IM Special

സാമൂഹ്യ സേവനത്തിന്റെ വേറിട്ട വഴികളിലൂടെ ലത ആനന്ദ് നായര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ഖത്തറില്‍ സാമൂഹ്യ സേവനത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന സംരംഭകയാണ് ലത ആനന്ദ് നായര്‍. തിരക്ക് പിടിച്ച ബിസിനസിനിടയിലും മതജാതി രാഷ്ട്രീയ പരിഗണനകള്‍ക്കീതമായി മനുഷ്യ സ്നേഹത്തിന്റേയും സേവനത്തിന്റേയും വേദിയായ മലയാളി സമാജത്തിന്റെ അധ്യക്ഷയായ അവര്‍ സമൂഹത്തിലെ താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനും സാധാരണക്കാരായ പ്രവാസികളുടെ സന്തോഷത്തിനും ഊന്നല്‍ നല്‍കിയാണ് പ്രവര്‍ത്തിക്കുന്നത്.

മലയാള ഭാഷയോടും സംസ്‌കാരത്തോടും ഏറെ ആഭിമുഖ്യം പുലര്‍ത്തുന്ന അവര്‍ വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശേഷമാണ് ദോഹയിലെത്തിയത്. ഖത്തറിലെ പ്രശസ്തമായ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലി തുടങ്ങിയ അവര്‍ സൗന്ദര്യ സംരക്ഷണം സംബന്ധിച്ച് കൂടുതല്‍ പഠിക്കുകയും പ്രൊഫഷണല്‍ സ്വഭാവത്തോടുകൂടി ശിങ്കാരി ബ്യൂട്ടി ആന്റ് ഫിറ്റ്നസ് സെന്റര്‍ സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മികച്ച സേവനങ്ങളിലൂടെ ഖത്തര്‍ മലയാളികളുടെ പ്രിയപ്പെട്ട ബ്യൂട്ടി പാര്‍ലറുകളുടെ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ച ശിങ്കാരി മറ്റു രാജ്യക്കാരേയും ആകര്‍ഷിക്കുന്നുണ്ട്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനവും ശാസ്ത്രീമായ ബോധവല്‍ക്കരണവുമാണ് ലതയുടെ സേവനത്തിന്റെ പ്രത്യേകത.

ബ്യൂട്ടി പാര്‍ലര്‍ വ്യവസായം പലപ്പോഴും ജനങ്ങളുടെ അജ്ഞത ചൂഷണം ചെയ്യുന്ന ബിസിനസായി അധപതിക്കാറുണ്ട്. എന്നാല്‍ ജനങ്ങളെ ശരിയായ രീതിയില്‍ ബോധവല്‍ക്കരിച്ചും ഓരോരുത്തര്‍ക്കും അനുയോജ്യമായ സേവനങ്ങള്‍ പറഞ്ഞുകൊടുത്തുമാണ് തന്റെ പാര്‍ലറിനെ ലത വ്യത്യസ്തമാക്കുന്നത്.

ജനങ്ങള്‍ സ്വന്തത്തെ സ്നേഹിക്കുവാന്‍ തുടങ്ങിയതിനാല്‍ ബ്യൂട്ടി പാര്‍ലറുകളുടെ സാധ്യത അനുദിനം വര്‍ദ്ധിക്കുകയാണ്. സൗന്ദര്യ സങ്കല്‍പവും ചര്‍മ  സുരക്ഷയും സംബന്ധിച്ച ബോധം കൂടുന്നതും മുടിയഴക് നിലനിര്‍ത്താനുള്ള താല്‍പര്യമേറുന്നതുമൊക്കെ വലിയ സാധ്യതയാണ്. പ്രവാസി മലയാളികളില്‍ മുടി സംരക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താന്‍ ഹെയര്‍ മാനേജ്മെന്റിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്ന് അവര്‍ പറഞ്ഞു. പ്രശസ്ത ഗായിക ശ്രയ ഘോഷല്‍ രണ്ട് തവണ ദോഹയില്‍ വന്നപ്പോഴും അവരെ അണിയിച്ചൊരുക്കാന്‍ ഭാഗ്യം ലഭിച്ചുവെന്നത് തന്റെ പാര്‍ലര്‍ ജീവിതത്തിലെ അവിസ്മരണണീയമായ മുഹൂര്‍ത്തമാണ് .

2019 ല്‍ തുടങ്ങിയ മലയാളി സമാജമാണ് ലതയിലെ സാമൂഹ്യ പ്രവര്‍ത്തകയെ ഖത്തര്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. കുറഞ്ഞ കാലം കൊണ്ട് മാതൃകാപരമായ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് മലയാളി സമാജം സംഘടിപ്പിച്ചത്. മനുഷ്യ സ്നേഹവും സാഹോദര്യവും ഉര്‍ത്തിപ്പിടിച്ച കൂട്ടായ്മക്ക് പ്രവാസ ലോകത്ത് പലതും ചെയ്യാനാകുമെന്ന് മലയാളി സമാജം തെളിയിച്ചു.

നേതൃത്വ ഗുണങ്ങളോടെ ജനിച്ചതുകൊണ്ടാകാം ലത എവിടെ ചെന്നാലും സവിശേഷമായ പല ഉത്തരവാദിത്തങ്ങളും അവരില്‍ വന്നുചേരാറുണ്ട്. തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മ രൂപീകരിച്ചപ്പോള്‍ അതിന്റെ   പ്രഥമ വനിത അധ്യക്ഷ  ലതയായിരുന്നു. കൗണ്‍സിലിംഗും കണ്‍സല്‍ട്ടേഷനും ബോധവല്‍ക്കരണ ക്ളാസുകളുമൊക്കെ തിരക്ക് പിടിച്ച പ്രൊഫണല്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍ സഹജീവികളുടെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടാക്കാന്‍ സഹായയകമായ സേവനം ചെയ്യുന്നതിലുള്ള സായൂജ്യമാണ് ലത നായര്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകയെ അടയാളപ്പെടുത്തുന്നത്.

ഓരോരുത്തരും അവനവന്റെ പാഷന് അനുയോജ്യമായ കരിയര്‍ തെരഞ്ഞെടുക്കുകയും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുകയും വേണം. അവനവനെ സ്നേഹിക്കാനും കഴിയണം. എങ്കിലേ സ്നേഹവും സന്തോഷവുമൊക്കെ മറ്റുള്ളവര്‍ക്ക് നല്‍കാനാകൂ. നല്ല വ്യക്തികളാണ് നല്ല കുടുംബമുണ്ടാക്കുന്നത്. കെട്ടുറപ്പുമുള്ള കുടുംബമാണ് മനസമാധാനമുള്ള ജീവിതവും സാമൂഹ്യ പരിപ്രേക്ഷ്യമുള്ള സമൂഹവും സൃഷ്ടിക്കുക. അതിനാല്‍ കുടുംബം സെറ്റ് ചെയ്യുമ്പോള്‍ നന്നായി ആലോചിക്കണം. ഒന്നിലും എടുത്ത് ചാടി തീരുമാനങ്ങളെടുക്കാതെ വിശദമായി ആലോചിച്ചാണ് ജീവിതം തെരഞ്ഞെടുക്കേണ്ടത്. അനുരാഗവും പ്രണയവും പരസ്പര വിശ്വാസവും കരുതലും നിലനില്‍ക്കുമ്പോഴാണ് കുടുംബബന്ധം ശക്തമാവുക. ശക്തമായ കുടുംബബന്ധങ്ങള്‍ മാത്രമേ ആരോഗ്യകരമായ സാമൂഹ്യ പരിസരം സൃഷ്ടിക്കുകയുള്ളൂ.

Related Articles

Back to top button
error: Content is protected !!