Breaking News

ഫിഫ അറബ് കപ്പിലും ശ്രദ്ധേയ സാന്നിധ്യമായി ഖത്തറിലെ മല്ലു വളണ്ടിയേര്‍സ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആതിഥ്യമരുളുന്ന പ്രഥമ ഫിഫ അറബ് കപ്പിലും ശ്രദ്ധേയ സാന്നിധ്യമായി ഖത്തറിലെ മല്ലു വളണ്ടിയേര്‍സ് .2022 ഫിഫ ലോക കപ്പിനായി ഖത്തര്‍ പണി തീര്‍ത്ത ലോകോത്തര സ്‌റ്റേഡിയങ്ങളില്‍ നടക്കുന്ന വിവിധ മല്‍സരങ്ങളുടെ പിണണിയില്‍ 92 രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തിലധികം സന്നദ്ധ സേവകരുടെ പങ്കാളിത്തമുണ്ടെന്നാണ് കഴിഞ്ഞ ദിവസം സംഘാടകര്‍ അറിയിച്ചത്. ഇതില്‍ 35 ശതമാനത്തോളം വളണ്ടിയര്‍മാരും ഇന്ത്യക്കാരാണ് . അതില്‍ നല്ലൊരു ശതമാനം മലയാളികളും.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറിലെ കളിക്കളങ്ങളിലെ സജീവ സാന്നിധ്യമായി ഖത്തര്‍ മല്ലു വളണ്ടിയേര്‍സ് സംഘാടകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഓരോ മല്‍സരവേദികളിലും ഉത്തരവാദിത്ത ബോധത്തോടെ കര്‍മോല്‍സുകരാകുന്ന മല്ലു വളണ്ടിയര്‍മാര്‍ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും കേരളീയ സമൂഹത്തിന് വിശേഷിച്ചും അഭിമാനമാണ്. നിസ്വാര്‍ഥ സേവനപ്രവര്‍ത്തനങ്ങളിലൂടെ ചരിത്രം കുറിക്കുന്ന ഈ കൂട്ടായ്മ പ്രവാസ ലോകത്തിന് തന്നെ മാതൃകയാവുകയാണ് .


ഖത്തറില്‍ നടക്കുന്ന ഏത് കായിക പരിപാടിയിലും വളണ്ടിയര്‍മാരെ ക്ഷണിക്കുമ്പോള്‍ ആദ്യമെത്തുന്ന കുറേ പേരെങ്കിലും ഖത്തര്‍ മല്ലു വളണ്ടിയേര്‍സ്  വാട്‌സാപ്പ് കൂട്ടായ്മയില്‍ നിന്നുള്ളവരായിരിക്കും.

വോളണ്ടയറിംഗ് ആവശ്യമുള്ള ഏത് ഘട്ടങ്ങളിലും സജീവമാകുന്ന ഖത്തര്‍ മല്ലു വോളണ്ടിയേര്‍സ് ഖത്തര്‍ ദേശീയ ദിനം, കോവിഡ് പരിചരണം, എമീരി കപ്പ്, ഖത്തര്‍ സ്റ്റാര്‍സ് ലീഗ്, അറേബ്യന്‍ സ്റ്റാര്‍സ്, ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി ദോഹയിലരങ്ങേറുന്ന ദേശീയവും അന്തര്‍ദേശീയവുമായ മല്‍സരങ്ങളുടെ ഭാഗമായാണ് സംഘാടകരുടെ പ്രശംസയേറ്റുവാങ്ങുന്നത്.


ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനുള്ളതല്ല, സമൂഹത്തിന് സേവനം ചെയ്തു നമ്മുടെ പങ്ക് അടയാളപ്പെടുത്തിയും ആഘോഷിക്കാനുള്ളതാണെന്നാണ് ഈ കൂട്ടായ്മ വിശ്വസിക്കുന്നത്. സന്നദ്ധ സേവനം ഒരു കടമയാണ്, പോറ്റുന്ന ഈ രാജ്യത്തോടുള്ള നമ്മുടെ കടമ. ആരെയും കാണിക്കാനും അറിയപ്പെടാനുമല്ല. നാളെ നടന്നു നീങ്ങുമ്പോള്‍ സ്വയം ബോധ്യപെടുത്താന്‍ ജീവിതത്തില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്താണ് ഞാന്‍ നടന്നു നീങ്ങിയത് എന്ന് ഓര്‍മ്മിക്കാന്‍ എന്നാണ് ഓരോ മല്ലു വളണ്ടിയറുടേയും നിലപാട്.

കായിക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 2022 ഫിഫ ലോക കപ്പ് അവിസ്മരണീയമാക്കാന്‍ ഏറെ പ്രതീക്ഷയോടെ സ്വയം തയ്യാറായി കാത്തിരിക്കുകയാണ് മല്ലു വോളണ്ടിയേര്‍സ് കൂട്ടായ്മയിലെ ഓരോ അംഗവും.

Related Articles

Back to top button
error: Content is protected !!