മാനവികതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം
ദോഹ. തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി എല്ലാ വര്‍ഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വര്‍ഷവും വേദിയൊരുക്കി. പ്രശസ്ത പ്രഭാഷകന്‍ വി.കെ. സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയില്‍, ജനങ്ങള്‍ക്കിടയില്‍ മനവികത വളര്‍ത്തേണ്ടതിന്റെ ആവശ്യകത സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.
അശോകാ ഹാളില്‍ വേദി പ്രസിഡന്റ് അബ്ദുള്‍ ഗഫൂറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിന് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അബ്ദുള്‍ റസാഖ് സ്വാഗതം പറഞ്ഞു.
അശോകാ ഹാളിലെ നിറഞ്ഞ സദസ്സ് രണ്ടര മണിക്കൂര്‍ നേരത്തോളം അക്ഷരാര്‍ത്ഥത്തില്‍ സുരേഷ്ബാബുവിന്റെ മാനവികതയിലും സൗഹൃദത്തിലുമൂന്നിയ പ്രഭാഷണത്തില്‍ ലയിച്ചിരുന്നു.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യരും മൃഗങ്ങളും തമ്മില്‍ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും കാലക്രമേണ സംസ്‌ക്കാരം കൈവരിച്ച് ആധുനിക മനുഷ്യരിലേക്ക് നമ്മള്‍ മാറിയതാണെന്ന കാര്യം എല്ലാവരും ഓര്‍ക്കേണ്ടതാണെന്നും ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരുടെയും അടിസ്ഥാനം ഒന്നാണെന്ന സത്യം നമുക്ക് തിരിച്ചറിവുണ്ടാകണം എന്നും സമ്പാദ്യത്തിന്റെ കണക്കിനനുസരിച്ചല്ല മറിച്ച് മനസ്സിന്റെ വികസത്തിനനുസരിച്ചാണ് മനുഷ്യന്‍ വലുതാവുന്നത് എന്നും തുടങ്ങി വലിയ സന്ദേശം തന്നെ അദ്ദേഹത്തിന് തന്റെ പ്രഭാഷണത്തിലൂടെ സമൂഹത്തിന് നല്‍കാന്‍ സാധിച്ചു.
പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ ആദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും ആദ്ധ്യാപകര്‍ പാഠപുസ്തങ്ങള്‍ക്കപ്പുറം മാനവികത കൂടി കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നും കുട്ടികളെ ചോദ്യങ്ങള്‍ ചോദിച്ചു സംശയങ്ങള്‍ ദൂരീകരിച്ചു പഠിക്കാന്‍ പ്രാപ്തരാക്കേണ്ടതാണ് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സഹജീവികളോടുള്ള മനുഷ്യന്റെ പെരുമാറ്റം മയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യാഖ്യാനങ്ങളോടെ വളരെ വിശദമായി അദ്ദേഹം വിവരിച്ചു.
ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍, സൗഹൃദവേദി മുന്‍ ജനറല്‍ സെക്രട്ടറി ഹാഷിം തങ്ങള്‍ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. വേദി സെക്രട്ടറി അല്‍ ഖോര്‍ റാഫി യോഗം നിയന്ത്രിച്ചപ്പോള്‍ മറ്റൊരു സെക്രട്ടറിയായ കുഞ്ഞുമൊയ്തു യോഗത്തിന് നന്ദി പറഞ്ഞു. വേദി ട്രഷറര്‍ റാഫി കണ്ണോത്ത്, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി. കെ. സലീം, കുടുംബസുരക്ഷാ പദ്ധതി ചെയര്‍മാന്‍ പ്രമോദ്, കാരുണ്യം പദ്ധതി ചെയര്‍മാന്‍ ശ്രീനിവാസന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സുരേഷ്ബാബുവിനെ വേദി പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ മൊമന്റോ നല്‍കി ആദരിച്ചു.
കൂടിച്ചേര്‍ന്ന മുഴുവന്‍ ആളുകളും ചേര്‍ന്ന് സൗഹൃദ ഭക്ഷണം കൂടി കഴിച്ചത്തോടെയാണ് മാനവ സൗഹൃദ സംഗമത്തിന് തിരശ്ശീല വീണത്.