സാമ്പത്തിക അഭിവൃദ്ധി ഉറപ്പുവരുത്തുന്നതിനും ജീവന്‍ രക്ഷിക്കാനും ആരോഗ്യസംരക്ഷണ നവീകരണത്തില്‍ ഗവണ്‍മെന്റുകള്‍ നിക്ഷേപിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: സാമ്പത്തിക അഭിവൃദ്ധി ഉറപ്പുവരുത്തുന്നതിനും ജീവന്‍ രക്ഷിക്കാനും ആരോഗ്യസംരക്ഷണ നവീകരണത്തില്‍ ഗവണ്‍മെന്റുകള്‍ നിക്ഷേപിക്കണമെന്ന് ഖത്തര്‍ ഫൗണ്ടേഷന്റെ ആഗോള ആരോഗ്യ സംരംഭമായ ‘വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് (വിഷ്) സിഇഒ സുല്‍ത്താന അഫ്ദല്‍ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുവാന്‍ ആരോഗ്യസംരക്ഷണ രംഗത്തുള്ള നിക്ഷേപം തുടരേണ്ടതുണ്ട്. നൂതന പരിഹാരങ്ങളില്‍ നിക്ഷേപം നടത്തുന്നത് സര്‍ക്കാരുകളേക്കാള്‍ പലപ്പോഴും സ്വകാര്യ സ്ഥാപനങ്ങളാണ്. ഇത് മാറേണ്ടതുണ്ട്, സര്‍ക്കാരുകള്‍ക്ക് ഈ ഇടം കൂടുതല്‍ സ്വന്തമാക്കേണ്ടതുണ്ട്, അവര്‍ അഭിപ്രായപ്പെട്ടു.
ഈ വര്‍ഷത്തെ സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തില്‍ ശരിയായ സമയത്ത് ശരിയായ നിക്ഷേപം നടത്തുന്നത് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കാനും സമ്പദ്വ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്താനും സഹായിക്കുമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.