ശൈഖ് അബുല്‍ ഹസന് അലി നദ് വി ലോക ചരിത്രത്തില്‍ തന്നെ അത്ഭുതം: ഡോ. ഹുസൈന് മടവൂര്‍
തേഞ്ഞിപ്പലം. ചിന്തകൊണ്ടും പ്രതിഭാവിലാസം കൊണ്ടും ലോകത്തെ വിസ്മയിപ്പിച്ച പണ്ഡിതനായ ശൈഖ് അബുല്‍ ഹസന് അലി നദ് വി ഇന്ത്യ ചരിത്രത്തില്‍ മാത്രമല്ല ലോക ചരിത്രത്തില്‍ തന്നെ അത്ഭുതമാണെന്ന് ഡോ. ഹുസൈന് മടവൂര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന് അലി നദ് വിയുടെ സംഭാവനകള്‍ സംബന്ധിച്ച് കോഴിക്കോട് സര്‍വകലാശാല അറബി വകുപ്പും റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്ററും സംയുക്തമായി അറബി വകുപ്പ് സെമിനാര്‍ ഹാളില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബി ഭാഷക്ക് ഇന്ത്യ നല്കിയ മികച്ച സംഭാവനയാണ് ശൈഖ് അബുല്‍ ഹസന് അലി നദ് വി. വശ്യ സുന്ദരമായ അറബി ഭാഷയില്‍ അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ അറബ് ലോകത്തിന്റെ അംഗീകാരം നേടിയവയാണ്. മാനവികതയും സാഹിത്യവും സംസ്കാരവും ചരിത്രവും ധൈഷണിക തലത്തില്‍ സമന്വയിപ്പിച്ച ശൈഖ് അബുല്‍ ഹസന് അലി നദ് വിയുടെ ചിന്തകള്‍ ഇന്നും സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നുവെന്നത് ആ ചിന്തകളുടെ കാലിക പ്രസക്തിയാണ് അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അബുല്‍ അലി നദ് വിയുടെ ചിന്തകളും രചനകളും സമകാലിക ലോകത്തും ഏറെ പ്രസക്തമാണെന്ന് റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്റര്‍ പ്രസിഡണ്ട് എം.എം. നദ് വി പറഞ്ഞു.
യൂണിവേര്സിറ്റി അറബി വിഭാഗം വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് ടി.എ, പ്രൊഫസര്‍ അബ്ദുല്‍ മജീദ് ഇ , റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്റര്‍ സെക്രട്ടറി യൂസുഫ് നദ് വി, ഇഖ് റാമുല്‍ ഹഖ് നദ് വി ,ഡോ.ഇസ്സുദ്ധീന്‍ സംസാരിച്ചു.
വിവിധ സെഷനുകളിലായി മുപ്പതിലധികം പ്രബന്ധങ്ങളാണ് ഇന്നലെ അവതരിപ്പിച്ചത്.
സെമിനാറില്‍ ഇന്ന് ഉച്ചക്ക് 2 മണിക്ക് ഡോ. എം.പി.അബ്ദുസ്സമദ് സമദാനി എം.പി ,റാബിത്വ ദക്ഷിണേന്ത്യന്‍ കോഡിനേറ്റര്‍ മൗലാന മുഹമ്മദ് ഇല്യാസ് നദ് വി തുടങ്ങിയവര്‍ സംസാരിക്കും.
ഡോ യൂസുഫ് മുഹമ്മദ് നദ്വി രചിച്ച”സയ്യിദ് അബുല്‍ ഹസന് അലി നദ് വി ജീവിതവും ദര്‍ശനവും”എന്ന ഗ്രന്ഥം സമദാനി പ്രകാശനം ചെയ്യും. യൂണിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോ ടി എ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും
സയ്യിദ് ശു ഐബ് ഹുസൈന് നദ് വി ലഖ്നോ, ഡോ. എ.ബി മൊയ്തീന് കുട്ടി , ഹാഫിസ് അബ്ദുശ്ശുകൂര്‍ അല്‍ ഖാസിമി, ഡോ. ബഹാവുദ്ധീന്‍ മുഹമ്മദ് നദ് വി, ഡോ.ജമാലുദ്ധീന് ഫാറൂഖി, അബ്ദുല്‍ ഹകീം നദ് വി, എം.എം. നദ് വി, അബ്ദുറഹിമാന് മാങ്ങാട് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
അറബി ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്ന എല്ലാവരേയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി റാബ്വിത്വ അല്‍ അദബ് അല്‍ ഇസ് ലാമി കേരള ചാപ്റ്റര്‍ സെക്രട്ടറി യൂസുഫ് നദ് വി പറഞ്ഞു.