IM Special

മലയാളി കുടുംബങ്ങളുടെ ഗാര്‍ഹിക തോട്ടങ്ങള്‍ ശ്രദ്ധേയമാകുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറിലെ മലയാളി കുടുംബങ്ങളുടെ ഗാര്‍ഹിക തോട്ടങ്ങള്‍ ശ്രദ്ധേയമാകുന്നു. പല കുടുംബങ്ങും പരിമിതമായ താമസ സ്ഥലത്തും പച്ചക്കറികളും പൂച്ചെടികളുമൊക്കെ നട്ടുവളര്‍ത്തിയാണ് തങ്ങളുടെ പച്ചപ്പിനോടുള്ള താല്‍പര്യം കാത്തുസൂക്ഷിക്കുന്നത്.

കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യമനുഭവിച്ച പഴയ തലമുറയും അതൊന്നും കണ്ടനുഭവിക്കുവാന്‍ കഴിയാത്ത പുതിയ തലമുറയുമൊക്കെ കാര്‍ഷിക രംഗത്ത് ആശാവഹമായ പരീക്ഷണങ്ങളാണ് നടത്തുന്നത്്. ഒരു പക്ഷേ മരുഭൂമിയിലും പച്ചപ്പ് പടര്‍ത്താനുള്ള ഈ ശ്രമം ജീവിതത്തിലും പരിസ്ഥിതി സംരംക്ഷണത്തിന്റേയും ഓര്‍ഗാനിക് കൃഷിയുടേയും വികാരങ്ങള്‍ അടയാളപ്പെടുത്തും.

മദീന ഖലീഫ നോര്‍ത്തില്‍ തങ്ങളുടെ താമസ സ്ഥലത്ത് വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ നട്ടുവളര്‍ത്തിയാണ് കിളയില്‍ ഉസ്മാനും കുടുംബവും തങ്ങളുടെ കൃഷിയോടുള്ള ആഭിമുഖ്യം നിലനിര്‍ത്തുന്നത്. മലപ്പുറം ജില്ലയിലെ കുറുവ കൂട്ടിലങ്ങാടി സ്വദേശിയായ കിളയില്‍ ഉസ്മാന്‍ നാട്ടില്‍ അധ്യാപകനായിരുന്നു. മണ്ണിനോടും ചെടികളോടുമൊക്കെ ചെറുപ്പത്തിലേ ആഭിമുഖ്യമുണ്ടായിരുന്നു. ഖത്തറിലെത്തിയപ്പോഴും ആ താല്‍പര്യം കുറഞ്ഞില്ല. സഹധര്‍മിണി ലൈല യു ഹുസൈനോടൊപ്പം ചേര്‍ന്ന് വീടിന് ചുറ്റും പച്ചപ്പ് പരത്തുമ്പോള്‍ മകന്‍ സാലിഹ് ഉസ്മാന്‍ കൃഷി നനക്കാനും മറ്റു പരിചരണത്തിനുമൊക്കെ കൂടെ നിന്നതോടെ വിവിധ തരത്തിലുള്ള പച്ചിലകളും പച്ചക്കറികളും സമൃദ്ധമായി വിളയാന്‍ തുടങ്ങി.

മത്തന്‍, അമര, വേപ്പില, മുരിങ്ങ, ചീര, തുളസി, കഞ്ഞിക്കൂര്‍ക്കല്‍, കറ്റാര്‍ വാഴ, തുടങ്ങി നിരവധി ഇനം കൃഷി ഇവിടെ കാണാം. ഏതാനും ഇന്‍ഡോര്‍ പ്‌ളാന്റ്‌സും ഉസ്മാന്റെ വീടകം അലങ്കരിക്കുന്നു.

കൃഷി മനസിന് ആനന്ദം നല്‍കുന്ന ഹോബിയാണ്. ലഭിക്കുന്ന വിളവിനേക്കാളും വിളഞ്ഞുനില്‍ക്കുന്ന കാഴ്ച നല്‍കുന്ന ആനന്ദമാണ് വലുത്. മണ്ണിലും ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലുമൊക്കെ കൃഷി ചെയ്യാമെന്നതിനാല്‍ ടെറസ് മുറ്റം പോലും കൃഷിക്ക് തടസ്സമല്ല, ഉസ്മാന്‍ പറഞ്ഞു.

മനസുവെച്ചാല്‍ മരുഭൂമിയേയും മലര്‍വാടിയാക്കാമെന്ന് തെളിയിക്കുന്ന നിരവധി കൃഷി കൂട്ടായ്മകള്‍ ഖത്തറിലുണ്ട് എന്നതും ശ്രദ്ധേയമാണ്. കൃഷി ചെയ്യുന്നവര്‍ക്കും ആവശ്യമായ പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്ന കൂട്ടായ്മകളുടെ പ്രവര്‍ത്തനങ്ങള്‍ വലരെ ശ്ളാഘനീയമാണ്.

Related Articles

Back to top button
error: Content is protected !!