അല്‍പം കൂടി ത്യാഗം,സഹിച്ചാല്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങാം
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. ജനങ്ങള്‍ അല്‍പം കൂടി ത്യാഗം സഹിക്കുകയും ആരോഗ്യ പ്രവര്‍ത്തകരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയും ചെയ്താല്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങാമെന്ന് പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ്അല്‍ കുവാരി അഭിപ്രായപ്പെട്ടു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ റമദാനിനെ സ്വാഗതം ചെയ്ത് നല്‍കിയ സന്ദേശത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ കണിശമായ ചില നിയന്ത്രണങ്ങള്‍ വരുത്തുവാന്‍ നാം നിര്‍ബന്ധിതരാവുകയായിരുന്നു. ഇത് സമൂഹത്തിന്റെ സുരക്ഷ കണക്കിലെടുത്ത് മാത്രമാണ്. റമദാനിലെ പല പാരമ്പര്യങ്ങളും തല്‍ക്കാലം മാറ്റി നിര്‍ത്തുകയല്ലാതെ നിവൃത്തിയില്ല.
കോവിഡ് എന്ന മഹാമാരിക്കെതിരെ യുദ്ധ രംഗത്തുള്ള നമ്മുടെ സൈന്യമാണ് ആരോഗ്യ പ്രവര്‍ത്തകര്‍. എല്ലാവരും പ്രതിരോധ നടപടികളും സുരക്ഷ മുന്‍കരുതലുകളും പാലിച്ചചാണ് അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കേണ്ടത്.
രാജ്യത്ത് വാക്‌സിനേഷന്‍ കാമ്പയിന്‍ അതിവേഗം പുരോഗമിക്കുകയാണ് . ഇത് പ്രതീക്ഷ പകരുന്നതാണ്. കൂടുതലാളുകള്‍ വാക്‌സിനെടുക്കുന്നതോടെ സ്ഥിതി കൂടുതല്‍ മെച്ചപ്പെടും.
വാക്‌സിനെടുത്തവരും അല്ലാത്തവരും നിതാന്ത ജാഗ്രത പാലിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.