ഖത്തറില്‍ വാക്സിനേഷന്‍ പുരോഗമിക്കുന്നു, ഇതിനകം 510000 ഡോസ് വാക്സിനുകള്‍ നല്‍കി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ 2020 ഡിസംബര്‍ 23 ന് ആരംഭിച്ച ദേശീയ വാക്സിനേഷന്‍ പ്രോഗ്രാം വിജയകരമായി മുന്നേറുന്നു. ഇതിനകം 510000 ഡോസ് വാക്സിനുകള്‍ നല്‍കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മോഡേണ, ഫൈസര്‍, ബയോടെക് വാക്സിനുകളുടെ ലഭ്യത കൂടിയത് വാക്സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇപ്പോള്‍ ആഴ്ച തോറും ഒരു ലക്ഷത്തിലധികം ഡോസ് വാക്സിനുകള്‍ നല്‍കുന്നുണ്ട്. അതായത് ഓരോ ദിവസവും ശരാശരി 14,000 ആളുകള്‍ വാക്സിനെടുക്കുന്നു.
ഫെബ്രുവരി ആദ്യം മുതല്‍, ഓരോ ആഴ്ചയും നല്‍കുന്ന ഡോസുകളുടെ എണ്ണം 270 ശതമാനം വര്‍ദ്ധിച്ചു. ഖത്തറിലെ മുതിര്‍ന്ന ജനസംഖ്യയുടെ 15 ശതമാനം പേരും ഇതിനകം ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിട്ടുണ്ട്.
മാര്‍ച്ച് ആരംഭം മുതല്‍ പൊതുജനാരോഗ്യ മന്ത്രാലയം വാക്സിന്‍ യോഗ്യതയ്ക്കുള്ള പ്രായപരിധി 50 വയസ്സായി കുറച്ചിരുന്നു.
എല്ലാവരും വാക്സിനായി രജിസ്റ്റര്‍ ചെയ്ത് അവരുടെ ഊഴത്തിനായി കാത്തിരിക്കണം. വാക്സിനായി https://app-covid19.moph.gov.qa/en/instructions.html രജിസ്റ്റര്‍ ചെയ്യാം.
60 ന് മേല്‍ പ്രായമുള്ളവര്‍ ഇതുവരേയും വാക്സിനെടുത്തിട്ടില്ലെങ്കില്‍ 40277077 നമ്പറില്‍ ബന്ധപ്പെടണം.