പ്രണയാദ്രമായ സംഗീതപെരുമഴയായി റോജ പെയ്തിറങ്ങുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഫെബ്രുവരി പതിനാലിന്റെ വാലന്റൈന്‍ ദിനത്തില്‍ സഹൃദയമനസുകളില്‍ പ്രണയാദ്രമായ സംഗീതപെരുമഴയായി റോജ പെയ്തിറങ്ങുമ്പോള്‍ അതിന്റെ നിര്‍മാതാവ് ദോഹയിലെ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഷംസീര്‍ അബ്ദുല്ലയാണെന്നത് ഖത്തര്‍മലയാളികളുടെയിടയില്‍ ആല്‍ബത്തെ കൂടുതല്‍ പ്രസക്തമാക്കുന്നു.
ജീവിതത്തില്‍ പ്രണയിക്കാത്തവരായി അധികമാരുമുണ്ടായെന്ന് വരില്ല .പ്രണയത്തെ നെഞ്ചിലേറ്റി നടക്കുന്ന ഒരോരുത്തര്‍ക്കും ഈ പ്രണയദിനത്തിലെ സമ്മാനമാണ് ‘റോജ എന്നാണ് പിന്നണി പ്രവര്‍ത്തകര്‍ പരിചയപ്പെടുത്തിയത്. പ്രണയം വെറും ടൈം പാസല്ലെന്നും ആത്മാര്‍ഥമായ മനസിന്റെ ഒഴുക്കാണെന്നും അടയാളപ്പെടുത്തുന്ന ആല്‍ബമാണ് റോജ.
പ്രണയമാണ് ജീവിതം. ജീവിതമാണ് പ്രണയം. അത്രയും പരസ്പര പൂരകങ്ങളായ രണ്ട് യാഥാര്‍ഥ്യങ്ങള്‍ കലാദേശാതിര്‍ത്തികള്‍ക്കപ്പുറം മനുഷ്യ മനസുകളെ ഒന്നിപ്പിക്കുന്നതാണ്. തലമുറകളും ജനസഞ്ചയങ്ങളുമൊക്കെ വിവിധ തലങ്ങളില്‍ പ്രണയത്തെ നെഞ്ചേറ്റിയവരാണ്. തിരക്ക് പിടിച്ച ആധുനിക ലോകത്ത് പ്രണയത്തിന്റെ രൂപ ഭാവങ്ങള്‍ മാറുകയും ആര്‍ദ്രതയും തീവ്രതയുമൊക്കെ ചോര്‍ന്നുപോവുകയും ചെയ്യുന്നുണ്ടോ എന്ന ആശങ്കയാണ് പലര്‍ക്കും.
ഒരു ശിലയുടെ ഉള്ളിലെ സൗന്ദര്യം നാം ആസ്വദിക്കുക അത് ശില്‍പ്പമായി പുറത്തു വരുമ്പോഴാണ്. ഓരോ മനുഷ്യനും അവനവനെത്തന്നെയും മറ്റുള്ളവയേയും ഇഷ്ടത്തോടെ കാണാന്‍ ശ്രമിക്കുന്നത് പ്രണയം എന്ന വികാരം ഉള്ളില്‍ നിന്നും കടഞ്ഞെടുക്കുമ്പോഴാണ്. ശരിക്കും പ്രണയമാണ് ഒരു ജീവിതത്തിന്റെ വസന്തകാലം. ആ വസന്തകാലം നിലനിര്‍ത്തുകയാണ് ജീവിത വിജയം.
പട്ടുറുമാല്‍ ഫെയിം മെഹറുന്നീസ നിസാം മനോഹരമായി പാടി അഭിനയിച്ച റോജയുടെ വരികള്‍ നാദിര്‍ഷ കേച്ചേരിയുടേതാണ്. ഇഖ്ബാല്‍ കണ്ണൂരിന്റേതാണ് സംഗീതം
പ്രിയമുള്ള പ്രവാസി, കലികാലം, റൂഹ് തുടങ്ങിയ നിരവധി ആല്‍ബങ്ങള്‍ സഹൃദയ ലോകത്തിന് സമ്മാനിച്ച ടീമിന്റെ ഏറ്റവും പുതിയ ആല്‍ബമാണ് റോജ.
ആല്‍ബം കാണാനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.