ലോക കപ്പിനുള്ള അവസാന ബാച്ച് ഇലക്ട്രിക് ബസുകളും ദോഹയിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. 2022ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള പൊതുഗതാഗത പദ്ധതികളുടെ ഭാഗമായി മൊവാസലാത്ത് സര്‍വീസ് നടത്തുന്ന അവസാന ബാച്ച് ഇലക്ട്രിക് ബസുകളും ദോഹയിലെത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു.
130 ഇലക്ട്രിക് ബസുകളുടെ അവസാന ബാച്ചാണ് ഇന്ന് ഹമദ് തുറമുഖത്ത് എത്തിയത്. ഇതോടെ ലോകകപ്പിനായി ഓര്‍ഡര്‍ ചെയ്ത എല്ലാ 741 യൂണിറ്റുകളും ഖത്തറിലെത്തി. ടൂര്‍ണമെന്റിന് ശേഷം ബസുകള്‍ ശുദ്ധ ഊര്‍ജം ഉപയോഗിച്ചുകൊണ്ടുള്ള ബഹുജന ഗതാഗതത്തിന്റെ സ്ഥിരമായ പാരമ്പര്യമായി മാറും. സംയോജിത ഇലക്ട്രിക് ബസ് സംവിധാനമുള്ള ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളില്‍ ഒന്നായി ബഹുജന ഗതാഗത മേഖലയില്‍ ശുദ്ധ ഊര്‍ജം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ മുന്‍ നിരയില്‍ ഖത്തറിന്റെ സ്ഥാനം ഈ നടപടി വര്‍ധിപ്പിക്കുമെന്നും ഗതാഗത മന്ത്രാലയം പറഞ്ഞു. .
നടപ്പുവര്‍ഷം, ദോഹ നഗരത്തിലും ലുസൈലിലും അല്‍ഖോറിലും പ്രധാനമായും ഉപയോഗിക്കുന്ന പൊതുഗതാഗത പാതകളില്‍ ഉപയോഗിക്കുന്നതിന് പുറമെ മെട്രോ ലിങ്ക് സേവനങ്ങള്‍ക്കും ഇലക്ട്രിക് ബസ് ഉപയോഗിക്കും. മൂവായിരത്തിലധികം ഡ്രൈവര്‍മാര്‍ക്കൊപ്പം 200-ലധികം സാങ്കേതിക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ ഈ ബസുകള്‍ പ്രവര്‍ത്തിപ്പിക്കും
മൊവാസലാത് സിറ്റി സര്‍വീസ്, മെട്രോ ലിങ്ക് സര്‍വീസ് എന്നിവക്ക് പുറമേ ലുസൈല്‍, അല്‍ ഖോര്‍ എന്നിവിടങ്ങളിലും ഈ ബസ്സുകള്‍ സര്‍വീസ് നടത്തും.
മൊത്തം 3,000 ഡ്രൈവര്‍മാരും 200 ലധികം ടെക്നിക്കല്‍ സ്റ്റാഫും മൊവാസലാത് ബസ്സുകളില്‍ ജോലി ചെയ്യും.