കോവിഡ് വാക്സിനേഷന്‍ പുരോഗമിക്കുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന്റെ ദേശീയ കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വിജയകരമായി മുന്നേറുകയാണെന്നും രാജ്യത്തെ 70 വയസ് കഴിഞ്ഞ 61 ശതമാനം പേരും വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തതായും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ ആരംഭിക്കാന്‍ കാലതാമസം വരുത്തരുതെന്ന് വാക്സിന് അര്‍ഹരായ എല്ലാവരേയും വിശിഷ്യ പ്രായമായവരെ പ്രത്യേകം ഉദ്ബോധിപ്പിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. നിങ്ങള്‍ എത്ര വേഗം വാക്സിന്‍ എടുക്കുന്നുവോ അത്രയും വേഗം നിങ്ങള്‍ സുരക്ഷിതരാകുമെന്ന് അവര്‍ പറഞ്ഞു.
പ്രായമായവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ അപകടസാധ്യത കൂടുതലാണെന്ന് നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി 2018-2022 ലീഡ് ഫോര്‍ ഹെല്‍ത്തി ഏജിംഗ് ഡോ. ഹനാദി അല്‍ ഹമദ് വിശദീകരിച്ചു. 70 വയസ്സിനു മുകളിലുള്ള പത്തില്‍ ആറുപേര്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ടെന്നറിയുന്നത് സന്തോഷകരമാണ്. എല്ലാ ദിവസവും, ഖത്തറിലെ കൂടുതല്‍ കൂടുതല്‍ വൃദ്ധര്‍ക്ക് രണ്ടാമത്തെ വാക്സിന്‍ ഡോസ് ലഭിക്കുകയും കോവിഡിനെതിരെ അവരുടെ സംരക്ഷണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും ആരോഗ്യസ്ഥിതികള്‍ക്കും കോവിഡ് ബാധിക്കാം, എന്നാല്‍ പാന്‍ഡെമിക് ആരംഭിച്ചതുമുതല്‍ പ്രായമായ ആളുകള്‍ക്ക് വൈറസ് ബാധിച്ചാല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്നാണ് മനസിലാകുന്നത്.
ഖത്തറില്‍ പ്രായമായ ജനസംഖ്യയുടെ ഭൂരിഭാഗവും 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നില്‍ നിന്നും കുത്തിവയ്പിന്റെ ആദ്യ ഡോസ്് എടുത്തിട്ടുണ്ട്, കൂടാതെ അവരുടെ രണ്ടാം ഡോസ് ഷെഡ്യൂള്‍ ചെയ്യുന്നതിനായി പിഎച്ച്സിസി അവരെ നേരിട്ട് ബന്ധപ്പെടുന്നത് തുടരുകയാണ്. ഇതുവരെ വാക്സിനേഷന്‍ എടുത്തിട്ടില്ലാത്തവരും അപ്പോയിന്റ്മെന്റ് ആവശ്യമുള്ള 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 4027 7077 എന്ന നമ്പറില്‍ പിഎച്ച്സിസിയെ വിളിക്കാം.