എജ്യൂ ഫോക്കസ് വിദ്യാഭ്യാസ സെമിനാര്‍ വെള്ളിയാഴ്ച
ദോഹ: ഖത്തറിലെ പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഖത്തര്‍ വനിതാ വിഭാഗമായ ഫോക്കസ് ലേഡീസും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാര്‍ എജ്യൂഫോക്കസിന് മാര്‍ച്ച് 26 വെള്ളിയാഴ്ച തുടക്കം കുറിക്കും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഏപ്രില്‍ 2 നാണ് സമാപിക്കുക. വിദ്യാഭ്യാസ രംഗത്തെ നൂതനാശയങ്ങളും വിശേഷങ്ങളും വിശകലനം ചെയ്യുന്ന കരിയര്‍ ഫെസ്റ്റ്, എജ്യൂ ഫോക്കസ് എന്ന ബ്രാന്റിംങില്‍ എല്ലാ വര്‍ഷവും ഫോക്കസ് ഖത്തര്‍ നടത്തി വരാറുണ്ട്. ഈ വര്‍ഷവും ഫോക്കസ് ഖത്തര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിക്കപ്പെടുന്നത്. കോവിഡാനന്തര കാലഘട്ടത്തില്‍ സാമ്പ്രദായിക വിദ്യാഭ്യാസത്തില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന സ്മാര്‍ട്ട് ലേണിംഗ്, ആത്മ ചോദനയിലൂന്നിയ മേഖലകളിലൂടെ മുന്നേറാന്‍ പ്രാപ്തമാക്കുന്ന ഫോളോയിംങ് പാഷന്‍, ഇന്ത്യയിലെയും വിദേശത്തെയും മികച്ച വിദ്യാഭ്യാസ സാധ്യതകള്‍ എന്നിങ്ങനെ സമകാലിക വിദ്യാഭ്യസ പ്രശ്‌നങ്ങളും പ്രതിവിധികളും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെടും. ഏഴാം ക്ലാസ് മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും പ്രായഭേതമന്യേ പങ്കെടുക്കാവുന്നതാണ്.
സെമിനാറിലെ ആദ്യ ദിനം ആത്മ വീര്യം നിലനിര്‍ത്താനുള്ള ടെക്‌നിക്‌സിനെക്കുറിച്ച് ഖത്തറിലെ അമേരിക്കന്‍ അക്കാഡമി ഡിപ്പാര്‍ട്‌മെന്റ് ഹെഡ് ആരാനി ബക്ഷി, ഇന്ത്യന്‍ സര്‍വ്വകലാശാലകളിലെ ഉന്നത വിദ്യാഭാസ സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന ടീം ഇന്‍കുബേഷന്‍ ചീഫ് കരിയര്‍ കോച്ച് നബീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിക്കും. ഏപ്രില്‍ രണ്ടിന് നടക്കുന്ന പരിപാടിയില്‍ സ്മാര്‍ട്ട് ലേണിംഗ് ആസ്പദമായ വിഷയം അവതരിപ്പിച്ചു കൊണ്ട് കൊച്ചിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈഫ് ട്രാന്‍സ്ഫോര്‍മേഷന്‍ കോച്ച് ധന്യ, അന്താരാഷ്ട്ര സര്‍വ്വകലാശാലകളിലെ പ്രവേശന മാനദണ്ഡങ്ങളും സാധ്യതകളും വിശദീകരിച്ച് ജര്‍മന്‍ എയറോസ്‌പേസ് സെന്റര്‍ റിസര്‍ച്ച് സയിന്റിസ്റ്റ് ഡോ. ഇബ്രാഹീം ഖലീല്‍ എന്നിവര്‍ ക്ലാസെടുത്ത് സംസാരിക്കും.
ഖത്തര്‍ സമയം വൈകിട്ട് നാല് മണിക്ക് ഓണ്‍ലൈന്‍ പ്ലാറ്റഫോമായ സൂം വഴി ഇംഗ്ലീഷ് ഭാഷ യിലാണ് സെമിനാര്‍ നടക്കുക. ലോകത്തിലെ ഏത് രാജ്യത്ത് നിന്നും പങ്കെടുക്കാവുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 രക്ഷിതാക്കള്‍ക്കാണ് മുന്‍ഗണന ലഭിക്കുക എന്നും രജിസ്‌ട്രേഷന്‍ സൗജന്യമായിരിക്കുമെന്നും സംഘാടക സമിതി അറിയിച്ചു. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി https://forms.gle/AMJVmMS5jnB6hy8c9 എന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി 55611951, 70120074, 30305895 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് എന്നും സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ അവസാനഘട്ട വിലയിരുത്തല്‍ യോഗത്തില്‍ എച്ച് ആര്‍ മാനേജര്‍ താജുദ്ദീന്‍ മുല്ലവീടന്‍, ഡെപ്യൂട്ടി സി ഇ ഒ ഹാരിസ് പി ടി, ആര്‍ട്‌സ് മാനേജര്‍ സജിത്ത് സി എച്ച്. മൊയ്തീന്‍ ഷാ, റഫീഖ് പി ടി, ഫഹ്‌സിര്‍ റഹ്‌മാന്‍, റഈസ്, ജറീഷ് എന്നിവര്‍ പങ്കെടുത്തു.