വ്യോമയാന മേഖലയിലെ തിരിച്ചു വരവ്, മെന മേഖലയില്‍ ഖത്തര്‍ ഒന്നാമത്
അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡാനന്തര ലോകത്ത് വ്യോമയാന മേഖലയിലെ തിരിച്ചു വരവില്‍ ഖത്തര്‍ മുന്നിലെന്ന് റിപ്പോര്‍ട്ട്. കോവിഡ് മഹാമാരിയുടെ മുമ്പത്തേതിലും 7 ശതമാനം വളര്‍ച്ചയാണ് 2022 ല്‍ ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയിലും മിഡില്‍ ഈസ്റ്റിലും വ്യോമഗതാഗതം തിരിച്ചുവരുന്നതിന്റെ സൂചനകളാണ് കാണുന്നത്. ഇഷ്യൂ ചെയ്ത ടിക്കറ്റുകളില്‍ ഗണ്യമായ വര്‍ധനയുമായി ഖത്തര്‍ മേഖലയില്‍ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഫോര്‍വേഡ് കീസിലെ ട്രാവല്‍ ഡാറ്റാ വിദഗ്ധരുടെ റിപ്പോര്‍ട്ടനുസരിച്ച് മിഡില്‍ ഈസ്റ്റിലെ ഏറ്റവും കൂടുതല്‍ വീണ്ടെടുക്കപ്പെട്ട ലക്ഷ്യസ്ഥാനം ഖത്തറാണെന്നും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലകളെ അപേക്ഷിച്ച് +7% വര്‍ദ്ധനയോടെ ഒന്നാം സ്ഥാനം ഉറപ്പാക്കുന്നുവെന്നും പെനിന്‍സുല ഓണ്‍ ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തര്‍ കഴിഞ്ഞാല്‍ ഈജിപ്തും യുണൈറ്റഡ് അറബ് എമിറേറ്റുകളുമാണ്, യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
യു.കെ, യു.എസ്. എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സന്ദര്‍ശക വിഭാഗം. ലോകോത്തര നിലവാരത്തിലുള്ള ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയുടെ സ്വാധീനവും ഫിഫ 2022 ന്റെ ആതിഥേയ രാജ്യമെന്നതും ഖത്തറില്‍ വ്യോമയാന രംഗത്തെ നേട്ടത്തിന് പശ്ചാത്തലമൊരുക്കിയ ഘടകങ്ങളാകാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.