Archived ArticlesUncategorized

വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി സാമൂഹിക നന്മക്ക് ഉതകുംവിധം ഫലപ്രദമായി ഉപയോഗിക്കണം.അബ്ദുല്‍ റഊഫ് കൊണ്ടോട്ടി

അമാനുല്ല വടക്കാങ്ങര

ദോഹ: വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി സാമൂഹിക നന്മക്ക് ഉതകുംവിധം ഫലപ്രദമായി ഉപയോഗിക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയ്യെടുക്കണമെന്നും, ധാര്‍മ്മിക വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കുന്നിടത്തേ സാമൂഹിക നന്മകള്‍ വളരുകയുള്ളൂവെന്നും ലോക കേരള സഭ മെമ്പറും, പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി അഭിപ്രായപ്പെട്ടു. ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിനു (ക്യു.കെ.ഐ.സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ മദ്‌റസ 2022 -23 അധ്യായന വര്‍ഷത്തെ പ്രവേശനോത്സവം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധാര്‍മികമായ ചുറ്റുപാടില്‍ നമ്മുടെ കുട്ടികളെ വളര്‍ത്തുന്നതിലൂടെ ഉത്തമമായ ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന കടമയാണ് ഓരോ രക്ഷിതാക്കളും നിറവേറ്റുന്നത്. അത് കൊണ്ട് തന്നെ കുട്ടികള്‍ക്ക് മതപരമായ അറിവുകള്‍ പകര്‍ന്നു നല്‍കുന്ന മദ്റസകള്‍ ഉത്തമമായ ഒരു ദൗത്യമാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രവേശനോത്സവത്തില്‍ ”മക്കള്‍ : നാം നിരാശരാകണോ?” എന്ന വിഷയത്തില്‍ വിസ്ഡം യൂത്ത് ജന:സെക്രട്ടറി താജുദ്ധീന്‍ സ്വലാഹി, ‘സ്‌നേഹപൂര്‍വ്വം മക്കളോട്’ എന്ന വിഷയത്തില്‍ സലാഹുദ്ധീന്‍ സലാഹി എന്നിവര്‍ സംസാരിച്ചു .

ക്യു.കെ.ഐ.സി പ്രസിഡന്റ് മുജീബുറഹ്മാന്‍ മിശ്കാത്തിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ തര്‍ബിയ്യ വാര്‍ഷിക പരീക്ഷയിലെ ഉന്നതവിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം, അല്‍മനാര്‍ മദ്‌റസ വെക്കേഷന്‍ ക്ലാസ് ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം എന്നിവ ഖത്തര്‍ യൂനിവേഴ്‌സിറ്റി ലക്ചറര്‍ അസ് ലം കാളികാവ് നിര്‍വ്വഹിച്ചു.

പുതിയ അധ്യായന വര്‍ഷത്തെ 1 മുതല്‍ 8 വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും കൂടുതല്‍ വിവരങ്ങള്‍ക്ക് 55559756, 66292771 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മാനേജ്മന്റ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!