Uncategorized

ഖത്തറില്‍ ലഹരി മരുന്ന് കേസിലെ ചരിത്രവിധി, കോച്ചേരിയുടെ തൊപ്പിയില്‍ പൊന്‍തൂവല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലഹരി മരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ ദമ്പതികളെ വെറുതെവിട്ടുകൊണ്ട് ഖത്തര്‍ കോടതി ഇന്ന് പുറപ്പെടുവിച്ച ഖത്തറിലെ ലഹരി മരുന്ന് കേസിലെ ചരിത്രവിധി അഡ്വ. നിസാര്‍ കോച്ചേരി എന്ന മലയാളി നിയമവിദഗ്ധന്റെ തൊപ്പിയില്‍ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ക്കുന്നതാണ്. വിവാഹം കഴിഞ്ഞ് മധുവിധുവിന്റെ സന്തോഷമുഹൂര്‍ത്തങ്ങളില്‍ അമ്മായി സമ്മാനിച്ച ടൂര്‍ പാക്കേജില്‍ രണ്ടാം ഹണിമൂണിനായി ദോഹയിലെത്തിയ ദമ്പതികളാണ് മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടത്. സ്വാഭാവികമായും ശിക്ഷിക്കപ്പെടുകയും ജയിലടക്കപ്പെടുകയും ചെയ്തു. പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും വിധിച്ച് ഒരു വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞ മുംബൈ സ്വദേശികളായ ഒനിബ ഖുറൈശി, മുഹമ്മദ് ഷാരിഖ് ഖുറേഷി എന്നിവരെയാണ് നിരപരാധിത്വം അംഗീകരിച്ച് ഖത്തര്‍ കോടതി വെറുതെ വിട്ടത്.

അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ഈ കേസില്‍ അനുകൂലമായ വിധി സമ്പാദിക്കുന്നതില്‍ ഖത്തറിലെ പ്രമുഖ നിയമവിദഗ്ധനും മലയാളി സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരിയുടെ സമയോചിതമായ ഇടപെടലുകളായിരുന്നുവെന്നത് മലയാളികള്‍ക്ക് ഏറെ അഭിമാനകരമായ വാര്‍ത്തയാണ്. കോച്ചേരി നിര്‍ദേശ പ്രകാരമാണ് ഇന്ത്യന്‍ കോടതി, നാര്‍കോടിക് കണ്‍ട്രോള്‍ ബോര്‍ഡ്, വിവിധ മന്ത്രാലയങ്ങള്‍ എന്നിവയെ വിഷയത്തില്‍ ഇടപെടുത്തിയതും പ്രതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിന് സഹായകമായ എല്ലാ രേഖകളും കോടതില്‍ സമര്‍പ്പിക്കാനായതും.

ഖത്തറിലെ നീതിന്യായ ചരിത്രത്തില്‍ പുതിയ അധ്യായം രചിക്കുന്ന ഈ വിധി നിരപരാധികളായ ദമ്പതികള്‍ക്കും അവരുടെ കുടുംബത്തിനും മാത്രമല്ല മുഴുവന്‍ സമൂഹത്തിനും ആശ്വാസം നല്‍കുന്നതാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ദമ്പതികള്‍ ഉടന്‍ ജയില്‍ മോചിതരാകുമെന്നും അവര്‍ക്ക് സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചുപോകാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രതികള്‍ക്ക് വേണ്ടി പ്രമുഖ ഖത്തരീ അഭിഭാഷകനായ അബ്ദുല്ല ഈസ അല്‍ അന്‍സാരിയാണ് ഹാജറായത്.

പ്രവാസ ലോകത്ത് വേറിട്ട സാമൂഹ്യ ജനസേവന പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യ ഹൃദയങ്ങള്‍ കീഴടക്കിയ നിയമജ്ഞനാണ് അഡ്വ. നിസാര്‍ കോച്ചേരി. ഖത്തറാണ് തന്റെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ തട്ടകമായി തെരഞ്ഞെടുത്തതെങ്കിലും വിവിധ ഗള്‍ഫ് രാജ്യങ്ങളിലും നാട്ടിലും അദ്ദേഹത്തിന്റെ നിയമോപദേശവും ഇടപെടലുകളും കാരണം രക്ഷപ്പെട്ടവര്‍ നിരവധിയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ അവകാശങ്ങള്‍ നേടികൊടുക്കുന്നതിനുള്ള നിരന്തര പരിശ്രമങ്ങളാല്‍ തൊഴില്‍ രംഗത്ത് ആരോഗ്യകരമായ മാറ്റങ്ങളാണ് സംഭവിച്ചത്.

കണ്ണും കാതും തുറന്നു പിടിച്ച് നടന്നാലും ജീവിതം കാരാഗൃഹത്തിലാവാന്‍ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ മതി. നിയമങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും ഭാഷാ പരിജ്ഞാനകുറവുമെല്ലാം ഗള്‍ഫിലെ ജയിലഴിക്കുള്ളില്‍ ജീവിതം ഹോമിക്കപ്പെടുവാന്‍ കാരണങ്ങളാവാറുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റത്തിനു പോലും ജയിലിലകപ്പെടുന്നവര്‍ക്കുള്ള പ്രതീക്ഷയും സാന്ത്വനവുമായ അഡ്വക്കേറ്റ് നിസാര്‍ കോച്ചേരി സാമൂഹ്യ സേവനത്തിന്റെ കോച്ചേരി സ്പര്‍ശമാണ് അടയാളപ്പെടുത്തുന്നത്. ഗള്‍ഫുനാടുകളിലെ കോടതികളിലും ഖത്തറി വക്കീലന്മാരുടെ ഓഫീസുകളിലും കയറിയിറങ്ങി ഈ നിയമജ്ഞന്‍ ജീവിതത്തിലേക്ക് തിരികെയെത്തിച്ച പ്രവാസി ഇന്ത്യക്കാരുടെ പട്ടിക ചെറുതല്ല. പാവപ്പെട്ടവരോടും നിരപരാധികളോടുമുള്ള കടപ്പാടും തന്റെ അര്‍പ്പിതബോധവും മാത്രമാണു ഈ വക്കീലിന്റെ പ്രവര്‍ത്തനത്തിലെ ചാലക ശക്തിയെന്നതും പ്രത്യേകപരാമര്‍ശമര്‍ഹിക്കുന്നു.

ജീവിതത്തില്‍ നീതി നിഷേധിക്കപ്പെട്ടതിന്റെ എല്ലാ പ്രയാസങ്ങളും നേടിട്ടനുഭവിച്ചതും ദുരന്തങ്ങളില്‍ നിന്നും വിസ്മയകരമായി രക്ഷപ്പെട്ടതുമൊക്കെയാകാം കോച്ചേരി ജനസേവകനേയും സാമൂഹ്യ പ്രവര്‍ത്തകനേയും സവിശേഷമാക്കുന്നത്. ജീവിതത്തില്‍ നേരിട്ട നീതി നിഷേധത്തെ പറ്റി ചോദിക്കുമ്പോള്‍ ആര്‍ക്കും നീതി നിഷേധിക്കാന്‍ കഴിയില്ലെന്നും തടസ്സപ്പെടുത്താനോ, താമസിപ്പിക്കുവാനോ കഴിഞ്ഞേക്കാമെന്നുമാണ് അദ്ദേഹം പറയുക.

2001ല്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ ക്ഷണപ്രകാരം സക്കാത്ത് വിതരണത്തിനായി ഖത്തര്‍ ജയിലിലെത്തിയ കോച്ചേരിക്ക് അവിടെ കുടുങ്ങിപോയ നിരപരാധികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാനുള്ള അവസരമുണ്ടായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെടുകയും ജയിലിലുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു സെല്ലിനു രൂപം കൊടുക്കുവാന്‍ ഇതര സംഘടനകളുമായി സഹകരിച്ചു യോഗം സംഘടിപ്പിക്കുകയും ചെയ്തു. ജയിലിലുള്ളവരെ സഹായിക്കുന്നതിനുള്ള ശ്രമത്തിന്റെ പ്രാരംഭനടപടിയായിരുന്നു ഇത്. ഇതിനെ തുടര്‍ന്നാണു ഇന്ത്യന്‍ എംബസി ജയിലുകള്‍ സന്ദര്‍ശിക്കുന്നത് പതിവാക്കിയത്.

Related Articles

Back to top button
error: Content is protected !!