ഉരീദു മാരത്തോണ്‍ ജനുവരി 20 ന് ,എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നായി എണ്ണായിരത്തോളം പേര്‍ മാരത്തോണില്‍ പങ്കെടുക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഉരീദു മാരത്തോണ്‍ ജനുവരി 20 ന് നടക്കുമെന്നും , എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നായി എണ്ണായിരത്തോളം പേര്‍ മാരത്തോണില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.രാജ്യത്തെ കലണ്ടറിലെ ഏറ്റവും ജനപ്രിയമായ ഇവന്റുകളില്‍ ഒന്നായി മാറിയ ഉരീദു മാരത്തോണില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ വരുമാനവും പ്രാദേശിക ചാരിറ്റികള്‍ക്ക് വിതരണം ചെയ്യുമെന്ന് സംഘാടകര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള എലൈറ്റ് അത്ലറ്റുകള്‍ ഉള്‍പ്പെടെ 80 ല്‍ അധികം ദേശീയതകളെ പ്രതിനിധീകരിക്കുന്ന ആയിരക്കണക്കിന് ഓട്ടക്കാര്‍ ഈ വര്‍ഷത്തെ പതിപ്പില്‍ പങ്കെടുക്കും. പങ്കാളിത്തം സ്ഥിരീകരിച്ചവരില്‍ മൊറോക്കോയില്‍ നിന്നുള്ള മൊഹ്സിന്‍ ഔട്ടല്‍ഹ, എത്യോപ്യയില്‍ നിന്നുള്ള യോഹാന്‍സ് മെകാഷ, ഹിറിബോ ഷാനോ, അബിയോട്ടെ അബിനറ്റ്, ബഹ്റൈനില്‍ നിന്നുള്ള ദേശി ജിസ മൊകോനിന്‍, എത്യോപ്യയില്‍ നിന്നുള്ള എബ്സൈറ്റ് തിലാഹുന്‍ എന്നിവരും ഉള്‍പ്പെടുന്നു.
കോര്‍ണിഷിലെ അമീരീ ഗ്രാന്റ് സ്റ്റാന്റ് പരേഡ് പവലിയനില്‍ നിന്നാണ് ഓട്ടം ആരംഭിക്കുക. ഓട്ടക്കാര്‍ കത്താറ, ലുസൈല്‍ എന്നിവയിലൂടെ കറങ്ങി കോര്‍ണിഷിലേക്ക് മടങ്ങും.