Uncategorized

ഖത്തറില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുന്ന കരട് നിയമത്തിന് കൗണ്‍സില്‍ ചെയര്‍മാന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.

വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടന്ന യോഗം രാജ്യത്തെ ആരോഗ്യ പരിരക്ഷാ സേവനങ്ങളെ നിയന്ത്രിക്കുന്ന കരട് നിയമത്തെക്കുറിച്ചുള്ള പൊതുസേവന, യൂട്ടിലിറ്റി കമ്മിറ്റിയുടെ അനുബന്ധ റിപ്പോര്‍ട്ട് കൗണ്‍സില്‍ അവലോകനം ചെയ്തു. റിപ്പോര്‍ട്ടിന്റെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം, ബില്ലിന് അംഗീകാരം നല്‍കാനും ഇക്കാര്യത്തില്‍ ശുപാര്‍ശകള്‍ സര്‍ക്കാരിനു നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്തെ ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ കരട് നിയമത്തില്‍ 47 ലേഖനങ്ങളും 6 അധ്യായങ്ങളുമുണ്ട്. സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങളില്‍ പൗരന്മാര്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് വ്യവസ്ഥ ചെയ്യുന്നു.

കരട് നിയമപ്രകാരം, സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സൗകര്യങ്ങളില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്ന പൊതു ജനാരോഗ്യ മന്ത്രാലയം നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സിന് മേല്‍നോട്ടവും വഹിക്കും. ഇത് സംയോജിതവും ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനവും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സിസ്റ്റവും വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും പൊതു ജനാരോഗ്യ മന്ത്രാലയം നടത്തും.

കരട് നിയമമനുസരിച്ച്, പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. ഒരു പ്രവാസി അല്ലെങ്കില്‍ സന്ദര്‍ശകന് എന്‍ട്രി വിസ ഇഷ്യു ചെയ്യുകയോ പുതുക്കുകയോ ചെയ്യുക, റസിഡന്‍സ് പെര്‍മിറ്റ് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യുക, അതുപോലെ തന്നെ പ്രവാസികള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുക മുതലായവക്ക് നിര്‍ബന്ധ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് തെളിവ് ഹാജറാക്കേണ്ടി വരും.

അടിയന്തിര സാഹചര്യങ്ങളില്‍ ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് കരട് നിയമം വ്യവസ്ഥ ചെയ്യുന്നു, അപകടനില തരണം ചെയ്യുന്നതുവരെ സൗജന്യ സേവനം നല്‍കണം.

ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭിക്കുമ്പോള്‍ പാലിക്കേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും കരട് നിയമം നിര്‍വ്വചിക്കുന്നു, ഇന്‍ഷുറന്‍സ് കരാറിനും ആരോഗ്യ പരിരക്ഷാ സേവന ദാതാക്കളുമായുള്ള കക്ഷികളുടെ ബാധ്യതകളും അതുപോലെ തന്നെ അതിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴകളും നിയമം വ്യക്തമാക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!