
വിദേശ യാത്രക്കാര്‍ക്കുള്ള പി.സി.ആര്‍. ടെസ്റ്റുകള്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വിദേശ യാത്രക്കാര്‍ക്കുള്ള പി.സി.ആര്‍. ടെസ്റ്റുകള്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി നിര്‍ത്തുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.ഇനി മുതല്‍ യത്രക്കാര്‍ സ്വകാര്യമേഖലയിലെ സൗകര്യങ്ങളില്‍ പരിശോധന നടത്തണം.
പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ ആരോഗ്യ കേന്ദ്രങ്ങളും മെഡിക്കല്‍ ടീമുകളും ദേശീയ കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാമില്‍ തിരക്കിലായതിനാലും രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാലുമാണ് ഈ തീരുമാനം. കോവിഡ് ലക്ഷണവുമായി വരുന്ന മുഴുവനാളുകളുടേയും സ്രവമെടുത്ത് പരിശോധിക്കുന്നുണ്ട്. അതിനാല്‍ യാത്രക്കാരെക്കൂടി പരിശോധിക്കുക പ്രയാസമാകും.
എന്നാല്‍ രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമാവുകയും പിഎച്ച്സിസി ഹെല്‍ത്ത് കെയര്‍ ടീമുകളില്‍ സമ്മര്‍ദ്ദം കുറയുകയും ചെയ്യുമ്പോള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഈ സുപ്രധാന സേവനം പുനരാരംഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.