Uncategorized

രാജഗിരി പബ്ളിക് സ്‌ക്കൂള്‍ അധ്യാപകന് യുവപ്രതിഭ പുരസ്‌കാരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കേരള സംസ്ഥാന ഫോക്‌ലോര്‍ അക്കാദമി യുവപ്രതിഭപുരസ്‌കാരം 2020 പടയണി കലാകാരനും ദോഹ രാജഗിരി പബ്ലിക് സ്‌കൂള്‍ മലയാള വിഭാഗം അധ്യാപകനുമായ ഗോപു വി നായര്‍ക്ക്.
പത്തനംതിട്ട ജില്ലയിലെ സൂര്യഗിരി വീട്ടില്‍ ഗോപു വി നായര്‍ ഇരുപത് വര്‍ഷക്കാലമായി നാടന്‍ കലാരൂപമായ പടയണി അഭ്യസിച്ചു അവതരിപ്പിച്ചു വരുന്നു. മുതുമരത്തില്‍ രാഘവന്‍ നായരുടെ ശിഷ്യനായി വളരെ ചെറുപ്പത്തിലേ വേലകളി പടയണി ചുവടുകള്‍ അഭ്യസിക്കുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്ത ഗോപു കേരളത്തിനകത്തും പുറത്തും വിവിധ ഇടങ്ങളില്‍ പടയണി വേലകളി അവതരിപ്പിച്ചിട്ടുണ്ട്.
ഒന്‍പത് വര്‍ഷക്കാലമായി നാരങ്ങാനം പൈതൃകകലാകളരിയുടെ സെക്രട്ടറിയായും, നാല് വര്‍ഷക്കാലം പത്തനംതിട്ട ജില്ല പടയണി ഏകോപന സമിതിയുടെ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ സ്ഥലങ്ങളില്‍ കളരി സ്ഥാപിച്ച് പടയണി പരിശീലനം നല്‍കി അരങ്ങേറ്റം നടത്തിയ അദ്ദേഹത്തിന് 2018ല്‍ കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് ലഭിച്ചിരുന്നു.

പത്തനംതിട്ടയിലെ അദ്വയാനന്ദ പബ്ലിക് സ്‌കൂള്‍ മാലക്കര മലയാളം അധ്യാപകന്‍ ആയിരുന്ന ഗോപു കഴിഞ്ഞ മാസമാണ് രാജഗിരി പബ്ലിക് സ്‌കൂള്‍ മലയാളം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചത്. ഖത്തറില്‍ പ്രവാസജീവിതം ആരംഭിക്കുമ്പോഴാണ് 2020ലെ കേരള ഫോക് ലോര്‍ അക്കാദമി യുവ പ്രതിഭ പുരസ്‌കാരം ഗോപുവിനെ തേടിയെത്തിയത്.
വേണുഗോപാല്‍ നായരുടെയും ഉഷ കുമാരിയുടെയും മകനാണ്. ഭാര്യ ശ്രീജ ശ്രീകുമാര്‍, മകന്‍ വൈഗസ്, സഹോദരി വിനീത.

Related Articles

Back to top button
error: Content is protected !!