IM Special

പൊതുപ്രവര്‍ത്തകരുടെ സാമൂഹ്യ പ്രതിബദ്ധത ചോദ്യം ചെയ്യപ്പെടുന്നു

അഫ്സല്‍ കിളയില്‍

ദോഹ. ജനാധിപത്യ ക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പൊതു തെരഞ്ഞെടുപ്പുകള്‍ ഏത് വിധേനയും അധികാര രാഷ്ടീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള അവസരങ്ങളായി അധപതിക്കുമ്പോള്‍ യാതൊരു തത്വദീക്ഷയുമില്ലാതെ പലരും പാര്‍ട്ടികള്‍ മാറുന്നു. രാവിലെ പാര്‍ട്ടി വിട്ട് വൈകുന്നേരം മറ്റു പാര്‍ട്ടികളില്‍ ചേരുന്നു. ദീര്‍ഘകാലം പ്രസംഗിക്കുകയും കൊണ്ടു നടക്കുകയും ആശയങ്ങളും ആദര്‍ശങ്ങളുമെക്കെ കേലവ അധികാര താല്‍പര്യങ്ങള്‍ക്കായി ബലികൊടുക്കുന്ന ദുരന്ത നാടകങ്ങളാണ് സാംസ്‌കാരിക പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളക്കരയില്‍ സംഭവിക്കുന്നത്. പൊതുപ്രവര്‍ത്തകരുടെ സാമൂഹ്യ പ്രതിബദ്ധത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രവാസി സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പ്രതികരിക്കുന്നു

വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാനും അധികാരക്കൊതി തീര്‍ക്കാനും പാര്‍ട്ടി മാറുന്നത് തികച്ചും ആക്ഷേപാര്‍ഹമായ പ്രവണതയാണ്. ഒരു പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ മിനിമം ക്വാറന്റൈന്‍ കാലമെങ്കിലും നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രമുഖ നിയമ വിദഗ്ധനും സാമൂഹ്യ പ്രവര്‍ത്തകനുമായ അഡ്വ. നിസാര്‍ കോച്ചേരി അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തനം ഭാരിച്ച ഉത്തരവാദിത്തമാണെന്നും സാമൂഹ്യ പ്രതിബദ്ധതക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു

ജനാധിപത്യ വ്യവസ്ഥിതിയെ കൊഞ്ഞനം കുത്തുന്ന രീതിയിലാണ് നേതാക്കള്‍ പെരുമാറുന്നതെന്നും ഈ പോക്ക് ജനാധിപത്യത്തിന് ഒട്ടും ചേര്‍ന്നതല്ലെന്നും ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ് പ്രതികരിച്ചു. അധികാരത്തിനു വേണ്ടിയും സ്ഥാനമാനങ്ങള്‍ ഉയര്‍ത്തിപിടിച്ചുകൊണ്ട് എന്തൊക്കെയോ നേടി എന്ന് സ്വയം ഞെളിഞ്ഞു നില്‍ക്കാനും ചിന്തശേഷി ഇല്ലാത്ത കുറെ അണികളെ വിഡ്ഢികളാക്കാനും മാത്രമേ ഇതൊക്കെ പ്രയോജനപ്പെടൂ. തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ മരണം മൂലമോ, കടുത്ത അനാരോഗ്യം മൂലമോ അല്ലാതെ തല്‍സ്ഥാനം രാജി വച്ചാല്‍, വീണ്ടും ആ ഒഴിവു നികത്താനായി തെരഞ്ഞെടുപ്പ് വേണ്ടിവന്നാല്‍ അതിന്റെ മുഴുവന്‍ ചിലവും പ്രസ്തുത വ്യക്തിയോ, പ്രസ്ഥാനമോ സര്‍ക്കാരിന് നല്‍കണം. പ്രസ്തുത വ്യക്തിക്ക് അടുത്ത 10 വര്‍ഷത്തേക്ക് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനുള്ള അയോഗ്യത പ്രഖ്യാപിക്കുകയും അതിനുള്ള നിയമം ഉണ്ടാകുകയും വേണം.ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കാത്ത ജനപ്രതിനിധിയെ തിരികെ പുറത്താക്കാനുള്ള നിയമം വേണം. എങ്കില്‍ മാത്രമേ ജനാധിപത്യം കാര്യക്ഷമമായി നിലനില്‍ക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

തത്വദീക്ഷയില്ലാതെ പാര്‍ട്ടി മാറുക എന്നത് വെറും സ്ഥാപിത താല്‍പ്പര്യവുമായി രാഷ്ട്രീയത്തില്‍ വരുന്നവരാണെന്നും രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ കണ്‍സെപ്റ്റ് മാറി വെറും ഉദരപൂര്‍ണത്തിന് രാഷ്ട്രീയത്തെ കരുവാക്കി മാറ്റിയിട്ടുള്ളയാളുകളാണ് സീറ്റ് കിട്ടാതെയാവുമ്പോള്‍ ഉടനെ അടുത്ത പാര്‍ട്ടിയിലേക്ക് പോകുന്നതെന്നും കള്‍ചറല്‍ ഫോറം പ്രസിഡണ്ട് ഡോ. താജ് ആലുവ അഭിപ്രായപ്പെട്ടു. അവരുടെ ലക്ഷ്യം ജനങ്ങളെ സേവിക്കലോ ഏതെങ്കിലും അര്‍ത്ഥത്തില്‍ രാഷ്ട്രത്തെ സേവിക്കലോ അല്ല, മറിച്ച് സ്വന്തം താല്‍പ്പര്യങ്ങളുടെ പൂരണം. അത് കൊണ്ട് തന്നെ ജനാധിപത്യത്തെ സംബന്ധിച്ച് വളരെ മോശം പ്രവണതയാണ്.

മുമ്പ് കാലത്ത് ഒരു എ.എല്‍.എ ആകാനോ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുവാനോ അധികം പണം വേണ്ടിയിരുന്നില്ല. ജനപ്രീതിയും അയാളുടെ രാഷ്ട്രീയ ബോധവും ആദര്‍ശമഹാത്മ്യവുമൊക്കെ മതിയായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. പണം വാരിയെറിഞ്ഞിട്ടുള്ള ഒരു കളിയായി തെരഞ്ഞെടുപ്പ് മാറുന്നുണ്ടോ എന്ന് സംശയിക്കണം.

ഏറ്റവും അടിസ്ഥാനമായി ജനാധിപത്യത്തെ പണാധിപത്യത്തില്‍ നിന്ന് മുക്തമാക്കുക.പണത്തിന്റെ ഒഴുക്കിനെ തടയുക. ജനാധിപത്യത്തില്‍ കാതലായ മാറ്റങ്ങള്‍ വരണം. ആളുകളെ രാഷ്ട്രീയ ബോധത്തിനും ആദര്‍ശ പരിവേശത്തിനും മൂല്യാധിഷ്ടിതമായിട്ടുള്ള ഒരു രാഷ്ട്രീയത്തിനുമൊക്ക ഒരു സ്ഥാനം കിട്ടുന്ന ഒരവസ്ഥ വരണം. പഴയ ഒരവസ്ഥയിലേക്ക് രാഷ്ട്രീയം തിരിച്ച് പോകണം. അതത്ര എളുപ്പമല്ല. എങ്കിലും ജനനന്മയിലും ജനക്ഷേമത്തിലും രാഷ്ട്രത്തിന്റെ ഭാവിയിലുമൊക്കെ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളുണ്ടായാല്‍ മാത്രമേ അത്തരം ആളുകളുടെയും പാര്‍ട്ടികളുടെയുമൊക്കെ ആധിപത്യത്തിന് മാത്രമേ ഇത്തരം സംഗതികള്‍ക്ക് മാറ്റം വരുത്താന്‍ പറ്റുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

നിരന്തരമായി കാല് മാറുന്നയാളുകള്‍ക്ക് മുമ്പ് പറഞ്ഞിരുന്ന ആയാറാം ഗായാറാം എന്ന പറച്ചില്‍ ഉത്തരേന്ത്യയില്‍ മാത്രമേ ഉള്ളൂ എന്ന് അഹങ്കരിച്ചിരുന്ന മലയാളി കേരളത്തില്‍ അങ്ങനെയൊന്നുണ്ടാവില്ല എന്ന് പറഞ്ഞിരിക്കുകയായിരുന്നു.1967ല്‍ ഹരിയാനായിലെ ഹസന്‍പൂരില്‍ സീറ്റ് കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഗയാലാല്‍ എന്ന നേതാവ് മത്സരിച്ച് ജയിച്ചു അത് കഴിഞ്ഞ് അദ്ദേഹം തിരിച്ച് വീണ്ടും കോണ്ഡഗ്രസിലേക്ക് വന്നു അദ്ദേഹത്തിന്റെ ഉപാധി അംഗീകരിക്കാതെ വീണ്ടും പുറത്ത് പോയി സ്വതന്ത്രമാരെ കൂട്ടി പാര്‍ട്ടിയുണ്ടാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇതൊക്കെ സംഭവിച്ചത് പാര്‍ട്ടി പ്രഖ്യാപനം കഴിഞ്ഞ ഉടനെ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ ഡിമാന്റ് അംഗീകരിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെടുത്തു അപ്പോഴേക്കും കോണ്‍ഗ്രസ് മന്ത്രി സഭ വീണിരുന്നു തിരിച്ച് വന്ന ഗയാലാലിനെ അന്നത്തെ കോണ്‍ഗ്രസ് നേതാവ് റാവു വീരേന്ദ്ര സിംഗ് പത്രക്കാരെ മുമ്പില്‍ ഹാജരാക്കി അദ്ദേഹം പറഞ്ഞു ഗയാറാം വാസ് നൗ ആയാറാം അങ്ങനെയാണ് ആ പദപ്രയോഗം ഉണ്ടായത്. അതാണ് ഇപ്പോള്‍ കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഖത്തര്‍ കെ.എം.സി.സി. അധ്യക്ഷന്‍ എസ്.എ.എം. ബഷീര്‍ അഭിപ്രായപ്പെട്ടു. സാക്ഷരരെന്നും വിദ്യാസമ്പന്നരെന്നും മേനി നടിക്കുന്ന മലയാളിയെ നാണം കെടുത്തുന്ന ഏര്‍പ്പാടായി പാര്‍ട്ടിമാറല്‍ മാറിയതായി അദ്ദേഹം പറഞ്ഞു.

വ്യത്യസ്ത സ്വരങ്ങളുടെ, അഭിപ്രായങ്ങളുടെ ഒരു സങ്കലനമാണ് ജനാധിപത്യം. ഒരേ ശബ്ദത്തില്‍ മുഴങ്ങുക എന്നതല്ല. വ്യത്യസ്ത ശബ്ദങ്ങള്‍ മുഴങ്ങുക എന്നതാണ്. ആ വ്യത്യസ്ത ശബ്ദങ്ങളില്‍ നിന്നാണ് സുബദ്ധമായ അഭിപ്രായങ്ങളിലേക്ക് വ്യക്തിയേയും സമൂഹത്തേയും രാജ്യത്തേയും കൊണ്ടു പോകാന്‍ കഴിയുകയെന്ന് ഫ്രന്റ്സ് കള്‍ചറല്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബ്‌റഹ്‌മാന്‍ കിഴിശ്ശേരി അഭിപ്രായപ്പെട്ടു. വ്യക്തികള്‍ സ്വയം തന്നെ അവരെ ഇല്ലാതാക്കുന്ന നടപടിയാണ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മറുകണ്ടം ചാടുക എന്നത്. ഒരാളുടെ അറിവിന്റെയും പഠനത്തിന്റെയും വികാസത്തിനനുസരിച്ച് അവരുടെ നിലപാടുകള്‍ക്ക് മാറ്റം സംഭവിക്കാം. പക്ഷേ ആ മാറ്റങ്ങള്‍ കേവലമായ ഭൗതിക താല്‍പ്പര്യങ്ങളുടെയും ക്ഷണികമായ ആഗ്രഹങ്ങളുടെയും ഫലത്തിലാവുമ്പോള്‍ ആ മാറ്റത്തിന് വിലയില്ലാതാവുന്നു എന്നതാണ് നാം അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം. നമ്മുടെ രാജ്യത്തെ ജനാധിപത്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ഒരു പ്രതിസന്ധിയും പ്രയാസവും കൂടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!