വിമാനയാത്രാ നിരക്ക് കൊള്ള അവസാനിപ്പിക്കണം: ഖത്തര്‍ സംസ്‌കൃതി
ദോഹ. അവധിക്കാലത്തെ വിമാനയാത്രാക്കൂലിയിലെ വന്‍ വര്‍ദ്ധന പ്രവാസികള്‍ക്ക് താങ്ങാനാവാത്ത ബാധ്യതയായി മാറുന്നതായി ഖത്തര്‍ സംസ്‌കൃതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഒരു നിയന്ത്രണവും ഇല്ലാതെ ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായ ഗള്‍ഫ് പ്രവാസികളെയാണ്.
ഇന്ത്യയില്‍ നിന്നും വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് അവധിക്കാലത്ത് ഈടാക്കുന്ന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ നിരവധി ഇരട്ടിയായാണ് ഈ വര്‍ഷം കൂടിയത്. ഇതില്‍ തന്നെ ഏറ്റവും വലിയ വര്‍ദ്ധനവ് ഖത്തറിലേക്കാണ്.
രണ്ടും മൂന്നും വര്‍ഷത്തിലൊരിക്കല്‍, വിശേഷ ദിവസങ്ങള്‍ കുടുംബത്തിനൊപ്പം പങ്കിടാന്‍ നാട്ടില്‍ പോകുന്ന കുറഞ്ഞ വരുമാനക്കാരായ പ്രവാസികളുടേയും, കുട്ടികള്‍ ഉള്‍പ്പടെ കുടുംബമായി താമസിക്കുന്നവരുടെയും അവധിക്കാല യാത്രാബജറ്റിനെ തകിടം മറിക്കുന്നതാണ് ഈ നിരക്ക് വര്‍ദ്ധന. പെരുന്നാള്‍ വിഷു ഈസ്റ്റര്‍ തുടങ്ങി നിരവധി വിശേഷാവസരങ്ങളില്‍ കുടുംബത്തോടൊപ്പം ചേരാന്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത പലരുടേയും അവധി തന്നെ മാറ്റിവെക്കേണ്ട അവസ്ഥയാണ് സംജാതമായിട്ടുള്ളത്. കൂടാതെ നാട്ടിലെ സ്‌കൂള്‍ അവധിക്കാലത്ത് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രവാസികളുടെ കുടുംബങ്ങള്‍ക്കും, നാട്ടില്‍ നിന്നും വന്ന് അവധി കഴിഞ്ഞ് തിരികെ പോകുന്നവര്‍ക്കും ഈ നിരക്ക് വര്‍ദ്ധനവ് ഉണ്ടാക്കുന്നത് വലിയ ബാധ്യതയാണ്.
ഈ സാഹചര്യത്തില്‍, വിമാന കമ്പനികളുടെ ഈ പകല്‍കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിനെ നേരിടാന്‍ കഴിയുന്ന വിധം ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ആരംഭിക്കാന്‍ അനുമതി നല്‍കണം എന്ന കേരള മുഖ്യമന്ത്രി മുന്നോട്ടുവച്ച ആവശ്യം അടിയന്തരമായി പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നും സംസ്‌കൃതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
