IM Special

കഠിനാദ്ധ്വാനം കൊണ്ട് വ്യവസായിയായ സി.വി. ഇസ്മാഈല്‍

ഡോ. അമാനുല്ല വടക്കാങ്ങര

നിരന്തര പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ട് വ്യവസായിയായ സി.വി. ഇസ്മാഈല്‍ ഖത്തറില്‍ മൂന്നര പതിറ്റാണ്ടിന്റെ ധന്യമായ അനുഭവങ്ങളുള്ള പ്രവാസിയാണ്. ഖത്തറിലെ മല്‍സ്യ വിപണന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ അദ്ദഹം ഇന്റര്‍നാഷണല്‍ മലയാളിയുമായി ഖത്തര്‍ ജീവിതത്തിന്റെ നാള്‍വഴികള്‍ പങ്കുവെക്കുന്നു.

കോഴിക്കോട് ജില്ലയിലെ മേപ്പയൂര്‍ നരക്കേട് സ്വദേശിയായ ഇസ്മാഈല്‍ 1984 ലാണ് ഖത്തറിലെത്തുന്നത്. പതിനെട്ട് വയസ്സിലേ ഖത്തറിലെത്തിയ അദ്ദേഹം റുമേല സര്‍വീസസിലാണ് ജോലി തുടങ്ങിയത്. പിന്നീട് ഒരു പെയിന്റ് കമ്പനിയിലും മരിയറ്റ് ഹോട്ടലിലും ജോലി ചെയ്തു. മരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്യുമ്പോല്‍ തന്നെ വൈകുന്നേരം ഒരു ഫലാഫില്‍ കടയിലും ജോലി ചെയ്തു.

മൂത്താപ്പയും മക്കളുമൊക്കെ ഖത്തറിലുണ്ടായിരുന്നത് കൊണ്ടാണ് ഖത്തറിലെത്തിയതെങ്കിലും സ്വന്തമായി അദ്ധ്വാനിച്ച് ഒരു നിലയിലെത്തണമെന്നാണ് ഇസ്മാഈല്‍ ആഗ്രഹിച്ചത്. ഖത്തറിലെത്തി നാല് മാസം കഴിഞ്ഞ് മുടിവെട്ടാനായി ബാര്‍ബര്‍ഷാപ്പില്‍ പോയി. എങ്ങനെ വെട്ടണമെന്ന് പറഞ്ഞ് കൊടുക്കാനറിയാതെ അവിടെ മുടിവെട്ടിയ അറബിയുടേതുപോലെ എന്ന് ആംഗ്യം കാണിച്ചൊപ്പിച്ചതും മുടി പറ്റെ ചെറുതാക്കി ട്രിം ചെയ്ത് റൂമിലെത്തിയപ്പോള്‍ കൂട്ടുകാരൊക്കെ കളിയാക്കിയതും ഇസ്മാഈലിനെ പോസിറ്റീവായാണ് ചിന്തിപ്പിച്ചത്. ഭാഷ പഠിച്ചെങ്കിലും ആശയവിനിമയം നടത്താനും പിടിച്ചുനില്‍ക്കാനും കഴിയൂ എന്ന് മനസിലാക്കിയ ഇസ്മാഈല്‍ അറബി, ഇംഗ്‌ളീഷ്, ഹിന്ദി സംസാരിക്കാന്‍ പഠിച്ചത്.

മറ്റൊരിക്കല്‍ ഖുബൂസ് വാങ്ങാന്‍ റൂമിലെ ഒരാളുടെ സൈക്കിളെടുത്ത് പോയതിനെ തുടര്‍ന്നുണ്ടായ പുകിലുകള്‍ സാമ്പത്തിക ഭദ്രത നേടണമെന്നും ആരെയും ആശ്രയിക്കരുതെന്നുമുള്ള പാഠമാണ് പഠിപ്പിച്ചത്. അങ്ങനെ സ്വന്തമായി അദ്ധ്വാനിച്ച് ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഇസ്മാഈല്‍ ഒരു പിക്കപ്പ് വാങ്ങിയതാണ് ജീവിതത്തില്‍ വഴിത്തിരിവായത്. അതിരാവിലെ എഴുന്നേറ്റ് മല്‍സ്യ മാര്‍ക്കറ്റിലേക്കുള്ള ഓട്ടമാണ് അദ്ദേഹത്തിന് ലഭിച്ചത്. പലപ്പോഴും രാവിലെ 4 മണിക്ക് ലേലം തുടങ്ങുന്നതിന് മുമ്പ് തന്നെ രണ്ടോ മൂന്നോ ട്രിപ്പുകള്‍ ഇസ്മാഈല്‍ ഓടിയിട്ടുണ്ടാകും. മെല്ലെ മല്ലെ മല്‍സ്യ മാര്‍ക്കറ്റുമായും അവിടുത്തെ ഇടപാടുകളുമായും പരിചയമായി.

തികച്ചും യാദൃശ്ചികമായാണ് ഫിഷ് മാര്‍ക്കറ്റിലെ ഒരു ഇറാനിയുടെ കൂടെ കച്ചവടം ചെയ്യുവാന്‍ അവസരം ലഭിച്ചത്. കണ്ണൂര്‍കാരന്‍ മൂസക്കയും കൂടെയുണ്ടായിരുന്നു. മൂസ ക്ക് പിന്നീട് ദോഹ വിട്ട് പോവുകയും ഇസ്മാഈല്‍ സ്‌പോണ്‍സറുമായുള്ള മികച്ച ബന്ധം നിലനിര്‍ത്തി ബിസിനസ് വ്യത്യസ്ത തലങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു

രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ഖത്തര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഓരോന്നായി വരാന്‍ തുടങ്ങിയത്. ഇതോടെ മല്‍സ്യ കച്ചവടത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, പ്രമുഖരായ സ്വദേശി വീടുകള്‍, വലിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ മല്‍സ്യ വ്യാപാരം പൊടിപൊടിച്ചപ്പോള്‍ ഇസ്മാഈല്‍ എന്ന വ്യാവസായിയും വളരുകയായിരുന്നു. ഒരു കാലത്ത് ഖത്തറില്‍ മല്‍സ്യങ്ങളുടെ ചില്ലറ വില്‍പന നിയന്ത്രിച്ചിരുന്നത് ഇസ്മാഈലടക്കമുള്ള ഏതാനും വലിയ മൊത്ത വ്യാപാരികളായിരുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മല്‍സ്യം ഇറക്കുമതി ചെയ്തും അത്തരം ബിസിനസുകളുമായി സഹകരിച്ചും ഇസ്മാഈല്‍ തന്റെ സാമ്രാജ്യം വികസിപ്പിച്ചു. ഖത്തറില്‍ ആദ്യമായി ഇന്ത്യന്‍ മീനുകള്‍ വിശിഷ്യ മലയാളികളുടെ പ്രിയപ്പെട്ട പല മീനുകളും ആദ്യമായി വിപണനം ചെയ്തത് ഇസ്മാഈലായിരിക്കും. കരിമീനും ചെമ്മീനുമൊക്കെ കേരളത്തില്‍ നിന്നും ഖത്തറിലേക്ക് കയറ്റുമതി ചെയ്ത അദ്ദേഹം മാര്‍ക്കറ്റിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് ബിസിനസ് ചെയ്തത് കൊണ്ടാണ് എല്ലാ പ്രതിസന്ധികളേയും മറി കടന്നത് .
പാക്കിസ്ഥാനില്‍ നിന്നും നല്ല മല്‍സ്യങ്ങള്‍ കയറ്റുമതി മതി ചെയ്യുന്നവരുമായി സഹകരിച്ചും ഇസ്മാഈല്‍ ബിസിനസിലെ വൈവിധ്യങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്.

മല്‍സ്യ വ്യാപാരത്തില്‍ വ്യക്തിപരമായ ശ്രദ്ധയാണ് ഏറ്റവും പ്രധാനം. മല്‍സ്യം വാങ്ങുന്നിടത്താണ് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. നല്ല മല്‍സ്യം ഏറ്റവും ആകര്‍ഷകമായ വിലയില്‍ വാങ്ങുന്നിടത്താണ് സാമര്‍ഥ്യം. വില്‍ക്കാന്‍ വലിയ സാമര്‍ഥ്യം ആവശ്യമില്ലെന്നാണ് ഇസ്മാഈല്‍ പറയുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വില നിര്‍ണയം മുനിസിപ്പാലിറ്റി ഏറ്റെടുത്തതോടെ ബിസിനസില്‍ വെല്ലുവിളിയേറെയാണ്. പലപ്പോഴും വാങ്ങിയതിലും കുറഞ്ഞ വിലക്ക് സാധനം വില്‍ക്കേണ്ടി വരും. ഇവിടെ സമര്‍ഥമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാകൂ.

സ്‌പോണ്‍സറുമായുള്ള ഊഷ്്മള ബന്ധം ബിസിനസിന് വളരെ സഹായിച്ച ഘടകമാണ്. എല്ലാ ഘട്ടത്തിലും സത്യസന്ധത ബിസിനസിലെ സുപ്രധാനമായ വിജയമന്ത്രമാണ്. കളവും വഞ്ചനയും കുറഞ്ഞ കാലത്തേക്ക് മാത്രമേ ഉപകരിക്കൂ. എന്നും നിലനില്‍ക്കണമെങ്കില്‍ സത്യസന്ധരാകണം, ഇസ്മാഈല്‍ വിശദീകരിച്ചു.

മല്‍സ്യ വിപണനത്തിന്റെ എല്ലാവശങ്ങളിലും വൈദഗ്ധ്യം നേടിയ ഇസ്മാഈല്‍ മറ്റുചില ബിസിനസുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചെങ്കിലും വിജയിച്ചില്ല. ഓരോരുത്തരും അവര്‍ക്ക് അറിയുന്ന ബിസിനസിലേ ചേരാവൂ എന്നാണ് ഇതില്‍ നിന്നും അദ്ദേഹം പഠിച്ച പാഠം.

ബിസിനസ് താല്‍പര്യമുണ്ടെങ്കില്‍ അനന്തമായ സാധ്യതകളുള്ള മേഖലയാണ് ബിസിനസ്. ജോലിയുടെ പരിമിതികളൊന്നുമില്ലാതെ സമ്പാദിക്കുവാനും വളരുവാനും കഴിയുമെന്നതാണ് ഏറ്റവും വലിയ നേട്ടം. തുടക്കത്തില്‍ 15 ഉം 20 മണിക്കൂറൊക്കെ ജോലി ചെയ്താണ് ഇന്നത്തെ നിലയിലെത്തിയതെന്ന് ഇസ്മാഈല്‍ ഓര്‍ക്കുന്നു.

ഇപ്പോള്‍ മകന്‍ മുഹമ്മദ് ഫാസില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദമെടുത്ത് ബിസിനസില്‍ കൂടെ ചേര്‍ന്നതോടെ വലിയ ആശ്വാസമാണ്. പാഠപുസ്തകങ്ങളില്‍ നിന്നും ലഭിച്ചതിനപ്പുറം ബിസിനസിന്റെ ഓരോ പ്രായോഗിക പാഠങ്ങളും പകര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഇസ്മാഈലിന്റെ ഏക മകള്‍ ഫസ്‌ന ഫോറന്‍സിക് സയന്‍സില്‍ ബിരുദധാരിണിയാണ്. ഷരീഫയാണ് ഭാര്യ.

ഭക്ഷണത്തില്‍ മീനും പച്ചക്കറിയും തന്നെയാണ് ഇസ്മാഈലിന് താല്‍പര്യം. നിത്യവും മീന്‍ കഴിക്കും. ആരോഗ്യവും ഊര്‍ജവും പ്രധാനം ചെയ്യുന്ന മികച്ച ഭക്ഷണമായാണ് മീന്‍ കഴിക്കുന്നത്. ആരോഗ്യം നിലനിര്‍ത്തുന്നതിനായി നിത്യവും അഞ്ചു കിലോമീറ്ററെങ്കിലും നടക്കാറുണ്ടെന്നും ഇസ്മാഈല്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!