
ഭീകരവാദത്തെ നേരിടുന്നതിന്റെ പ്രഥമ യു.എന്‍. ഓഫീസ് ദോഹയില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : തീവ്രവാദത്തെ തടയുന്നതിലും പോരാടുന്നതിലും പാര്‍ലമെന്ററി പങ്കാളിത്തം സംബന്ധിച്ച ഐക്യരാഷ്ട്ര ഭീകരവിരുദ്ധ പരിപാടിയുടെ ഓഫീസ് ദോഹയില്‍ ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ ശൂറ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സൈദ് അല്‍ മഹമൂദും യുണൈറ്റഡ് നാഷണ്‍സിന്റെ ഭീകരവാദത്തെ നേരിടുന്ന ഓഫീസ് അണ്ടര്‍ സെക്രട്ടറി ജനറല്‍ വ്ളാഡിമിര്‍ വോറോണ്കോവും സംയുക്തമായാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്
ഇതേ സ്വഭാവത്തിലുള്ള ലോാകത്തെ ആദ്യ ഓഫീസാണിത്. ഐക്യരാഷ്ട്രസഭയുടെ ഭീകരവാദത്തെ നേരിടുന്ന ഓഫീസും ഖത്തര്‍ ശൂറ കൗണ്‍സിലും തമ്മിലുള്ള ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ രാജ്യങ്ങളുടെയും പാര്ലമെന്റുകള് ഉള്‍ക്കൊള്ളുന്ന ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ നേതൃത്വത്തില്‍ തീവ്രവാദത്തെ നേരിടുന്നതില്‍ ഖത്തര്‍ വഹിക്കുന്ന വിശിഷ്ട പങ്കിനുള്ള ഐക്യരാഷ്ട്ര സഭയുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും അംഗീകാരമായാണ് ദോഹയില്‍ ഈ ഓഫീസ് അനുവദിച്ചതിനെ കാണുന്നതെന്ന് ഉദ്ഘാടന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് ശൈഖ് അല്‍ മഹമൂദ് പറഞ്ഞു. തീവ്രവാദത്തിന്റെ ഉറവിടം കണക്കിലെടുക്കാതെ അതിന്റെ കാരണങ്ങള്‍ ഇല്ലാതാക്കുന്ന ഖത്തര്‍ അമീറിന്റെ ഉറച്ച നയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണിത്.
ഐക്യരാഷ്ട്ര സഭയുടെ ഭീകരവാദ വിരുദ്ധ കാര്യാലയവും ഖത്തര്‍ ശൂറ കൗണ്‍സിലും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെ ഫലമായി 2019 ഫെബ്രുവരിയിലാണ് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചത്. തുടര്‍ന്ന് 2020 നവംബറില്‍ കരാര്‍ ഒപ്പിട്ടു.
‘ലോകത്തിലെ എല്ലാ പാര്‍ലമെന്റുകള്‍ക്കും ഈ ഓഫീസിലെ പരിപാടികളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രയോജനം ലഭിക്കും, തീവ്രവാദത്തെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളില്‍ ഇത് ഒരു സുപ്രധാനമായ ഗുണപരമായ കുതിച്ചുചാട്ടമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുടെ ആഗോള ഭീകരവിരുദ്ധ തന്ത്രത്തിന്റെ നാല് തൂണുകളുടെ സമതുലിതമായ നടപ്പാക്കലാണ് ഓഫീസിന്റെ പ്രധാന ദൗത്യം. ലോകമെമ്പാടും പുതിയ നിയമനിര്‍മ്മാണം നടത്തുക, പാര്‍ലമെന്റിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിരുദ്ധ നിയമനിര്‍മ്മാണം, നയങ്ങള്‍, തന്ത്രങ്ങള്‍ എന്നിവ രൂപീകരിക്കാന്‍ സഹായിക്കുക എന്നിവയുള്‍പ്പെടെ തീവ്രവാദത്തെ തടയുന്നതിനും പോരാടുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാകും ഓഫീസ് നടത്തുക.
ഭീകരതയെയും തീവ്രവാദത്തിലേക്ക് നയിക്കുന്ന അക്രമ തീവ്രവാദത്തെയും നേരിടുക, ഗവേഷണവും വിശകലനവും നടത്തുക, എന്നീ മേഖലകളിലെ പ്രസക്തമായ സുരക്ഷാ സമിതി പ്രമേയങ്ങളും നടപ്പാക്കുവാനുമുള്ള സംയുക്ത സംരംഭങ്ങള്‍ ഓഫീസ് ഏറ്റെടുക്കും.