ഫിഫ 2022 ലോക കപ്പില്‍ ഓഫ് സൈഡിന് യന്ത്രങ്ങള്‍ വിസിലൂതും
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോക കപ്പില്‍ ഓഫ് സൈഡിന് യന്ത്രങ്ങള്‍ വിസിലൂതുമെന്ന് ഫിഫ അറിയിച്ചു. ഇതാദ്യമായാണ് സെമി ഓട്ടോമേറ്റഡ് ഓഫ്സൈഡ് സാങ്കേതികവിദ്യ ഫിഫ ലോകകപ്പില്‍ പ്രയോജനപ്പെടുത്തുന്നത്. കൂടുതല്‍ കൃത്യവും വേഗത്തിലുള്ളതുമായ തീരുമാനങ്ങള്‍ക്ക് ഈ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റും തന്ത്രപരമായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളും മാച്ച് ബോളിലെ ഒരു ചിപ്പും ഉപയോഗിച്ച്, മാര്‍ജനല്‍ ഓഫ്സൈഡ് കോളുകളുടെ തുടര്‍ച്ചയായ വീഡിയോ അസിസ്റ്റന്റ് റഫറി തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ആവശ്യമായ സമയം കുറയ്ക്കുന്നതിനും ഈ സാങ്കേതികവിദ്യ വളരെയധികം മുന്നോട്ട് പോകുമെന്ന് ഫിഫ പറഞ്ഞു.
കളിക്കാരുടെ കൈകാലുകളുടെ സ്ഥാനം മനസ്സിലാക്കിയാണ് യന്ത്രം പ്രവര്‍ത്തിുക്കുക. പന്തിലെ സെന്‍സറും കാമറുകളും ഉപയോഗിച്ച് സ്ഥാനം നിശ്ചയിക്കുകയും സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ ഇതിന്റെ ത്രീ ഡി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
2014 ബ്രസീല്‍ ലോക കപ്പില്‍ ഗോള്‍ ലൈന്‍ടെക്‌നോളജിയും 2018 ലെ റഷ്യ ലോക കപ്പില്‍ വീഡിയോ റിവ്യൂ സംവിധാനവും നിലവില്‍ വന്നു. ഓഫ് സൈഡ് തീരുമാനിക്കുന്നതിന് സഹായിക്കുന്ന സെമി ഓട്ടോമേറ്റഡ് സാങ്കേതിക വിദ്യ ഫിഫ 2022 ഖത്തര്‍ ലോക കപ്പിന്റെ സംഭാവനയാകും.