മധ്യവേനലവധി കാലത്ത് അധ്യാപകര്‍ വിമാനയാത്ര ഒഴിവാക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യവേനലവധി കാലത്ത് അധ്യാപകര്‍ വിമാനയാത്ര ഒഴിവാക്കണമെന്ന് ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തെ അധ്യാപകരോട് ആവശ്യപ്പെട്ടതായി അല്‍ ജസ്റ ന്യൂസിനെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്ളീഷ് ദിനപത്രമായ ഖത്തര്‍ ട്രിബൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട തിയ്യതികളില്‍ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുവാന്‍ വിമാന യാത്ര ഒഴിവാക്കണമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി യാത്ര ചെയ്യാത്ത അധ്യാപകര്‍ക്ക് വലിയ തിരിച്ചടിയാകും തീരുമാനം. പല അധ്യാപകരുടേയും കുടുംബങ്ങള്‍ നാട്ടിലാണ്. വിസിറ്റ് വിസ പോലും ലഭ്യമല്ലാത്തതിനാല്‍ പ്രയാസമനുഭവിക്കുന്ന നൂറ് കണക്കിന് അധ്യാപകരെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. വാക്സിനെടുത്ത് ക്വാറന്റൈന്‍ കൂടാതെ തിരിച്ചുവരാമെന്ന പ്രതീക്ഷയിലിരുന്ന അധ്യാപരുടെ എല്ലാ പദ്ധതികളും ഈ തീരുമാനം പൊളിക്കും.
എല്ലാ സ്‌കൂള്‍ ജീവനക്കാരും അവരുടെ സുരക്ഷയും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി നിശ്ചിത തീയതികളില്‍ വാക്സിനേഷന്‍ എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. സ്‌കൂള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ മുന്‍ഗണന മാര്‍ച്ച് അവസാനം വരെ തുടരും.
ഇന്നലെ പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ നമ്പര്‍ 13 പ്രകാരം, കോവിഡ് വാക്സിനേഷന്‍ പ്രൂഫ് അല്ലെങ്കില്‍ ആഴ്ചതോറും നടത്തുന്ന കോവിഡ് ടെസ്റ്റ് ഇല്ലാതെ ഒരു ജീവനക്കാരനെയും സ്‌കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും ക്വാറന്റൈന്‍ പോവേണ്ടി വന്നാല്‍ ശമ്പളം ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ കാര്യങ്ങളെയും പരിരക്ഷിക്കുന്നതിനും ആരോഗ്യകരവും സുരക്ഷിതവുമായ ഒരു സ്‌കൂള്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ നടപടികള്‍ വരുന്നത്.