ഖത്തര്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ 1,000 അവസരങ്ങള്‍ പദ്ധതിക്ക് വമ്പിച്ച പ്രതികരണം
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രാദേശിക നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ ‘1,000 അവസരങ്ങള്‍’ പദ്ധതിക്ക് വമ്പിച്ച പ്രതികരണം . ഇതുവരെ 713 അപേക്ഷകര്‍ സേവനത്തില്‍ നിന്ന് പ്രയോജനം നേടുന്നതിന് അപേക്ഷ സമര്‍പ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
ഈ സേവനം പ്രാദേശിക നിക്ഷേപകര്‍ക്ക് ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന വിദേശ, പ്രാദേശിക കമ്പനികളില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കുന്നു. ഈ വര്‍ഷം ആദ്യം മന്ത്രാലയം ആരംഭിച്ച സംരംഭത്തിന് ആഗസ്റ്റില്‍ 346 അപേക്ഷകള്‍ ലഭിച്ചിരുന്നു. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ ഡാറ്റ പ്രകാരം കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ 367 അപേക്ഷകര്‍ കൂടി ഈ സേവനത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു.
1,000 അവസരങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് പുതിയ ചക്രവാളങ്ങള്‍ തുറക്കുകയും ഖത്തറിലെ പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാച്ച് ഹോസ്പി-ടാലിറ്റി, മക്ഡൊണാള്‍ഡ്സ്, സിസിസി കോണ്ട്രാക്റ്റിംഗ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, അമേരിക്കാന, അല്‍ഷായ ഗ്രൂപ്പ്, പവര്‍ ഇന്റര്‍നാഷണല്‍, ജനറല്‍ ഇലക്ട്രിക് എന്നിവ ഈ സംരംഭത്തിന്റെ ഭാഗമാണ്.