ഇസ്രായേലിനെതിരെ അറബ് രാജ്യങ്ങളുടെ യോജിച്ച നടപടിക്ക് ആഹ്വാനം ചെയ്ത് ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഫലസ്തീനിലെ ഇസ്രായേല്‍ അതിക്രമങ്ങള്‍ക്കെതിരെ അറബ് രാജ്യങ്ങളുടെ യോജിച്ച നടപടിക്ക് ഖത്തര്‍ ആഹ്വാനം ചെയ്തു. ഫലസ്തീനില്‍ ഇസ്രായേലീ നരനായാട്ട് തുടരുന്ന സാഹചര്യത്തില്‍ ഇന്നലെ ഓണ്‍ലൈനില്‍ ചേര്‍ന്ന അറബ് ലീഗിന്റെ അസാധാരണ യോഗത്തിലാണ് ഖത്തര്‍ ഇക്കാര്യം ഉന്നയിച്ചത്.
ഫലസ്തീനിലെ സഹോദരന്മാര് നിരന്തരമായി പീഡിപ്പിക്കപ്പെടുകയും വ്യക്തമായ നീതി നിഷേധങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. പരിഷ്കൃത സമൂഹത്തിന് അംഗീകരിക്കാനാവാത്ത കൊടുംക്രൂരതകളാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തില്‍ ഇസ്രായേലീ അതിക്രമങ്ങള്‍ അവസാനിപ്പിക്കുവാനും ഫലസ്തീന് ജനതയെ പിന്തുണക്കുവാനും അന്താരാഷ്ട്ര തലത്തില്‍ അറബ് ലീഗ് അംഗങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച ഖത്തര്‍ ഉപപ്രധാന മന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹിമാന് അല്‍ ഥാനിയാണ് ഇക്കാര്യം ഉന്നയിച്ചത്. ഫലസ്തീന് ജനതക്കെതിരെ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും വിഷയം വിവിധ അന്താരാഷ്ട്ര വേദികളില്‍ ഉന്നയിച്ച് ഫലസ്തീന് ജനതക്ക് നീതി ലഭ്യമാക്കണെന്നും അദ്ദേഹം പറഞ്ഞു.