Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
IM Special

എന്റെ അസ്തമയ ചുവപ്പുകള്‍ പ്രകാശനത്തിനൊരുങ്ങുമ്പോള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ യുവകഥാകാരി ഡോ. ഹന്ന മൊയ്തീന്റെ കന്നി കഥാസമാഹാരമായ എന്റെ അസ്തമയച്ചുവപ്പുകളുടെ പ്രകാശനം നാല്‍പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നാളെ നടക്കും.പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം റൈറ്റേര്‍സ് ഫോറം ഹാളില്‍ നാളെ ഉച്ചക്ക് 2 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ.എ. റഹീമിന് ആദ്യ പ്രതി നല്‍കി പ്രശസ്ത മലയാള സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവാണ് പുസ്തകം പ്രകാശനം ചെയ്യുക. ആശയങ്ങള്‍കൊണ്ട് സ്വപ്‌നം കാണുന്ന കഥാകാരിയുടെ അസ്തമയ ചുവപ്പിന്റെ സൗന്ദര്യമുള്ള മികവുറ്റ 17 കഥകളാണ് ഈ പുസ്‌കത്തിലുള്ളത്.

ഹന്നയുടെ എഴുത്തിന്റെ ആര്‍ദ്രതയും സ്‌നേഹത്തിന്റെ ആഴവും തൊട്ടറിയുന്ന ഈ കുറിപ്പ് മതി സര്‍ഗപഥത്തില്‍ സ്വന്തം സ്ഥാനം അടയാളപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കൊച്ചുകഥാകാരിയെ തിരിച്ചറിയുവാന്‍. ജീവിതം അടയാളപ്പെടുത്തുന്ന നിസ്തുല മുഹൂര്‍ത്തങ്ങളും വൈകാരിക തലങ്ങളും കൊണ്ട് സമ്പന്നമാണ് ഹന്നയുടെ ഓരോ കഥയും.


ഹന്ന കുറിക്കുന്നത് നോക്കൂ.
കയ്യില്‍ ‘എന്റെ അസ്തമയച്ചുവപ്പുകളും’പിടിച്ചു കുഞ്ഞിക്ക നില്‍ക്കുന്നത് കാണുമ്പോള്‍ ഞാന്‍ എന്താണ് ഓര്‍ത്തതെന്നറിയോ?

പണ്ട് പണ്ടൊരു കാലത്തില്‍ ഒരു ഇക്കാക്കയും അനിയത്തിയും റെയില്‍ മുറിച്ചു കടന്നു സ്‌കൂളില്‍ പോയിരുന്നതിനെ പറ്റി. എല്ലാവരെയും പോലെ അല്ല അവനെന്നു അവരുടെ ഉമ്മി അവളെ ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നതിനെ പറ്റി. അതിന്റെ ആഴം അറിയാതെ എന്നെ എന്താണ് ഇക്കാക്ക നോക്കാത്തതെന്ന് ഞാന്‍ പടച്ചോനോടും ഉമ്മിയോടും കലഹിച്ചത്. നോട്ടം തെറ്റിയ ഏതോ ഇരുണ്ട നേരത്തു എന്റെ കയ്യില്‍ നിന്നും കുഞ്ഞിക്കയെ കാണാതെ പോയത്. അവന്‍ എവിടെ പോയിരിക്കുമെന്ന് ഓര്‍ക്കാന്‍ പോലും അറിയാതെ ഞാന്‍ നിലച്ചുപോയത്. അവന്‍ മരിച്ചുപോയിരിക്കരുതേ എന്ന് മാത്രം പ്രാര്‍ഥിച്ചത്. അന്ന് രാത്രിയില്‍ ചോദ്യങ്ങള്‍ ചോദിക്കാതെ ഞാന്‍ ഉമ്മിയെ വെറുതെ വിട്ടത്. എല്ലാവരെയും പോലെ അല്ല ഇക്കമാര്‍ എന്നെനിക്ക് ബോധ്യം വന്നത്. അന്ന് തൊട്ട് ഇന്ന് വരെ കുഞ്ഞിക്കയും ഞാനും തമ്മില്‍ വിവരിക്കാനാവാത്ത എന്തോ ഒന്നുണ്ട്. വല്ലിക്കയിലേക്കും മോനുട്ടിയിലേക്കും എത്താതെ പോയ ഏതോ ഒരുനൂലിനറ്റം പിടിച്ചാണ് ഞാനും അവനും നടന്നതെന്ന് ഞാന്‍ ഇടക്ക് ഓര്‍ക്കും.

കാലങ്ങളും നിറങ്ങളും എത്രമേല്‍ മാറിമറിഞ്ഞെന്ന് ഓര്‍ത്തെടുക്കാന്‍ പോലും പറ്റാത്തത്രയും ഞങ്ങള്‍ വളര്‍ന്നു. എന്നിട്ടും, അന്നത്തെ പോലെ അവനിന്നും എല്ലാരോടും പറഞ്ഞു എന്റെ പെങ്ങളാണെന്ന്! അവളെയെഴുതിയ പുസ്തകമാണെന്ന്! പണ്ട് സ്‌കൂളില്‍ പോകുമ്പോ വഴിയരികിലെ ചെടികളോട് പറയും പോലെ! കയ്യിലിരിക്കുന്ന പുസ്തകത്തില്‍ എന്തെഴുതിയിരിക്കുന്നു എന്ന് വായിക്കാന്‍ അവനാവില്ലായിരിക്കും. എന്നാലും, ‘എന്റെ പെങ്ങളെന്ന’ വലിയ ആകാശത്തിനു താഴെ ഇങ്ങനെ ജീവിച്ചുതീര്‍ക്കാനാവുന്നതല്ലാതെ മറ്റെന്താണ് സന്തോഷം എന്നോര്‍ക്കുകയായിരുന്നു ഞാന്‍.

കാര്യമില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ തന്നെ പറഞ്ഞ അക്ഷരങ്ങളാണ് എന്റെ കുഞ്ഞിക്ക നെഞ്ചോട് ചേര്‍ത്തുപിടിച്ചിരിക്കുന്നത്. അതിലപ്പുറം വലിയൊരു ആകാശം എന്നെത്തേടി വരികയുണ്ടാകില്ല. മറ്റൊരു ചിരിക്കും എന്റെ കുഞ്ഞിക്കയുടെ കണ്ണിലെ തിളക്കത്തിനേക്കാള്‍ പൊലിവുണ്ടാവില്ല.

ഹന്നയുടെ ഓരോ കഥയും കാലത്തോട് സംവദിക്കുന്നവയും പ്രതിരോധ ശേഷിയുള്ളതും സന്ദേശപ്രധാനവുമാണ് എന്നതിനപ്പുറം സര്‍ഗാത്മകതയുടെ സൗന്ദര്യവും സൗരഭ്യവും നിലനിര്‍ത്തുന്നവയാണെന്ന് ഒറ്റ വായനയില്‍ മനസ്സിലാകും. ജീവിതാനുഭവങ്ങളുടെ തീക്ഷ്ണമായ ചൂളയില്‍ ചുട്ടെടുത്ത വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഓരോ കഥയേയും വായനക്കാരനുമായി ആഴത്തില്‍ ബന്ധിപ്പിക്കും.

ദീര്‍ഘകാലം തന്റെ പിതാവ് ജോലി ചെയ്ത യു.എ.ഇയിലെ പ്രശസ്തമായ ഷാര്‍ജ പുസ്തകോല്‍വത്തില്‍ തന്റെ ആദ്യ കൃതി പ്രകാശനം ചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യമായാണ് ഹന്ന കണക്കാക്കുന്നത്. ഹന്നയുടെ പിതാവ് കുഞ്ഞിമൊയ്തീന്‍ ദീര്‍ഘകാലം അല്‍ ഐനിലെ ഒയാസിസ് സ്‌കൂള്‍ ജീവനക്കാരനായിരുന്നു.

 

വായനയുടെ സര്‍ഗസഞ്ചാരവും ജീവിതാനുഭവങ്ങളുടെ തീവ്രതയുമൊക്കെയാവാം ഹന്നയെ ഒരെഴുത്തുകാരിയാക്കിയത്. നന്നായി വായിക്കുമായിരുന്ന ഉമ്മ ആയിഷ പകര്‍ന്നു നല്‍കിയ തന്റേടവും ആത്മവിശ്വാസവും മനസില്‍ തോന്നുന്ന പല വികാരങ്ങളും കുത്തിക്കുറിക്കാന്‍ പ്രചോദനമായി. സ്‌കൂള്‍ കോളേജ് കാലങ്ങളിലൊന്നും കാര്യമായി എഴുതിയിരുന്നെങ്കിലും നന്നായി വായിക്കാന്‍ ശ്രദ്ധിക്കുമായിരുന്നു. ഏകാന്തതയുട നിമിഷങ്ങളില്‍ പുസ്തകങ്ങള്‍ കൂട്ടായി മാറിയപ്പോള്‍ ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള പല കൃതികളും ആവര്‍ത്തിച്ച് വായിച്ചു. വായനയുടെ നൈരന്തര്യവും സാഹചര്യങ്ങളുമാകാം തന്റെ ഉള്ളിലുണ്ടായിരുന്ന എഴുത്ത് പുറത്ത് കൊണ്ടുവന്നതെന്നാണ് ഹന്ന കരുതുന്നത്. പ്രശസ്ത ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ദ സഹീറും ബിന്യാമിന്റെ ആടുജീവിതവും ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസവുമെല്ലാം ഹന്നയെ സ്വാധീനിച്ച പുസ്തകങ്ങളാണ്.

ഭിന്നശേഷിക്കാരായ രണ്ട് സഹോദരങ്ങളുമൊത്ത് പലപ്പോഴും ആശുപത്രി വരാന്തകളില്‍ നീണ്ട മണിക്കൂറുകള്‍ ചിലവഴിക്കേണ്ടി വന്നതും ജീവിതാനുഭവങ്ങളുമൊക്കെയാണ് തന്റെ എഴുത്തിന്റെ പരിസരമൊരുക്കിയത്. ആദ്യമൊക്കെ എഴുതിയത് ആരെയെങ്കിലും കാണിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. എല്ലാ എഴുത്തുകളും ഉമ്മയെ കാണിക്കുമായിരുന്നു. ഉമ്മ അവ വായിക്കുന്നതും ചിലപ്പോഴൊക്കെ കണ്ണുനിറയുന്നതും ഹന്ന ശ്രദ്ധിച്ചു. തന്റെ എഴുത്തും വികാരവും ഉമ്മക്ക് ഉള്‍കൊള്ളാനാകുന്നുവെന്നതാണ് ഹന്നയെ പ്രചോദിപ്പിച്ചത്. അങ്ങനെയാണ് പ്രതിലിപിയില്‍ പലപ്പോഴേയും കുറേശ്ശെ എഴുതി തുടങ്ങിയത്. എഴുത്തും വായനയും ഇഷ്ടപ്പെടുന്ന നല്ല സൗഹൃദങ്ങളും എഴുത്തുമായി ബന്ധപ്പെട്ട കൂടുതല്‍ തിരിച്ചറിവുകളുമുണ്ടാകുവാന്‍ ഇത് സഹായകമായി. അങ്ങനെയാണ് സുഹൃത്ത് മുനീര്‍ എ റഹ് മാന്‍ നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളുടേയും പ്രോല്‍സാഹത്തിന്റേയും അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത കഥകള്‍ ക്രോഡീകരിച്ച് എന്റെ അസ്തമയ ചുവപ്പുകള്‍ എന്ന പേരില്‍ പുസ്തകമാക്കിയത്. നവമാധ്യമങ്ങള്‍ തുറന്നുവെച്ച ആവിഷ്‌കാരത്തിന്റെ ഇടങ്ങളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയ ഈ യുവ എഴുത്തുകാരി വായനക്കാരുടെ ഹൃദയം കവരുമെന്നതില്‍ സംശയമില്ല.

പുസ്തകത്തിന്റെ തുടക്കത്തില്‍ മുനീര്‍ എ റഹ്‌മാന്‍ കുറിക്കുന്നു. എഴുത്ത് ആത്മനിഷ്ടമാണ് . ആശയങ്ങളും വാക്കുകളും കൊണ്ടുമാത്രം മികച്ച കഥ എഴുതാനാവില്ല. ആശയങ്ങള്‍കൊണ്ട് സ്വപ്‌നം കാണണം. അതിഭാവുകത്വത്തിലൂടെ സ്വയം കഥാപാത്രമായി സഞ്ചരിക്കണം. ചിന്തകള്‍ക്ക് തീ കൊളുത്തണം. ചിലപ്പോള്‍ വിചാരങ്ങളെ മുറിവേല്‍പ്പിക്കേണ്ടി വരും. അപ്പോള്‍ ശക്തമായ വേനല്‍ മഴയിലെ ഇടിമിന്നലിലൂടെ പൊടുന്നനെ മുളക്കുന്ന കൂണുകള്‍ പോലെ കഥ പിറവിയെടുക്കും. ആ സമയം ഹൃദയം പെയ്‌തൊഴിഞ്ഞ മാനം പോലെ നന്നായി വെളുക്കും. ഡോ. ഹന്ന മൊയ്തീന്റെ കഥകള്‍ ഇങ്ങനെ പൊടുന്നനെ മുളച്ച രുചികരമായ കൂണുകള്‍ പോലെയാണ് . നീണ്ട നാളത്തെ തപസ്സിന് ശേഷമാണ് ഹന്ന കഥയെഴുതുന്നത്. ഓരോ കഥയിലും തന്റേതായ ആശയവും കൈയൊപ്പും ചാരുതയോടെ അവര്‍ വരച്ചുചേര്‍ക്കുന്നുണ്ട്.ലളിതമായ ആഖ്യാനവും വളച്ചുകെട്ടില്ലാത്ത പ്രയോഗങ്ങളുമാണ് ആ എഴുത്തിനെ വ്യതിരിക്തമാക്കുന്നത്.

ഹന്നയുടെ പുസ്തകത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഈ വാക്കുകള്‍ ഈ യുവ കഥാകാരിയില്‍ നിന്നും കൂടുതല്‍ മികച്ച പല രചനകളും വരാനിരിക്കുന്നുവെന്നതിന്റെ സൂചനയാണ് . തുടക്കം നന്നായാല്‍ പകുതി ദൗത്യം പൂര്‍ത്തിയായി എന്നാണ് ഇംഗ്‌ളീഷുകാര്‍ പറയാറുള്ളത്. ഈയര്‍ഥത്തില്‍ തന്റെ ആദ്യ കൃതി മികച്ച ഫോമില്‍ പ്രശസ്തമായ ഷാര്‍ജാപുസ്തകോല്‍സവത്തിലെ ശ്രദ്ധേയമായ വേദിയില്‍ പ്രഗല്‍ഭരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തില്‍ പ്രകാശിതമാകുമ്പോള്‍ സായൂജ്യമടയുന്നത് ഹന്ന മാത്രമല്ല , വിശാലമായ കുടുംബവും സഹൃദയ ലോകവും കൂടിയാണ് .

മലപ്പുറം ജില്ലയിലെ തിരൂരില്‍ ജനിച്ച് പടിയാറില്‍ മെമ്മോറിയല്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദവും അപ്‌ളൈഡ് സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും നേടിയ ഡോ. ഹന്ന ഖത്തറിലെ അല്‍ ഷിഫ പോളി ക്‌ളിനിക്കിലാണ് ജോലി ചെയ്യുന്നത്. ഭര്‍ത്താവ് മുഹമ്മദ് അധികാരത്തും ഖത്തര്‍ പ്രവാസിയാണ് .

Related Articles

Back to top button