കണ്ണൂര്‍ – ദോഹ എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം പന്ത്രണ്ട് മണിക്കൂറോളം വൈകി ; യാത്രക്കാര്‍ക്ക് ദുരിത പര്‍വം
അമാനുല്ല വടക്കാങ്ങര
ദോഹ. ജൂലൈ 22 ന് വൈകുന്നേരം 7:40 കണ്ണൂരില്‍ നിന്നും ദോഹയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ്സ് വിമാനം പന്ത്രണ്ട് മണിക്കൂറോളം വൈകിയതായി റിപ്പോര്‍ട്ട്. യാത്രക്കാര്‍ക്ക് ദുരിതപര്വമെന്ന് സോഷ്യല്‍ മീഡിയ.
ഇന്നലെ 4 മണിയോടെ വിമാനത്താവളത്തിലെത്തി ചെക്കിംഗ് കഴിഞ്ഞ് ബോഡിംഗ് പാസ്സും കിട്ടിയ യാത്രക്കാരാണ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. വിമാനം എപ്പോള്‍ പുറപ്പെടും എന്നു പോലും ഉറപ്പിച്ചു പറയാന്‍ കഴിയാതെ അനിശ്ചിതത്വങ്ങളുടെ അങ്കലാപ്പിലായിരുന്നു യാത്രക്കാര്‍. പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം പങ്കുവെച്ചു.
എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ക്രൈസിസ് മാനേജ്മെന്റ് രംഗത്തെ വീഴ്ചയാണ് യാത്രക്കാരെ പലപ്പോഴും പ്രകോപിപ്പിക്കുന്നത്. വിമാനം വൈകുകയോ സര്‍വീസ് മുടങ്ങുകയോ ചെയ്യുമ്പോള്‍ യാത്രക്കാരെ പരിഗണിക്കുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രതിഷേധങ്ങളൊഴിവാക്കാനായേക്കും.
എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ സൈറ്റിലെ വിവരമനുസരിച്ച് കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ട വിമാനം കണ്ണൂരിലെത്താന്‍ വൈകിയതാണ് വിമാനം വൈകാന്‍ കാരണം. ഇന്നു രാവിലെ 6.30 ന് പുറപ്പെട്ട വിമാനം ഖത്തര്‍ സമയം 8.15 ഓടെ ദോഹയിലെത്തുമെന്നും സൈറ്റ് വ്യക്തമാക്കുന്നു.