IM Special

ലോകകപ്പ് ഖത്തര്‍ 2022 ലേക്ക് 600 ദിവസത്തെ കൗണ്ട്ഡൗണ്‍ തുടങ്ങി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: കായിക ലോകത്ത് ആവേശത്തിരകളുയര്‍ത്തി കൊച്ചുരാജ്യമായ ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുവാനുള്ള എല്ലാ സജ്ജീകരണങ്ങളുമായി മുന്നോട്ടുപോവുകയാണ്. പ്രതികൂലമായ സാഹചര്യങ്ങളും വെല്ലുവിളികളും സൃഷ്ടിച്ച കോവിഡ് മഹാമാരി ഒരു വര്‍ഷത്തിലേറെയായി ഭീഷണിയുയര്‍ത്തുമ്പോഴും തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തീയാക്കിയാണ് ലോകകായിക ഭൂപടത്തില്‍ ഖത്തര്‍ അതിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത്.

സുരക്ഷമാനദണ്ഡങ്ങളിലും സാങ്കേതിക തികവിലും ലോകോത്തര നിലവാരമുള്ള സ്റ്റേഡിയങ്ങള്‍ നിര്‍ണിത സമയത്തിന് മുമ്പ് തന്നെ പൂര്‍ത്തിയാക്കിയാണ് ഖത്തര്‍ ഫിഫയുടെ ഉത്തരവാദപ്പെട്ടവരുടെ കയ്യടി വാങ്ങിയത്. ഖത്തറിന്റെ വിവിധ സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ച ഫിഫ പ്രസിഡണ്ട് ഖത്തറിന്റെ തയ്യാറെടുപ്പുകളെ വിശേഷിപ്പിച്ചത് അവിശ്വസനീയമെന്നാണ്.

ഇച്ഛാശക്തിയും തന്റേടവുമുള്ളതോടൊപ്പം കാഴ്ചപ്പാടുള്ള ഭരണകര്‍ത്താക്കളും നേതൃത്വവും കൊണ്ട് അനുഗ്രഹീതമായ ഖത്തര്‍ ലോക കായിക ചരിത്രത്തിലെ ഏറ്റവും മനോഹരമായ ലോകകപ്പിന് വേദിയൊരുക്കാനൊരുങ്ങുമ്പോള്‍ നാടും നഗരവും ഒന്നടങ്കം ആമോദം പങ്കുവെക്കും. പ്രവാസി സമൂഹവും അവരുടെ രണ്ടാം ഗേഹമായ ഈ രാജ്യത്തിന്റെ തൊപ്പയില്‍ പുതിയ പൊന്‍തൂവല്‍ തുന്നിചേര്‍ക്കുന്ന സുന്ദരമുഹൂര്‍ത്തത്തിനായി അവേശത്തോടെയാണ് കാത്തിരിക്കുന്നത്.

മിഡില്‍ ഈസ്റ്റിലെയും അറബ് ലോകത്തിലെയും ആദ്യത്തെ ലോകകപ്പ് നവംബര്‍ 21 ന് ആരംഭിച്ച് 28 ദിവസത്തെ വിവിധ മാച്ചുകളില്‍ ലോകോത്തര ടീമുകള്‍ മല്‍സരിച്ച് ഡിസംബര്‍ 18 ന് ഖത്തര്‍ ദേശീയ ദിനത്തില്‍ കലാശക്കൊട്ടിന് സാക്ഷ്യം വഹിക്കും. കാല്‍പന്തുകളിയുടെ ആരവങ്ങള്‍ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സവിശേഷമായ അനുഭവമൊരുക്കുമെന്നാണ് ഖത്തറിലെ ഫിഫ ലോകപ്പ് മുഖ്യ സംഘാടകരായ സുപ്രീം കമ്മററി ഫോര്‍ ഡെലിവറി ആന്റ് ലെഗസി വ്യക്തമാക്കിയിരിക്കുന്നത്.

കോവിജ് വെല്ലുവിളികള്‍ക്കിടയിലും ഖത്തറിന്റെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സമയബന്ധിതമായാണ് പൂര്‍ത്തീകരിക്കുന്നത്. എല്ലാ സ്റ്റേഡിയങ്ങളുടേയും ജോലികള്‍ വളരെ ഊര്‍ജിതമായാണ് മുന്നോട്ടുപോകുന്നത്. ഖലീഫ ഇന്റര്‍നാഷണല്‍, അല്‍ ജനൂബ്, എഡ്യൂക്കേഷന്‍ സിറ്റി, അഹ്‌മദ് ബിന്‍ അലി എന്നീ നാല് സ്റ്റേഡിയങ്ങള്‍ ഇതിനകം തന്നെ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. അല്‍ ബെയ്ത്, തുമാമ റാസ് അബൂ അബൂദ് എന്നീ സ്റ്റേഡിയങ്ങളുടെ ഉദ്ഘാടനം ഈ വര്‍ഷം തന്നെ ഉണ്ടാകും. ഖത്തര്‍ 2022 കലാശക്കൊട്ടിന് വേദിയാകുന്ന ലുസൈല്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

ലോകം കാത്തിരിക്കുന്ന ഫിഫ ഖത്തര്‍ 2022 ന്റെ ക്വിക്ക് ഓഫ് നടക്കുന്ന അല്‍ ബെയ്ത് സ്റ്റേഡിയം ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിയോ സന്ദര്‍ശിക്കുകയും ഖത്തരീ അധികാരികളോടൊപ്പം സെവന്‍സ് കളിക്കുകയും ചെയ്തിരുന്നു. അല്‍ ബെയ്ത് സ്റ്റേഡിയം അവിശ്വസനീയമാണ്. ഒരു യഥാര്‍ത്ഥ ഫുട്‌ബോള്‍ സ്റ്റേഡിയം. മികച്ച ഫുട്‌ബോള്‍ ഫീല്‍ നല്‍കുന്നു സ്റ്റേഡിയത്തിന് ഒരു പ്രാദേശിക സ്പര്‍ശവുമുണ്ട്. കൂടാരത്തിന്റേതു പോലുള്ള ആകൃതി ഇതിനെ അതുല്യമാക്കുന്നു. മേല്‍ക്കൂരയിലെ അറബിക് പാറ്റേണുകള്‍ മനോഹരമാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല,’ എന്നാണ് ഫിഫ പ്രസിഡണ്ട് പറഞ്ഞത് .

കളി തുടങ്ങുവാന്‍ 600 ദിവസത്തെ സമയമുണ്ടെങ്കിലും ഫിഫ ലോകകപ്പിന്റെ ഷെഡ്യൂള്‍ ഖത്തര്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പുറത്തുവിട്ടതോടെ തന്നെ കാല്‍പന്ത് കളിയാരാധകരുടെ മനസുകളില്‍ കളിയാരവങ്ങള്‍ മുഴങ്ങി തുടങ്ങിയിരിക്കുന്നു.

നവംബര്‍ 21 തിങ്കളാഴ്ച ഉച്ചക്ക് ഖത്തര്‍ സമയം ഒരു മണിക്ക് കാല്‍പന്തിയുടെ വിസില്‍ മുഴങ്ങുമ്പോള്‍ അറേബ്യന്‍ നാടോടി ടെന്റിന്റെ മാതൃകയില്‍ സൃഷ്ടിച്ച അല്‍ ബെയ്ത് സ്റ്റേഡിയത്തിലെ അറുപതിനായിരത്തോളം വരുന്ന കളിയാരാധകര്‍ക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തല്‍സമയം കാണുന്ന ലക്ഷക്കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ക്കും വേറിട്ട ലോകകപ്പ്് അനുഭവമാണ് സമ്മാനിക്കുക.

2022 ഫിഫ ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരവേദിയായ അല്‍ഖോറിലെ അല്‍ ബെയ്ത് സ്റ്റേഡിയം രണ്ടാമത്തെ വലിയ സ്റ്റേഡിയമാണ്. പരമ്പരാഗത അറേബ്യന്‍ കൂടാരമായ ബെയ്ത് അല്‍ഷാറിന്റെ മാതൃകയിലാണ് സ്റ്റേഡിയം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അറബ് സംസ്‌കാരത്തിന്റെ പൈതൃകവും സംസ്‌കാരവും ആതിഥേയത്വവും ആധുനികതയും കോര്‍ത്തിണക്കിയാണ് അത്യാധുനിക സവിശേഷതയോടെ സ്റ്റേഡിയം നിര്‍മിച്ചത്. രാജ്യത്തിന്റെ പരമ്പരാഗത സംസ്‌കാരം അനുഭവിച്ചറിയാനുള്ള അവസരമാണ് 2022ല്‍ രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്. ഹരിതവികസനത്തിന്റെ ഒരു മികച്ച മാതൃക കൂടിയാണ് സ്റ്റേഡിയം. പരിസ്ഥിതിസംരക്ഷണത്തിന് പ്രാധാന്യം നല്‍കി നിര്‍മിച്ച അല്‍ ബയ്ത് സ്റ്റേഡിയം ഫിഫ വേള്‍ഡ് കപ്പ്് ഖത്തര്‍ എഡിഷന്റെ അവിസ്മരണീയമായ ഓര്‍മയാകും. ദോഹയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെ മുത്തുവാരലിലും മീന്‍പിടിത്തത്തിലും പ്രസിദ്ധമായ അല്‍ഖോര്‍ നഗത്തിലാണ് സ്റ്റേഡിയം.

സ്റ്റേഡിയത്തിന്റെ സീറ്റുകളുടെ ഇരുമ്പുചട്ടത്തിന്റെ നിര്‍മാണം ഇറ്റലിയും ഡിസൈന്‍ ജര്‍മനിയുമാണ് തയ്യാറാക്കിയത്. സീറ്റുകള്‍ നിര്‍മിക്കുന്നത് ഖത്തറിലാണ്. പൊളിച്ചുമാറ്റാന്‍ കഴിയത്തക്കവിധത്തിലാണ് സീറ്റുകളുടെ നിര്‍മാണം. ലോകകപ്പ് മത്സരത്തിനുശേഷം 32,000 സീറ്റുകള്‍ വികസ്വര രാജ്യങ്ങളിലെ സ്റ്റേഡിയം നിര്‍മാണത്തിനായി നല്‍കാനാണ് പദ്ധതി. 2022 ലോകകപ്പ് മത്സരങ്ങള്‍ക്കുശേഷം അല്‍ഖോറിലെ സാമൂഹിക സംഘടനകളുടെ പരിപാടികള്‍ക്കും മറ്റ് കായികമത്സരങ്ങള്‍ക്കുമായി വേദി നല്‍കാനും പദ്ധതിയുണ്ട്. അറബ് സംസ്‌കാരത്തിന്റെ പ്രതീകമായ സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമായി അല്‍ ബയാത്ത് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2018 ജൂലൈ 15ന് റഷ്യയിലെ ലുസ്‌കിനി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിനിര്‍ത്തി ഫ്രാന്‍സ് ഫിഫ ലോകകപ്പ് ഉയര്‍ത്തിയതിന്റെ ഓര്‍മകള്‍ ഉണര്‍ത്തിയാണ് അടുത്ത ലോക കപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തെ നിരന്തരമായ പരിശ്രമങ്ങളും വിശ്രമമില്ലാത്ത തയ്യാറെടുപ്പുകളും നല്‍കിയ ആത്മവിശ്വാസത്തില്‍ സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ഫിഫ ലോക കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചതോടെ തന്നെ കാല്‍പന്തുകളിയാരാധകരുടെ മനോമുകുരങ്ങളില്‍ പന്തുരുളാന്‍ തുടങ്ങിയിരിക്കുന്നു. അറേബ്യന്‍ മണ്ണില്‍ നടക്കാനിരിക്കുന്ന ആദ്യ ലോകകപ്പ് മുഴുവന്‍ ഫുട്്ബോള്‍ പ്രേമികള്‍ക്കും സംഘാടനമികവിന്റേയും ആതിഥേയത്വത്തിന്റേയും സവിശേഷമായ അനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഖത്തറെന്ന കൊച്ചു രാജ്യം. സാമ്പത്തിക രംഗത്ത് മാത്രമല്ല സുരക്ഷിതത്വത്തിലും സമാധാനത്തിലും സന്തോഷത്തിലുമൊക്കെ ലോകത്ത് മാതൃകാപരമായി മുന്നേറുന്ന ഖത്തര്‍ കായിക ഭൂപടത്തില്‍ തങ്ങളുടെ സ്ഥാനം സുവര്‍ണ ലിപികളാല്‍ അടയാളപ്പെടുത്തുന്നതിനുള്ള അസുലഭ മുഹൂര്‍ത്തമായാണ് ഈ അവസരത്തെ കാണുന്നത്.

ഗ്രൂപ്പ് മാച്ചുകള്‍ ഉച്ചയ്ക്ക് ശേഷം 1 മണി, 4 മണി, 7 മണി, 10 മണി എന്നിങ്ങനെയാണ് നടക്കുക. അവസാന റൗണ്ട് ഗ്രൂപ്പ് മല്‍സരങ്ങളും നോക്കൗട്ട് മല്‍സരങ്ങളും വൈകുന്നേരം 6 മണിക്കും 10 മണിക്കും ആയിരിക്കും. ടീമുകള്‍ക്ക് ആവശ്യത്തിന് റസ്റ്റ് ലഭിക്കും വിധം ഗ്രൂപ്പ് സ്റ്റേജ് മല്‍സരങ്ങള്‍ 12 ദിവസമായാണ് നടക്കുക. ദിവസം നാല് മല്‍സരങ്ങള്‍. റോഡ് മാര്‍ഗം തന്നെ ഒരു സ്റ്റേഡിയത്തില്‍ നിന്ന് മറ്റൊരു സ്റ്റേഡിയത്തിലേക്ക് അടുത്ത മല്‍സരത്തിനായി എത്താമെന്നതും അറബ് ലോകത്ത് ആദ്യമായി നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിന്റെ പ്രത്യേകതയാണ്.

പ്ലേ ഓഫ് മല്‍സരം ( മൂന്നാം സ്ഥാനത്തിന് വേണ്ടിയുളള മല്‍സരം) ഡിസംബര്‍ 17ന് ഖലീഫ സ്റ്റേഡിയത്തിലായിരിക്കും. കലാശക്കളി ഖത്തറിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയത്തില്‍ 80,000 കാണികളെ സാക്ഷി നിര്‍ത്തി ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് വൈകുന്നേരം 6 മണിക്ക് നടക്കുമ്പോള്‍ ചരിത്രത്തില്‍ പുതിയ അധ്യായമാണ് രാജ്യം എഴുതിചേര്‍ക്കുക.

നിഴലും വെളിച്ചവും കലര്‍ന്ന ഫനാര്‍ വിളക്കിന്റെ മാതൃകയിലാണ് 2022 ലോക കപ്പിന്റെ ഏറ്റവും വലിയ സ്റ്റേഡിയമായ ലുസൈല്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. അറബ് ഇസ്ലാമിക ലോകത്തെ നിരവധി കലാശില്‍പ്പങ്ങളില്‍ നിന്നുള്ള മാതൃക കൂടി ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം രൂപഭംഗിയിലും നിര്‍മാണചാരുതയിലും വിസ്മയങ്ങള്‍ ഒളിപ്പിച്ചുവെക്കുന്നതാണ്. സ്വദേശിയും വിദേശിയുമായ നിരവധി ആഡംബര പദ്ധതികളോടെ ഖത്തറിന്റെ സ്വപ്ന നഗരിയായി അണിഞ്ഞൊരുങ്ങുന്ന ലുസൈല്‍ സിറ്റിയുടെ ഹൃദയഭാഗത്താണ് ഈ വേദി സ്ഥിതിചെയ്യുന്നത്. 80000 ആളുകള്‍ക്ക് സൗകര്യപ്രദമായി കളികാണാന്‍ കഴിയുന്ന ലുസൈല്‍ സിറ്റി സ്റ്റേഡിയത്തില്‍ ഖത്തര്‍ 2022 ലെ ഫൈനല്‍ ഉള്‍പ്പെടെ പത്ത് മത്സരങ്ങള്‍ നടക്കും.

പുതിയ മെട്രോ സംവിധാനം, എക്സ്പ്രസ് ഹൈവേ, സബാഹ് ബിന്‍ അഹ്‌മദ് കോറിഡോര്‍ തുടങ്ങിയവയൊക്കെ രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നുവരുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളും റിസോര്‍ട്ടുകളും സന്ദര്‍ശകര്‍ക്ക് അറേബ്യന്‍ ആതിഥ്യത്തിന്റെ ഊഷ്മളത സമ്മാനിക്കും.

Related Articles

Back to top button
error: Content is protected !!