021 ഖത്തര്‍-അമേരിക്ക സാംസ്കാരിക വര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ് ഈ വര്‍ഷത്തെ പുസ്തകമേളയിലെ ഗസ്റ്റ് ഓഫ് ഹോണര്‍.
ചില്‍ഡ്രന്‍സ് ക്രിയേറ്റേഴ്സ് ഗാര്ഡന്, അക്കാസ് സെന്റര്‍, യൂത്ത് ഹോബിസ് സെന്റര്‍, വിഷ്വല്‍ ആര്‍ട്സ് സെന്റര്‍ തുടങ്ങിയ നിരവധി പവലിയനുകള്‍ പ്രധാന മന്ത്രി സന്ദര്‍ശിച്ചു. സെമിനാറുകളും പ്രഭാഷണങ്ങളും ഉള്‍പ്പെടെ എണ്ണൂറോളം സാംസ്കാരിക പരിപാടികളാണ് പത്തു ദിവസത്തെ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്നത്.
ഉദ്ഘാടനച്ചടങ്ങില്‍ നിരവധി ശൈഖുമാര്‍, മന്ത്രിമാര്‍, നയതന്ത്ര ദൗത്യങ്ങളുടെ മേധാവികള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എക്സിബിഷന്റെ അതിഥികള്‍ തുടങ്ങിവരും സംബന്ധിച്ചു.
നിത്യവും രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെയാണ് പുസ്തകമേള. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ രാത്രി 10 മണി വരെയായിരിക്കും.
കോവിഡ് പശ്ചാത്തലത്തില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പുസ്തകോത്സവത്തിനു സന്ദര്‍ശനാനുമതി ലഭിക്കുക. ദോഹ പുസ്തകോത്സവത്തിനു പങ്കെടുക്കാന്‍ താല്പര്യമുള്ളവര് https://31.dohabookfair.qa/en/visitors/visitors-registration/ എന്ന ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇമെയില്‍ വഴി രജിസ്ട്രേഷന് കോഡ് ലഭിക്കും. രജിസ്റ്റര്‍ ചെയ്ത ദിനത്തിലേക്ക് മാത്രമേ ഈ കോഡ് ആക്റ്റീവ് ആവുകയുള്ളൂ, മറ്റൊരു ദിവസമാണ് നിങ്ങള്‍ സന്ദര്‍ശനം നടത്തുന്നതെങ്കില്‍ വീണ്ടും രജിസ്ട്രേഷന് നടത്തണം. ഹാളില്‍ നിശ്ചിത എണ്ണം ആളുകള്‍ കയറിക്കഴിഞ്ഞാല്‍ പിന്നെ പുതിയ സന്ദര്‍ശകരെ അനുവദിക്കില്ല. ജനുവരി 22 നാണ് പുസ്തകമേള സമാപിക്കുക.