സീസണല്‍ ഫ്ളൂ, ജാഗ്രതാ നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ: സീസണല്‍ ഫ്ളൂ, ജാഗ്രതാ നിര്‍ദേശവുമായി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന്, ആശുപത്രികളിലും ക്ലിനിക്കുകളിലും സീസണല്‍ ഇന്‍ഫ്ളുവന്‍സ കേസുകളുടെ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത് വന്നത്. ഇന്‍ഫളുവന്‍സയെ കുറച്ചുകാണരുതെന്നും ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥരും ആരോഗ്യ പരിരക്ഷാ ദാതാക്കളും പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു.
സെപ്തംബര്‍ മുതല്‍ തന്നെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് വാര്‍ഷിക സൗജന്യ സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിനേഷന് കാമ്പെയ്ന് ആരംഭിച്ചിട്ടുണ്ട്.
ഖത്തറില്‍ പൊതുവെ വേനല്‍ക്കാലത്ത് വളരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയും ശൈത്യകാലത്ത് വളരെ തണുപ്പുമാണ്. ഋതുക്കള്‍ മാറുമ്പോള്‍ ആളുകള്‍ക്കിടയില്‍ പല പകര്‍ച്ചവ്യാധികളും വളരെ സാധാരണമാണ്. ഇന്‍ഫ്ളുവന്‍സ അതിലൊന്നാണ്.
ഇന്‍ഫ്ളുവന്‍സ, ഇന്‍ഫ്ളുവന്‍സ വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ്. ഇന്‍ഫ്ളുവന്‍സ എ, ഇന്‍ഫ്ളുവന്‍സ ബി എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രണ്ട് തരം ഇന്‍ഫ്ളുവന്‍സ വൈറസുകള്‍. ഇന്‍ഫ്ളുവന്‍സ ബി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് സാധാരണയായി പടരുന്നു, അതേസമയം എ സാധാരണയായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് .
കടുത്ത പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന, തലവേദന, ചുമ, ക്ഷീണം എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. ഇന്‍ഫ്ലുവന്‍സയുടെ ഗുരുതരമായ സങ്കീര്‍ണതയാണ് വൈറല്‍ ന്യുമോണിയ
2 വയസ്സിന് താഴെയുള്ള കുട്ടികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, നഴ്സിംഗ് ഹോമുകളിലും മറ്റ് ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളിലും താമസിക്കുന്നവര്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍, ആസ്ത്മ, ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ള ആളുകള്‍ എന്നിവരാണ് ഇന്‍ഫ്ളുവന്‍സ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവര്‍