ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല, പ്രവാസികള്‍ പലരും കേരളത്തിലേക്ക് നേരിട്ടുള്ള യാത്ര ഒഴിവാക്കുന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. സ്‌കൂള്‍ വെക്കേഷനും വേനലവധിയും പെരുന്നാളുമൊക്കെ ഒന്നിച്ച് വന്നപ്പോള്‍ ഖത്തറില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചപ്പോള്‍ പലരും നേരിട്ടുള്ള യാത്ര ഒഴിവാക്കുന്നു. ഗോവ, ഡല്‍ഹി, ഹൈദറാബാദ് തുടങ്ങിയ സ്ഥഥലങ്ങളിലൂടെയുള്ള കണക് ഷന്‍ ഫ്‌ളെയിറ്റുകളാണ് പലരും ആശ്രയിക്കുന്നത്.
ഈ സമ്മര്‍ അവധിക്ക് ഖത്തറില്‍ നിന്നും കേരളത്തിലെ എയര്‍പോര്‍ട്ടുകളിലേക്ക് നേരിട്ടുള്ള വിമാനസര്‍വീസുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് മൂവായിരം റിയാലിലും അധികമാണ്. ബജറ്റ് എയര്‍ലൈനുകളിലടക്കം ഇതാണ് സ്ഥിതി. ഈ സാഹചര്യത്തിലാണ് കണക് ഷന്‍ ഫ്‌ളൈയിറ്റുകള്‍ വഴി യാത്ര ചെയ്യുവാന്‍ നിരവധി പ്രവാസികള്‍ മുന്നോട്ടു വരുന്നത്.
ചിലരെങ്കിലും വെക്കേഷന്‍ ടൂറുമായി ബന്ധിപ്പിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുടെ ചരിത്ര സ്മാരകങ്ങളും പ്രകൃതി സൗന്ദര്യവും ആസ്വദിക്കാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നു.
നേരിട്ടുള്ള യാത്രകള്‍ ഒഴിവാക്കുന്നതിലൂടെ ടിക്കറ്റ് നിരക്കില്‍ വലിയ വ്യത്യാസമുണ്ടെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള മാറ്റം ദോഹയിലെ കച്ചവടങ്ങളൈ പ്രതികൂലമായി ബാധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടൂറും മറ്റുമായി കണക് ഷന്‍ ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ പരിമിതമായ ലഗേജുകളാണ് കൊണ്ടുപോകുന്നത്. ഇന്ത്യയില്‍ ആഭ്യന്തര വിമാന സര്‍വീസുകളില്‍ സാധാരണഗതിയില്‍ 15 കിലോ ബാഗേജാണ് അനുവദിക്കുന്നത്.