ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യയും ഖത്തറും തമമ്മിലുളള ഊഷ്മളമായ വ്യാപാര ബന്ധങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി ഇന്ത്യയില്‍ ഓഫീസ് തുറക്കുമെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. പ്രമുഖ ഇംഗ്ളീഷ് ദിനപത്രമായ ദ പെനിന്‍സുലക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലേക്ക് വളരുന്ന ഇന്താ ഖത്തര്‍ സഹകരണത്തെക്കുറിച്ചും വാണിജ്യ വ്യവസായിക പങ്കാളിത്തത്തെക്കുറിച്ചുമൊക്കെ അംബാസിഡര്‍ സംസാരിച്ചത്.
ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ വ്യാപാര ബന്ധങ്ങളെ സമ്പൂര്‍ണ്ണ സമഗ്ര പങ്കാളിത്തമാക്കി മാറ്റുന്നതിനായി ഖത്തര്‍-ഇന്ത്യ ടാസ്‌ക് ഫോഴ്‌സ് മുന്നേറുകയാണ്. അവരുടെ പങ്കാളിത്തവും നിക്ഷേപവും ഒരു മുഴുവന്‍ മൂല്യ ശൃംഖലയില്‍ വര്‍ദ്ധിപ്പിക്കുമെന്ന് അംബാസിഡര്‍ പറഞ്ഞു.
കോവിഡ് മഹാമാരിക്കിടയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. ഈ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യന്‍ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഇത് 11 ബില്യണ്‍ ഡോളറിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സര്‍വകലാശാലയുടെ ആദ്യ കാമ്പസും മൂന്ന് പുതിയ ഇന്ത്യന്‍ സ്‌കൂളുകളും ഈ വര്‍ഷം ഖത്തറില്‍ തുറക്കുമെന്ന് അംബാസഡര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ആറായിരത്തോളം ഇന്ത്യന്‍ കമ്പനികള്‍ ഖത്തറില്‍ സ്വതന്ത്രമായോ സംയുക്ത സംരംഭമായോ പ്രവര്‍ത്തിക്കുന്നുണ്ട്. നൂറോളം ഇന്ത്യന്‍ കമ്പനികള്‍ ഖത്തര്‍ ഫൈനാന്‍ഷ്യല്‍ സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 ഇന്ത്യന്‍ കമ്പനികള്‍ ഖത്തര്‍ ഫ്രീ സോണില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പതിനെട്ടോളം ഇന്ത്യന്‍ സ്‌ക്കൂളുകളിലായി അമ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഖത്തറിലുണ്ട്.
ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഖത്തര്‍ അമീര്‍ സ്വീകരിച്ചതായും കോവിഡ് സ്ഥിതിഗതികള്‍ ശാന്തമാകുന്നതോടെ ഖത്തര്‍ അമീര്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അംബാസിഡര്‍ പറഞ്ഞു.
കോവിഡ് കാരണം അന്താരാഷ്ട വിമാനസര്‍വീസുകള്‍ മുടങ്ങിയപ്പോള്‍ അടിയന്തിര യാത്രകള്‍ക്കായി ഇരു രാജ്യങ്ങളും തമ്മില്‍ എയര്‍ ബബിള്‍ കരാറിലെത്തി. ഈ കരാര്‍ ഫെബ്രുവരി അവസാനം വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
വന്ദേഭാരത് മിഷനിലൂടെ ഒരു ലക്ഷത്തോളമാളുകളെ നാട്ടിലെത്തിച്ചു.
ഖത്തറിന്റെ പങ്കാളിത്തം ഒരു സുപ്രധാനവും വിശ്വസനീയവുമായ എനര്‍ജി വിതരണക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല, എല്‍എന്‍ജി ഗ്യാസ് ടെര്‍മിനലുകള്‍, നഗരാടിസ്ഥാനത്തിലുള്ള ഊര്‍ജ്ജ വിതരണത്തിന്റെ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പടെയുള്ള 60 ബില്യണ്‍ ഡോളറിലധികം നിക്ഷേപം ഉള്‍ക്കൊള്ളുന്ന അതിമോഹമായ പദ്ധതിയില്‍ പങ്കാളിയാകാനും ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2022 ലെ ഫിഫ ലോകകപ്പ് , 2030 ലെ ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്ക് ഖത്തര്‍ ആതിഥേയത്വം വഹിക്കാന്‍ പോകുന്നത് കായിക മേഖലയിലും അനുബന്ധ നിര്‍മാണ രംഗത്തുമെന്ന പോലെ ഹോസ്പിറ്റാലിറ്റി രംഗത്തും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് അവസരമൊരുക്കെുമെന്ന് അദ്ദേഹം പറഞ്ഞു.
(കടപ്പാട് : പെനിന്‍സുല )