
പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ അല്‍ ശമാല്‍ മുനിസിപ്പാലിറ്റിയും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : പരിസ്ഥിതി സംരക്ഷണവും ആരോഗ്യകരമായ ജീവിത ചുറ്റുപാടും ഉറപ്പുവരുത്തുന്നതിനായി ഖത്തറില്‍ പത്തുലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയില്‍ അല്‍ ശമാല്‍ മുനിസിപ്പാലിറ്റിയും പങ്ക് ചേര്‍ന്നു. മുനിസിപ്പാലിറ്റി ഉന്നത ഉദ്യോഗസ്ഥരോടൊപ്പം അല്‍ റുവൈസ് ഹെല്‍ത്ത്് സെന്ററിലെ ഡോക്ടര്‍മാരും നഴ്സുമാരും മരം നടാന്‍ മുന്നോട്ടു വന്നത്് പൊതുജനങ്ങള്‍ക്ക് ഏറെ കൗതുകവും ആവേശവും പകര്‍ന്നു.
മരം ഒരു വരം എന്ന സുപ്രധാനമായ ആശയത്തിന് അടിവരയിടുന്നതോടൊപ്പം പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തി പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തുകയും നഗരത്തിന്റെ സൗന്ദര്യവല്‍ക്കരണത്തിന് സഹായകമാവുകയും ചെയ്യുന്ന രീതിയിലാണ് കാമ്പയിന് സംവിധാനിച്ചിരിക്കുന്നത്.
ആഗോള താപനവും കാലാവസ്ഥ മാറ്റവുമൊക്കെ ഗുരുതരമായ പ്രത്യാഘാതകങ്ങള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് ഏറ്റവും ശ്രദ്ധേയമായ ഒരു ദൗത്യമാണ് മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം ഏറ്റെടുത്തിരിക്കുന്നത്.
ഖത്തറിലെ മുഴുവന്‍ ജനങ്ങളുടേയും സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തിയാണ് ഈ കാമ്പയിന് മന്ത്രാലയം ആവിഷ്ക്കരിച്ചിരിക്കുന്നത്.