കള്‍ച്ചറല്‍ ഫോറം നേതാക്കള്‍ ഇന്ത്യന്‍ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി
ദോഹ: കള്‍ച്ചറല്‍ ഫോറം ഖത്തറിന്റെ നേതാക്കള്‍ ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ അംബാസിഡറുമായി പങ്കുവെച്ചു. താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍, നിര്‍ദ്ധനരായ രോഗികള്‍ മറ്റു അടിയന്തിര സഹായമാവശ്യമുള്ള കേസുകള്‍ തുടങ്ങിയവയില്‍ കള്‍ച്ചറല്‍ ഫോറം നടത്തുന്ന ജീവകാരുണ്യപരമായ ഇടപെടലുകളെ നേതാക്കള്‍ വിശദീകരിച്ചു. ഇത്തരം വിഷയങ്ങളില്‍
സമയോചിതമായ പിന്തുണയും സഹായവും എംബസിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് അംബാസ്സഡര്‍ ഉറപ്പ് നല്‍കി.
സി ബി എസ് ഇ പരീക്ഷ നീട്ടി വെക്കാനുള്ള തീരുമാനം ജോലിനഷ്ടവും സാമ്പത്തിക പ്രയാസവും കാരണം അധ്യയന വര്‍ഷാവസാനം നാട്ടില്‍ പോകാന്‍ നേരത്തെ തീരുമാനമെടുത്ത കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയാവുമെന്നതിനാല്‍ നാട്ടില്‍ സ്വന്തം ജില്ലകളില്‍ പരീക്ഷ എഴുതാനുളള സംവിധാനം എംബസി മുന്‍കൈ എടുത്തു ഏര്‍പെടുത്തണമെന്ന ആവശ്യവും കള്‍ച്ചറല്‍ ഫോറം മുന്നോട്ട് വെച്ചു. ഇങ്ങനെ പ്രതിസന്ധിയിലാവുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതാത് ജില്ലകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ഓപ്ഷനുണ്ടെന്ന് എംബസി സ്ഥിരീകരിച്ചു. ഈ വിഷയത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകളുണ്ടായാല്‍ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാവുമെന്നും അംബാസിഡര്‍ അറിയിച്ചു. കള്‍ച്ചറല്‍ ഫോറത്തിന്റെ സാമൂഹിക സാംസ്‌കാരിക സേവനപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അംബാസിഡര്‍ ,പ്രവാസിസമൂഹത്തെ സേവിക്കുന്നതിനുള്ള അര്‍പ്പണബോധത്തിനും പ്രതിബദ്ധതയ്ക്കും കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു.
കോണ്‍സുലാര്‍ ആന്റ് കമ്യൂണിറ്റി അഫേഴ്‌സ് ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ്, വിദ്യാഭ്യാസ-സാംസ്‌കാരിക വിഭാഗം ഫസ്റ്റ് സെക്രട്ടറി ഹേമന്ത് ദ്വിവേദി,
കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ.താജ് ആലുവ, വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി, ആബിദ സുബൈര്‍ സെക്രട്ടറി ചന്ദ്രമോഹന്‍ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗം റഷീദ് അഹ്‌മദ് എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.