വാക്സിനെടുത്ത് 9 മാസം കഴിഞ്ഞവര്‍ ബൂസ്റ്റര്‍ ഡോസെടുത്തില്ലെങ്കില് 5 ദിവസം ക്വാറന്റൈന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്സിന്റെ പരമാവധി സാധുത 9 മാസമാണെന്നും വാക്സിനെടുത്ത് 9 മാസം കഴിഞ്ഞ താമസക്കാര്‍ ബൂസ്റ്റര്‍ ഡോസെടുക്കാതെ ഖത്തറിലേക്ക് വരുമ്പോള്‍
5 ദിവസം ക്വാറന്റൈന് വേണ്ടിവരുമെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി .
കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തി ഇന്ത്യ, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ് , ഈജിപ്ത്, ജോര്‍ജിയ , ജോര്ഡാന്, ഫിലിപ്പീന്‍സ് എന്നീ 9 രാജ്യങ്ങളെ റെഡ് ഹെല്‍ത്ത് മെഷേര്‍സ് വിഭാഗത്തിലാണ് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മേല്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിനെടുത്ത് 9 മാസം കഴിഞ്ഞ താമസക്കാര്‍ ബൂസ്റ്റര്‍ ഡോസെടുത്തിട്ടില്ലെങ്കില് 5 ദിവസം ഹോട്ടല്‍ ക്വാറന്റൈന് വിധേയമാകണം. യാത്രക്ക് പരമാവധി 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആര്.നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം.
മറ്റു രാജ്യങ്ങളില്‍ നിന്നും വരുന്ന താമസക്കാര്‍ക്ക് 5 ദിവസത്തെ ഹോം ക്വാറന്റൈന് മതിയാകും. പി.സി.ആര് ബാധകമല്ല.
വാക്സിനേഷന് പൂര്‍ത്തീകരിച്ച് 14 ദിവസം കഴിയുന്നതുമുതലാണ് രോഗ പ്രതിരോധമുള്ളതായി കണക്കാക്കുക.
ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം പൂര്‍ണമായും അംഗീകരിച്ച ഫൈസര്‍, മൊഡേണ, അസ്ട്രസെനിക ( കോവിഷീല്‍ഡ്) ജോണ്സണ് ആന്റ് ജോണ്സണ് എന്നീ വാക്സിനുകള്‍ക്കാണ് 9 മാസത്തെ സാധുതയുള്ളത്. ഭാഗികമായി അംഗീകരിച്ച സിനോഫാം, സിനോവാക്, സ്പുട്നിക്, കൊവാക്സിന് എന്നിവക്ക് 6 മാസത്തെ സാധുതയാണുളളതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.