റമദാനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന മല്‍സര പരിപാടികളുമായി കതാറ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റമദാനോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന മല്‍സര പരിപാടികളുമായി കതാറ. രാജ്യം നടപ്പാക്കുന്ന കോവിഡ് മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി വിവിധ തരത്തിലുള്ള വെര്‍ച്വല്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ മത്സരങ്ങളും വെര്‍ച്വല്‍ എക്സിബിഷനുകളുമാണ് കതാറ പ്രഖ്യാപിച്ചിരിക്കുന്നത്.
ദിവസേനയുള്ള ചോദ്യോത്തര മത്സരങ്ങള്‍, ചെറുകഥാ മത്സരം, അറബി കവിതകള്‍ക്കുള്ള പ്രത്യേക മല്‍സരം, ഖുറാന്‍ പാരായണ മല്‍സരം തുടങ്ങി വിലയേറിയ സമ്മാനങ്ങള്‍ നേടാന്‍ കഴിയുന്ന നിരവധി ദൈനംദിന, പ്രതിവാര മത്സരങ്ങളാണ് കതാറ സംഘടിപ്പിക്കുന്നത്.
അറബി കവിതകള്‍ക്കുള്ള കതാറ സമ്മാനം നേടുന്നതിനുള്ള മല്‍സരം റമദാന്‍ മുഴുവന്‍ നീണ്ടുനില്‍ക്കും. ഖത്തറി വിമന്‍സ് പെന്‍ ഫോറത്തിന്റെ സംരംഭങ്ങളിലൊന്നാണിത്. ഇതില്‍ മികച്ച മൂന്ന് വിജയികള്‍ക്ക് യഥാക്രമം 60,000 , 40,000, 20,000 റിയാല്‍ ലഭിക്കും.
ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള കതാറ സമ്മാന മല്‍സരം ഇസ്ലാമിക ലോകത്ത് മൊത്തത്തില്‍ ശ്രദ്ധേയമായ മല്‍സരമാണ്. ലോകത്തെ 62 രാജ്യങ്ങളില്‍ നിന്നായി 2004 പേര്‍ ഈ മല്‍സരത്തില്‍ പങ്കെടുക്കും.ഫൈനലിസ്റ്റുകളെ എന്‍ഡോവ്‌മെന്റ്, ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ ഔദ്യോഗിക സ്പോണ്‍സര്‍ഷിപ്പില്‍ ഖത്തര്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കും.
”തമൂര്‍, തമൗറ” എന്ന പേരില്‍ പ്രശസ്തമായ കാര്‍ട്ടൂണ്‍ സീരീസിന്റെ പുതിയ എപ്പിസോഡുകളും കതാറ പ്രക്ഷേപണം ചെയ്യും. കതാര നേരത്തെ സമാരംഭിച്ച നിരവധി വെര്‍ച്വല്‍ ആര്‍ട്ട് എക്സിബിഷനുകള്‍ ഇപ്പോഴും അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി കാണാന്‍ കഴിയും.
ദോഹ ഇസ്ലാമിക സംസ്‌കാരത്തിന്റെ തലസ്ഥാനമെന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഈ വര്‍ഷത്തെ കതാറ റമദാന്‍ പരിപാടികള്‍ വിലയിരുത്തപ്പെടുന്നത്.