Breaking News

ഖത്തറിലെ വിസ്മയ വിനോദ കേന്ദ്രമായേക്കാവുന്ന വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പ്രോജക്റ്റ് പ്രഖ്യാപിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ തിലകക്കുറിയില്‍ പൊന്‍കിരീടം തുന്നിചേര്‍ക്കുന്ന വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നു. ഖത്തറിലെ വിസ്മയ വിനോദ കേന്ദ്രമായേക്കാവുന്ന വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പ്രോജക്റ്റ് പ്രഖ്യാപിച്ചു. ആഭ്യന്തര വിദേശ ടൂറിസം മേഖലകളില്‍ വമ്പിച്ച മാറ്റങ്ങള്‍ക്ക് കാരണമായേക്കോവുന്ന മനോഹരമായ പദ്ധതിയാണ് ഖത്തര്‍ ഇന്ന് പ്രഖ്യാപിച്ചത്.

ഖത്തറിലെ റോഡുകളും പൊതു സ്ഥലങ്ങളും മോടിപിടിപ്പിക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയാണ് ദോഹ ഡൗണ്‍ടൗണില്‍ വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പദ്ധതി ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള എല്ലാ പ്രധാന പങ്കാളികളുടെയും സാന്നിധ്യത്തില്‍ വെബ് കോണ്‍ഫറന്‍സിലൂടെ പദ്ധതി പ്രഖ്യാപിച്ചത്.

വെസ്റ്റ് ബേ മെട്രോ സ്റ്റേഷനില്‍ നിന്ന് 10 മിനിറ്റ് അകലെയുള്ള ദോഹയിലെ ബിസിനസ്സ് ഡിസ്ട്രിക്റ്റിലാണ് വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് പ്രോജക്റ്റ് സ്ഥിതിചെയ്യുന്നത്. ആദ്യ ഘട്ടത്തിന്റെ ഭാഗമായി ടൂറിസം മെച്ചപ്പെടുത്തുന്നതിനായി വെസ്റ്റ് ബേയ്ക്ക് ചുറ്റുമുള്ള ഹോട്ടലുകള്‍ക്കായി 6 ബീച്ചുകള്‍ നൂതന സംവിധാനങ്ങളോടെ സജ്ജീകരിക്കും.

മികച്ച സേവനങ്ങള്‍ ആസ്വദിക്കുന്നതിനും ഒരൊറ്റ ലക്ഷ്യസ്ഥാനത്ത് വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്നതിനും ഖത്തറിലെ കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരു സവിശേഷ വിനോദ ലക്ഷ്യസ്ഥാനമായിരിക്കും ഈ പദ്ധതി. സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും അവിസ്മരണീയമായ ഓര്‍മകള്‍ സമ്മാനിക്കുന്ന ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഖത്തറിലെ റോഡുകളുടെയും പൊതു സ്ഥലങ്ങളുടെയും സൗന്ദര്യവല്‍ക്കരണത്തിന്റെ സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് അര്‍ഖൂബ് അല്‍ ഖല്‍ദി ഈ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു, ”ഈ പദ്ധതിയിലൂടെ ദോഹ ഡൗണ്‍ ടൗണില്‍ ഒരു സവിശേഷ വിനോദസഞ്ചാര കേന്ദ്രമാണ് ആസൂത്രണം ചെയ്യുന്നത്.

പൊതുജനങ്ങളുടെ സഞ്ചാരത്തിന് സൗകര്യമൊരുക്കുമാറ് പൊതു ഗതാഗത ശൃംഖല സൗകര്യപ്പെടുത്തും. കൂടാതെ കാല്‍നട പാതകള്‍, സൈക്കിള്‍ പാതകള്‍ തുടങ്ങിയവയിലൂടെ സമീപ പ്രദേശങ്ങളിലെ വ്യക്തിപരവും വാണിജ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കും. കോര്‍ണിഷില്‍ നിന്ന് ലുസൈലിലേക്കുള്ള അനായാസമായ കണക്ഷനുകള്‍ ഈ പദ്ധതിയെ സവിശേഷമാക്കും.

ടൂറിസം മെച്ചപ്പെടുത്തുന്നതിനായി വെസ്റ്റ് ബേയ്ക്ക് ചുറ്റുമുള്ള ഹോട്ടലുകള്‍ക്കായി സജ്ജീകരിക്കുന്ന വിശാലമായ 6 ബീച്ചുകള്‍, വൈവിധ്യമാര്‍ന്ന റെസ്റ്റോറന്റുകള്‍, കഫേകള്‍, കളിസ്ഥലങ്ങള്‍, സേവനങ്ങള്‍, 2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കാല്‍നട പാതകളും സൈക്ലിംഗ് ട്രാക്കുകളും, 100 സൈക്കിള്‍ പാര്‍ക്കിംഗ് പോയിന്റുകള്‍ എന്നിവ ഈ പദ്ധതിയുടെ ഭാഗമായിരിക്കും.
പദ്ധതിയുടെ ആദ്യ ഘട്ടം കൈമാറുമ്പോള്‍ രണ്ടാം ഘട്ടം പ്രഖ്യാപിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!