ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു. 140000 പേര്‍ ഇതിനകം വാക്സിനെടുത്തു. വരും ദിവസങ്ങള്‍ കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്നും കോവിഡ് 19 നിയന്ത്രിക്കുന്നതിനുള്ള ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ പുതിയ താല്‍ക്കാലിക കോവിഡ് -19 വാക്സിനേഷന്‍ സെന്ററില്‍ ഖത്തര്‍ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്‌സിന്‍ കൂടുതല്‍ ലഭ്യമാകാന്‍ തുടങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ വാക്സിനേഷന്‍ എണ്ണം വളരെ വേഗം കൂടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു
ഡെലിവറി, ഷിപ്പിംഗ്, സ്റ്റോറേജ് പ്രക്രിയയും അതിന്റെ ഉപയോഗവും പരീക്ഷിക്കുന്നതിനായി പരിമിതമായ അളവില്‍ മോഡേണ വാക്സിന്‍ ഖത്തറിന് ലഭിച്ചിട്ടുണ്ട്. താമസിയാതെ ഈ വാക്സിന്‍ വലിയ അളവില്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. മോഡേണ, ഫൈസര്‍ വാക്സിനുകള്‍ ഒരു പോലെ കാര്യക്ഷമവും സുരക്ഷിതവുമാണ്.