പത്തരമാറ്റിന്റെ തിളക്കത്തില്‍ ഭരണ സാരഥ്യത്തിന്റെ പത്താണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. പ്രാദേശികവും അന്തര്‍ ദേശീയവുമായ വിഷയങ്ങളില്‍ തന്റേടമുള്ള നിലപാടുലഖലിലൂടെ ശ്രദ്ധേയനായ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി അമീറായി ചുമതലയേറ്റ് പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. പത്തരമാറ്റിന്റെ തിളക്കത്തില്‍ ഭരണ സാരഥ്യത്തിന്റെ പത്താണ്ട് പൂര്‍ത്തിയാകുമ്പോള്‍ തലയെടുപ്പോടെ ഖത്തറെന്ന കൊച്ചു രാജ്യത്തെ ലോകത്തിന്റെ നെറുകെയിലെത്തിച്ചാണ് മുന്നേറ്റം തുടരുന്നത്.
ധീരവും നീതിയുക്തവുമായ നിലപാടുകളും സമീപനങ്ങളും പ്രതിഫലിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അന്താരാഷ്ട്ര വേദികളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പരസ്പര സ്നേഹ ബഹുമാനങ്ങളും സഹകരണവുമാണ് ആധുനിക ലോകത്തിനാവശ്യം. ഉന്നതമായ മൂല്യങ്ങള്‍ മുറുകെ പിടിച്ച് ലോകത്തിന്റെ സമഗ്ര പുരോഗതിക്കായി ഒറ്റക്കെട്ടായി മുന്നേറണമെന്ന ആഹ്വാനത്തിന് സമകാലിക ലോകത്ത് പ്രസക്തിയേറെയാണ് .
ശൈഖ് തമീം അധികാരമേറ്റതിന്റെ പത്ത് വര്‍ഷം തികയുന്നതിന്റെ ഭാഗമായി ഖത്തറിന് മേഖലയില്‍ നിന്നുള്ള വിവിധ നേതാക്കളാണ് അഭിനന്ദന സന്ദേശങ്ങള്‍ അയച്ചത്.
സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അല്‍ സൗദും ശൈഖ് തമീമിനെ അഭിനന്ദിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ദശകത്തില്‍ ശൈഖ് തമീമിന്റെ കീഴില്‍ ഖത്തറിലുടനീളം വ്യാപിച്ച വികസനത്തെ അഭിനന്ദിച്ചുകൊണ്ട് കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഖത്തര്‍ നേതാവിനെ അഭിനന്ദിച്ചു.
2017ലെ ജിസിസി രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ എല്ലാ പ്രശ്നങ്ങളും അവസാനിപ്പിച്ച് ബന്ധം ഊഷ്മളമായ സാഹചര്യത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും ഖത്തര്‍ അമീറിന് അഭിനന്ദന സന്ദേശം അയച്ചു.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരും ഷെയ്ഖ് തമീമിനെ അഭിനന്ദിച്ചു.
2022 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ അറബ്, മുസ് ലിം രാഷ്ട്രമായി മാറിയത് ഷെയ്ഖ് തമീമിന്റെ നേട്ടമാണ്. കഴിഞ്ഞ ദശകത്തില്‍ ഖത്തറിന്റെ ശ്രദ്ധേയമായ വളര്‍ച്ച അതിന്റെ ഭൂമിശാസ്ത്രപരമായി ചെറിയ വലിപ്പവും ആഗോള തടസ്സങ്ങളും മറികടന്നുള്ളതായിരുന്നു. ഫിഫയുടെ ചരിത്രത്തിലെ ഐതിഹാസിക വിജയമായി മാറിയ ലോകകപ്പ് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്കും രാജ്യത്തിനും ഒരി തിലകക്കുറിയാണ്.
സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ തൊഴില്‍ രംഗങ്ങളിലും വാണിജ്യ വ്യവസായിക മേഖലകളിലും മാതൃകാപരമായ മുന്നേറ്റം നടത്തുന്ന ഖത്തര്‍ അമീറിന്റെ ഭരണ സാരഥ്യത്തിന്റെ പത്താണ്ട് എന്തുകൊണ്ടും ശ്രദ്ധേയമാണഅ.
2013 ജൂണ്‍ 25 നാണ് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ഔദ്യോഗികമായി രാജ്യത്തിന്റെ നേതൃത്വം മകന് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിക്ക് കൈമാറിയത്.