ഖത്തര്‍ കാന്‍സര്‍ പ്ലാന്‍ 2023 ജനുവരിയില്‍ ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ കാന്‍സര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഖത്തര്‍ കാന്‍സര്‍ പ്ലാന്‍ 2023 ജനുവരിയില്‍ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കാന്‍സര്‍ രോഗികളുടെ മാനസിക
ശാക്തീകരണം ലക്ഷ്യം വെക്കുന്ന സൈക്കോസോഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാമും അടുത്ത വര്‍ഷം ആരംഭിക്കുമെന്നും ഈ രൂപത്തിലുള്ള സംവിധാനം നടപ്പാക്കുന്ന മേഖലയിലെ ആദ്യത്തെ രാജ്യമാകും ഖത്തറെന്നും പൊതുജനാരോഗ്യ മന്ത്രാലയം് നാഷണല്‍ ക്യാന്‍സര്‍ രജിസ്ട്രിയുടെ ഡയറക്ടര്‍ അമിദ് അബു ഹുമൈദാന്‍ അഭിപ്രായപ്പെട്ടു. കാന്‍സര്‍ തെറ്റിദ്ധാരണകളെക്കുറിച്ചും മിഥ്യകളെക്കുറിച്ചും മാധ്യമങ്ങളെ ബോധവല്‍ക്കരിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തര്‍ കാന്‍സര്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ കാന്‍സര്‍ പ്ലാന്‍ 2023-2026, 2027-2030 എന്നിങ്ങനെ 4 വര്‍ഷം നീണ്ടുനില്‍ക്കുന്ന രണ്ട് ഘട്ടങ്ങളിലായാണ് പ്രവര്‍ത്തിക്കുക. രോഗിയുടെ മുഴുവന്‍ പാതയും ഉള്‍ക്കൊള്ളുന്ന ആറ് അധ്യായങ്ങളുള്ള ഈ പദ്ധതി രാജ്യത്തെ കാന്‍സര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തറില്‍ ദേശീയ കാന്‍സര്‍ പ്രോഗ്രാം 2011-ല്‍ തന്നെ ആരംഭിച്ചിരുന്നു. ക്യാന്‍സര്‍ പരിചരണത്തോടുള്ള ദേശീയ സമീപനം ഉറപ്പാക്കുന്നതിനുള്ള അടിത്തറയായിരുന്നു അത്. ദേശീയ കാന്‍സര്‍ തന്ത്രം 2011-2016 നടപ്പിലാക്കുകയും , 2017 ല്‍ ദേശീയ കാന്‍സര്‍ ചട്ടക്കൂട് 2017-2022 പുറത്തിറക്കുകയും ചെയ്തു. ഖത്തറിലെ കാന്‍സര്‍ സേവനങ്ങള്‍ ലോകത്തിലെ ഏറ്റവും മികച്ച സേവനങ്ങളില്‍ ഒന്നാണെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം രാജ്യത്തെ ക്യാന്‍സറിന്റെ ഭാരം കുറയ്ക്കുക എന്നതാണ് ഈ തന്ത്രവും ചട്ടക്കൂടും ലക്ഷ്യമിടുന്നത്.
ഖത്തറിലെ കാന്‍സര്‍ കേസുകളിലെ വര്‍ദ്ധന മുഖ്യമായും ജനസംഖ്യയിലെ വര്‍ദ്ധനവ്, ക്യാന്‍സര്‍ കേസുകള്‍ കണ്ടെത്തുന്ന രീതിയിലും വര്‍ദ്ധനവ് എന്നിവ കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സ്ട്രാറ്റജി നടപ്പിലാക്കിയതിനാലാണ് ഇപ്പോള്‍ കേസുകള്‍ കണ്ടെത്തുന്നതെന്നും അതിനാലാണ് എണ്ണം വര്‍ധിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു..
2018ല്‍ കത്തറില്‍ ആകെ 1,960 പുതിയ കാന്‍സര്‍ കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ 20 ശതമാനം ഖത്തറികളും 80 ശതമാനം താമസക്കാരുമായിരുന്നു. 46 ശതമാനം സ്ത്രീകളും 54 ശതമാനം പുരുഷന്മാരും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ പഠനം പരസ്യമാക്കിയത്.
ഖത്തറില്‍ ഏറ്റവും സാധാരണമായ അര്‍ബുദം സ്തനാര്‍ബുദമാണ്, മൊത്തം കാന്‍സര്‍ കേസുകളില്‍ 16.58 ശതമാനം. വന്‍കുടല്‍ അര്‍ബുദം 9.44 ശതമാനവും, തൈറോയ്ഡ് അര്‍ബുദം 6.33 ശതമാനവും ആണ്.