അരങ്ങിലും അണിയറയിലും മിന്നും താരമായി അരുണ്‍ പിളള പ്രവീണ്‍
ഡോ. അമാനുല്ല വടക്കാങ്ങര
കഴിഞ്ഞ ഒന്നരപതിറ്റാണ്ടോളമായി ഖത്തറിലെ അരങ്ങിലും അണിയറയിലും മിന്നും താരമായി തിളങ്ങുന്ന കലാകാരനാണ് അരുണ്‍ പിളള പ്രവീണ്‍. കൊല്ലം ജില്ലയില്‍ നീണ്ടകരയില്‍ ശശിധരന്‍ പിള്ളയുടേയും തങ്കച്ചിയുടേയും മൂന്ന് മക്കളില്‍ രണ്ടാമനായ അരുണിനെ ഖത്തറിലെ ജനപ്രിയനായ അവതാരകനായാണ് പലര്‍ക്കും പരിചയമുണ്ടാകുക. എന്നാല്‍ സിനിമയിലും നാടകത്തിലും മിമിക്രി, മോണോ ആക്ട്മേഖലകളിലുമൊക്ക കഴിവ് തെളിയിച്ച കലാകാരനാണ് അരുണ്‍.
സ്്നേഹോഷ്മളമായ പെരുമാറ്റത്തിലൂടെ ആരെയും കയ്യിലെടുക്കാന്‍ കഴിയുന്ന അരുണ്‍ സൗഹൃദങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും കൂട്ടായ്മയുടേതോ കമ്പനിയുടേതോ പരിപാടി അവതരിപ്പിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചാല്‍ മിക്ക കേസുകളിലും അവരുടെ ഭാവി പരിപാടികളുടെ സ്ഥിര അവതാരകനായി അരുണ്‍ മാറുകയാണ് പതിവ്. ചെറുതും വലുതുതുമായ ആയിരത്തിലധികം പരിപാടികളുടെ അവതാരകനായി മാറാന്‍ അവസരം നല്‍കിയതും വിശാലമായ സ്നേഹ സൗഹൃദങ്ങളാവാം. കലയുടെ സാമൂഹ്യ ധര്‍മവും മാനവികതയും അടയാളപ്പെടുത്തിയാണ് അരുണ്‍ തന്റെ കലാസപര്യകളെ ധന്യമാക്കുന്നത്.
ശക്തിക്കുളങ്ങരയിലെ സെന്റ് ജോസഫ് സ്‌ക്കൂളില്‍ നിന്നും എസ്.എസ്.എല്‍.സി പാസായ അരുണ്‍ ഇലക്ട്രോണിക്സില്‍ ഡിപ്ളോമയെടുത്തെങ്കിലും പ്രവാസിയാകാനായിരുന്നു നിയോഗം. അച്ഛന്‍ ദീര്‍ഘകാലം റാസല്‍ ഖൈമയില്‍ പ്രവാസിയായിരുന്നു.
2006 ല്‍ ഖത്തറിന്റെ കായിക രംഗത്തെ കുതിച്ചുചാട്ടത്തിന്റെ മുന്നോടിയായി കര്‍വ കമ്പനിയില്‍ ടാക്സി ഡ്രൈവറായാണ് അരുണ്‍ ദോഹയിലെത്തിയത്. പതിനഞ്ചാമത് ഏഷ്യന്‍ ഗെയിംസില്‍ സൂപ്പര്‍വൈസറായി സേവനമനുഷ്ഠിക്കുവാന്‍ ഭാഗ്യം ലഭിച്ച അരുണ്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ഡ്രൈവറായി ജോലി ചെയ്യേണ്ടി വന്നുളളൂ. താമസിയാതെ കര്‍വയുടെ ട്രെയിനിംഗ് ഡിപ്പാര്‍ടമെന്റില്‍ ഇന്‍സ്ട്രക്ടറായി പ്രമോഷന്‍ ലഭിച്ചു. കര്‍വയിലെ സഹപ്രവര്‍ത്തകനായ അന്‍ഷാദ് തൃശൂരാണ് അരുണിന്റെ കലാപരമായ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവതാരകനാവുളള ആദ്യ അവസരം നല്‍കിയത്.
വലിയ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തന്നെ ഏത് സ്റ്റേജും കൈകാര്യം ചെയ്യാനാകുന്നുവെന്നതാകും അരുണിന്റെ ഏറ്റവും വലിയ പ്രത്യേകത. കലാകാരന്മമാരുമായും ഓഡിയന്‍സുമായും ലയിച്ച് ചേര്‍ന്ന് പരിപാടി ഹൃദ്യമാക്കുന്നതില്‍ മിടുക്കനായത് തന്നെയാണ് മിക്ക സംഘാടകരും അവരുടെ സ്ഥിരം അവതാരകനായി അരുണിനെ സ്വീകരിക്കുന്നത്. അവതരണകല മനം നിറയെ ആസ്വദിച്ച് എല്ലാവരുടേയും സ്നേഹവും സൗഹാര്‍ദവും ആഘോഷമാക്കിയാണ് അരുണ്‍ പിള്ള പ്രവീണ്‍ എന്ന കലാകാരന്‍ തന്റെ പ്രവാസ ജീവിതം മനോഹരമാക്കുന്നത്
ചെറുപ്പത്തില്‍ മോണോ ആക്ട്, മിമികി എന്നിവയോടായിരുന്നു കമ്പം. സ്‌ക്കൂള്‍ തലത്തില്‍ പല സമ്മാനങ്ങളും നേടിയ അരുണ്‍ ജില്ലാ തല മല്‍സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. അമ്മയും സഹോദരുമാരുമൊക്കെ നല്‍കിയ പ്രോല്‍സാഹനവും പിന്തുണയുമാണ് അരുണിലെ കലാകാരനെ വളര്‍ത്തിയത്.
ഖത്തറിലെ എല്ലാ സംഘടനകളുമായും സംഘാടകരുമായുമുളള അടുത്ത സൗഹൃദമാണ് അരുണിന്റെ ഏറ്റവും വലിയ കരുത്ത്. മാനവ സ്നേഹത്തിന്റെ സുന്ദരനിമിഷങ്ങളെ താല്‍പര്യത്തോടെ താലോലിക്കുന്ന അരുണ്‍ ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ്.
ചന്ദ്രകല ആര്‍ട്സിന്റെ സാരഥി ചന്ദ്രമോഹന്‍ പിളള ഒരു ജേഷ്ട സഹോദരന്റെ സ്നേഹത്തോടും കരുതലോടുമാണ് തന്നെ പ്രോല്‍സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതെന്ന് അരുണ്‍ നന്ദിയോടെ ഓര്‍ക്കുന്നു. അദ്ദേഹം നിര്‍മിച്ച ബ്രഹ്‌മാണ്ഡ ചിതമായ വീരത്തില്‍ ഉണ്ണികോനാരായി വേഷമിടാന്‍ അവസരം ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. രസം, കനല്‍ എന്നീ ചിത്രങ്ങളിലും അരുണ്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
ഒരു ഡസനിലധികം ഹൃസ്വ ചിത്രങ്ങളിലും മോഷമല്ലാത്ത വേഷങ്ങള്‍ ചെയ്ത അരുണ്‍ ക്യൂ മലയാളത്തിന്റെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, അവതാരകന്‍ എന്നീ മേഖലകളില്‍ സജീവമായ അദ്ദേഹം ഏഷ്യാനെറ്റ് റേഡിയോ, വോയ്സ് ഓഫ് കേരള എന്നിവയുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തിയിരുന്നു.
രസ്നിയാണ് പ്രിയതമ. പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ അരുണിമ മകളാണ്. സംഗീത തല്‍പരയായ മകള്‍ സ്‌ക്കൂള്‍ പഠനത്തോടൊപ്പം വയലിന്‍ പഠിക്കുന്നുണ്ട്. കുടുംബത്തിന്റെ പിന്തുണയും ദൈവാനുഗ്രഹവും വിശാലമായ സൗഹൃദവുമാണ് തന്റെ കലാപ്രവര്‍ത്തനങ്ങളുടെ ചാലക ശക്തിയെന്നാണ് അരുണ്‍ കരുതുന്നത്.