IM Special

ഇന്ന് മാര്‍ച്ച് 22, ലോക ജലദിനം ജലത്തിന്റെ മൂല്യം തിരിച്ചറിയുക.

അബ്ദുല്‍ ലത്തീഫ് ഫറോക്ക് (പ്രസിഡണ്ട്, ചാലിയാര്‍ ദോഹ)

ഭൂമിയുടെ മൂന്നില്‍ രണ്ടു ഭാഗം ജലമാണെങ്കിലും അതില്‍ ശുദ്ധജലം ഒരു ശതമാനത്തിലും താഴെയാണ്. ദിനേന ജല ലഭ്യത കുറയുകയും, നിലവിലുള്ള ജലസ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത വിധം മലിനീകരിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ സഹചര്യത്തില്‍ മറ്റൊരു ജലദിനം കൂടി വന്നെത്തുകയാണ്.

എല്ലാ വര്‍ഷവും മാര്‍ച്ച് 22 നാണ് ലോക ജലദിനമായി ആചരിക്കുന്നത്. ഓരോ തുള്ളി ജലവും സൂക്ഷ്മമായി ഉപയോഗിച്ച് ജലസംരക്ഷണം സാധ്യമാക്കാനാണ് ഓരോ വര്‍ഷവും വ്യത്യസ്ത സന്ദേശങ്ങളുമായി ഈ ദിനം കടന്നു വരുന്നത്. ശുദ്ധജലത്തിനായി ഒരു ദിനമെന്ന ആശയം ആദ്യമായി 1992ല്‍ ബ്രസീലിലെ റിയോ ഡെ ജനീറോയില്‍ ചേര്‍ന്ന യുനൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ എണ്‍വയണ്‍മെന്റ് ആന്‍ഡ് ഡവലപ്പ്‌മെന്റ് (UNCED) ആണ് നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസ്സംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജല ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. ജലത്തിന്റെ മൂല്യം ബോധ്യപ്പെടുത്താനായി വാല്യൂയിങ്ങ് വാട്ടര്‍ (Vauing Water) എന്നതാണ് 2021 മാര്‍ച്ച് 22 ന്റെ ജലദിന സന്ദേശം. അടുത്ത നൂറ്റാണ്ടിന്റെ ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ പ്രകൃതിയെ എങ്ങിനെ വിനിയോഗിക്കണം എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പ്രകൃതിയെ കൃത്യമായി ഉപയോഗിച്ച് വരും തലമുറയുടെ ദാഹം തീര്‍ക്കാനാവട്ടെ ഈ ദിനം.

ജലസംരക്ഷണത്തിന്റെയും, സൂക്ഷ്മമായ ജലോപയോഗത്തിന്റെയും കൃത്യമായ അവബോധം മുഴുവന്‍ ജനങ്ങളിലെത്തിക്കാനും ചെറുപ്രായത്തില്‍ തന്നെ വീട്ടില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും ഈ ശീലം സ്വായത്തമാക്കാനും സമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു. മഴ ദൗര്‍ലഭ്യവും ആഗോള താപനവും നമ്മളെ വലയം വെച്ചിരിക്കുന്നു. കൂട്ടത്തില്‍ വനനശീകരണവും പ്രകൃതിയുടെ നേരെയുള്ള കിരാതമായ കയ്യേറ്റങ്ങളും പരിസ്ഥിതിയുടെ താളം തെറ്റിച്ചിരിക്കുന്നു. പ്രകൃതിയെ കടന്നമാക്രമിക്കുന്ന നാം ഒരു തുള്ളി ജലത്തിനായി മനുഷ്യനെ തന്നെ കൊന്നൊടുക്കുന്ന കാലം വിദൂരമല്ല. ദാഹമകറ്റാന്‍ വന്യജീവികള്‍ കാടു വിട്ടു നാട്ടിലേക്കിറങ്ങുന്ന കാലവും ആരംഭിച്ചിരിക്കുന്നു.

മഴ ലഭിക്കാത്തതിനാല്‍ ദക്ഷിണാഫ്രിക്കന്‍ നഗരമായ കേപ്പ് ടൗണ്‍ നഗരത്തിന്റെ അവസ്ഥ നാം മനസ്സിലാക്കിയതാണ്. ജലദൗര്‍ലഭ്യം കാരണം ആളുകള്‍ മറ്റു നഗരങ്ങളിലേക്ക് കുടിയേറുന്നു. നാലു മില്യണ്‍ ജനവാസമുള്ള കേപ്പ് ടൗണില്‍ ആകെയുള്ള 200 വാട്ടര്‍ ഫില്ലിംഗ് സ്‌റ്റേഷനുകളില്‍നിന്നായി ഒരാള്‍ക്ക് പരമാവധി 25 ലിറ്റര്‍ മാത്രമാണ് ജലം ലഭിക്കുന്നത് എന്നറിയുമ്പോള്‍ അതിന്റെ വ്യാപ്തി മനസ്സിലാക്കാവുന്നതേയുള്ളൂ. വാട്ടര്‍ ഫില്ലിംഗ് സ്‌റ്റേഷനുകളിലെ നീണ്ട ക്യൂവും, കാര്‍ പാര്‍ക്കിങ്ങ് സൗകര്യമില്ലായ്മയും, ജലത്തിനായുള്ള തര്‍ക്കങ്ങളും അവിടെ വലിയ നിയമപ്രശ്‌നങ്ങളായതും നാം കണ്ടു. ലോകത്തിന്റെ വിവിധ നഗരങ്ങള്‍ ഈ ഭീഷണിയില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ബംഗളുരുവും ആ ലിസ്റ്റിലുണ്ട്. തീരെ ജലം ലഭിക്കാത്ത ഡേ സീറോവിലേക്ക് പല നഗരങ്ങളും നടന്നടുക്കുന്നു എന്നത് അതി വിദൂരമല്ലാത്ത ഭാവിയില്‍ നമ്മെയും പിടി കൂടാനിരിക്കുന്നു എന്ന സന്ദേശമാണ് നല്‍കുന്നത്. അതി ഭയാനകമായ ഈ സാഹചര്യം തിരിച്ചറിഞ്ഞു ചെറിയൊരു മാറ്റത്തിനു തയ്യാറായാല്‍ പ്രകൃതിയുടെ ആയുസ്സിനോടൊപ്പം നമ്മുടെ ആയുസ്സിനും ദൈര്‍ഘ്യം കൂട്ടാം.

വൈകല്യങ്ങളെ മറന്ന്, തമോ ഗര്‍ത്തങ്ങളും, ബ്ലാക്ക് ഹോളും ഉള്‍പ്പടെ ലോകത്തിന് നിരവധി ശാസ്ത്ര കണ്ടെത്തലുകള്‍ സമ്മാനിച്ച ഇയ്യിടെ അന്തരിച്ച പ്രമുഖ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് തന്റെ അവസാന കാലഘട്ടങ്ങളില്‍ പറഞ്ഞതും നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഭൂമി മൂന്നു പതിറ്റാണ്ടിനകം ഇല്ലാതാവുമ്പോള്‍ മനുഷ്യവാസത്തിനായി മറ്റൊരു ഗ്രഹത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. പ്രകൃതിയിലേക്ക് തിരിച്ചു നടന്നില്ലെങ്കില്‍, ജലവിനിയോഗം സൂക്ഷ്മമായി നിയന്ത്രിച്ചില്ലെങ്കില്‍ ജീവിതം അസാധ്യമാവുന്ന കാലം വിദൂരമല്ല.

ഭക്ഷണം കഴിച്ചില്ലെങ്കില്‍ 14 ദിവസം ജീവിക്കാമെങ്കില്‍ ജലമില്ലാതെ മൂന്നു ദിവസത്തിലധികം ജീവിതം അസാധ്യമാണ്. ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി നാം കുടിക്കുന്ന ജലം മലിനവുമായിക്കൂടാ. ശുദ്ധജല ലഭ്യത കുറഞ്ഞ ഇന്നത്തെ കാലത്ത് മാരകമായ കോളിഫോം ബാക്ടീരിയ അടങ്ങിയ ജലം പോലും കുടിക്കുന്നവര്‍ നിരവധിയാണ്. കൂടാതെ ഫാക്റ്ററികളില്‍ നിന്നും മറ്റും പുറം തള്ളുന്ന മാലിന്യങ്ങളാല്‍ അശുദ്ധമായതും അനവധിയാണ്.

നിലവിലുള്ള ജലസ്രോതസ്സുകള്‍ മലിനമാക്കാതെ സൂക്ഷിക്കാന്‍ നാം തയ്യാറാവേണ്ടിയിരിക്കുന്നു. കൂട്ടത്തില്‍ അനാവശ്യ ജലോപയോഗം ഒഴിവാക്കുകയും, മിതമായി ഉപയോഗിച്ച് ശീലിക്കുകയും വേണം. പ്രകൃതിയെ കടന്നാക്രമിക്കുന്നത് അവസാനിപ്പിക്കുന്നതോടൊപ്പം കൃത്യമായ വനവല്‍ക്കരണ പദ്ധതികളും ആസൂത്രണം ചെയ്യേണ്ടിയിരിക്കുന്നു. മഴവെള്ള സംഭരണത്തിനും, പാഴാകുന്ന വെള്ളത്തിന്റെ റീസൈക്ലിംഗ് ഉള്‍പ്പടെ നൂതന വിദ്യകള്‍ പ്രവര്‍ത്തികമാക്കേണ്ടതുമുണ്ട്. അങ്ങിനെ ജലസമൃദ്ധമായ ഒരു നാളേക്ക് വേണ്ടി നമുക്കൊരുമിച്ചു പ്രവര്‍ത്തിച്ചു തുടങ്ങാം.

Related Articles

Back to top button
error: Content is protected !!