ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറായി ഖത്തറും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് പ്രതിസന്ധി രൂക്ഷമാവുകയും കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുകയും ചെയ്യുന്ന ഇന്ത്യയിലെ ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഖത്തര്‍. ഇന്ത്യയിലെ ഓക്‌സിജന്‍ ക്ഷാമവും കോവിഡ് മരണ നിരക്കു വ്യാപനവും ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഖത്തറില്‍ നിന്നും ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള വഴി തുറക്കുന്നത്.
ഖത്തര്‍ പെട്രോളിയത്തിന് കീഴിലുള്ള ഗസാല്‍ കമ്പനിയാണ് ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചതെന്ന് ഖത്തറിലെ മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകനും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടുമായ ഗിരീഷ് കുമാര്‍ പറഞ്ഞു.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡറുമായി ഈ വിഷയം സംസാരിച്ചതായും പ്രതിദിനം 60 ടണ്‍ ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറാണെന്നും ഗസാല്‍ കമ്പനിയുടെ എക്‌സ്‌പോര്‍ട്ട് ചുമതലയുള്ള റിച്ചാര്‍ഡ് കരം പറഞ്ഞു. അംബാസഡറുമായി നടന്ന കൂടിക്കാഴ്ച ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും റിച്ചാര്‍ഡ് കൂട്ടിച്ചേര്‍ത്തു. മൂന്ന് മണിക്കൂറിനുള്ളില്‍ ഇവിടെ ഓക്‌സിജന്‍ ഡെലിവര്‍ ചെയ്യാന്‍ സാധിക്കും. ഇതിനായി 20,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള മൂന്ന് ഐസോ ടാങ്കുകള്‍ ആവശ്യമാണ്. ലോജിസ്റ്റിക് സൗകര്യങ്ങളാണ് മുഖ്യമായും തീരുമാനിക്കേണ്ടത്.
2006 ല്‍ സ്ഥാപിതമായ എയര്‍ ലിക്വിഡേ, ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഗസാല്‍ ഖത്തറിലെ പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍ക്കാവശ്യമായ ഓക്സിജന്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് . ഓക്സിജന്‍, നൈട്രജന്‍, ഹൈഡ്രജന്‍, ആര്‍ഗോണ്‍ തുടങ്ങിയവയാണ് സ്റ്റീല്‍, ഓയില്‍, ഗ്യാസ് പ്ലാന്റുകള്‍ക്കു വേണ്ടി കമ്പനി ഉത്പാദിപ്പിക്കുന്ന ഗ്യാസുകള്‍. മിസഈദ്, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റികളിലാണ് കമ്പനിയുടെ പ്ലാന്റുകളുള്ളത്. സ്ഥാപിതമായതുമുതല്‍, ഗസാല്‍ ഒരു പ്രോജക്റ്റ് കമ്പനി എന്ന നിലയില്‍ നിന്ന് പൂര്‍ണ്ണമായ ഒരു ഓപ്പറേറ്റിംഗ് സ്ഥാപനത്തിലേക്ക് മാറി. പൈപ്പ്‌ലൈന്‍ വഴിയോ ബള്‍ക്ക് ലിക്വിഡ് ട്രെയിലറുകള്‍ വഴിയോ വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളിലൂടെ വ്യത്യസ്ത ഉപയോക്താക്കള്‍ക്കിടയില്‍ നല്ല ബന്ധം കമ്പനിക്കുണ്ട് . ഒന്നിലധികം ക്ലയന്റുകളെ അതിന്റെ പൈപ്പ്‌ലൈന്‍ നെറ്റ്വര്‍ക്കുകളിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെ, മിസയിദ്, റാസ് ലഫാന്‍ വ്യവസായ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഈ ഉല്‍പ്പന്നങ്ങള്‍ സുരക്ഷിതമായും വിശ്വസനീയമായും വിതരണം ചെയ്യാന്‍ ഗസാലിന് കഴിയും .
നയതന്ത്ര രംഗങ്ങളിലെ ശ്രമങ്ങളോടൊപ്പം മലയാളി സാമൂഹ്യ പ്രവര്‍ത്തകനായ ഗിരീഷ് കുമാറും കമ്പനിയിലെ മലയാളി ഉദ്യോഗസ്ഥനായ മുഹമ്മദ് അഷ്‌റഫും ഈ ശ്രമങ്ങള്‍ക്ക് സഹായം നല്‍കിയെന്നത്
്മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണ്.