Uncategorized

വെര്‍ച്വല്‍ റാലി ഇന്ന്, ഖത്തറില്‍ നിന്നും 3000 പേരെ പങ്കെടുപ്പിക്കും

ദോഹ : ജനവിരുദ്ധ നിലപാടുകള്‍ തുടരുന്ന മോഡി സര്‍ക്കാര്‍ രാജിവെക്കുക എന്ന പ്രമേയത്തില്‍ ഇന്ന് ( വെള്ളി ) വെല്‍ഫെയര്‍ പാര്‍ട്ടി കേരള ഘടകം സംഘടിപ്പിക്കുന്ന വെര്‍ച്വല്‍ റാലിയില്‍ ഖത്തറില്‍ നിന്നും മൂവ്വായിരത്തിലധികം ആളുകള്‍ പങ്കെടുക്കും. ഖത്തര്‍ സമയം ഉച്ചക്ക് 1.30 മുതല്‍ ആരംഭിക്കുന്ന പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പ്രസിഡന്റ് എസ്.ക്യു.ആര്‍ ഇല്ല്യാസ്, ജനറല്‍ സെക്രട്ടറി സുബ്രമണി അറുമുഖം, സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, ജനറല്‍ സെക്രട്ടറി കെ.എ. ഷഫീഖ്, മറ്റ് നേതാക്കളായ സുരേന്ദ്രന്‍ കരിപ്പുഴ, റസാഖ് പാലേരി, ഇ.സി ആയിഷ, ജോസഫ്.എം.ജോണ്‍, ജാബീന ഇര്‍ഷാദ്, നജ്ദ റൈഹാന്‍, പ്രേമ.ജി.പിഷാരടി, ഗോമതി എന്നിവര്‍ സംസാരിക്കും.


ഉച്ചക്ക് 1.30ന് വെല്‍ഫെയര്‍ പാര്‍ട്ടി യൂ ട്യൂബ് ചാനലിലൂടെയാണ് പരിപാടി നടക്കുക. വെര്‍ച്വല്‍ റാലിയുടെ ഭഗമായി നടന്ന കള്‍ചറല്‍ ഫോറം നേതൃസംഗമം വെര്‍ച്വല്‍ റാലി ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധത്തില്‍ സമ്പൂര്‍ണ പരാജയമായ മോഡി സര്‍ക്കാര്‍ മരണമുഖത്തുള്ളവര്‍ക്ക് ഓക്‌സിജന്‍ പോലും എത്തിക്കുന്നതില്‍ പരാജയപ്പെട്ടതായി അദ്ദേഹം പറഞ്ഞു. അടിക്കടി ഉണ്ടാകുന്ന പെട്രോള്‍ ഉത്പന്നങ്ങളുടെ വില വര്‍ധന സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണ്. ഇത്തരം ഘട്ടങ്ങളിലും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാനും പൗരത്വ നിഷേധ നിയമങ്ങള്‍ നടപ്പിലാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ ഇത്തരം നിലപാടുകള്‍ തുറന്ന് കാണിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി മുന്‍പന്തിയിലുണ്ടാവുമെന്നും റസാഖ് പാലേരി പറഞ്ഞു. റാലിയുടെ വിജയത്തിനായി മുഴുവന്‍ ജനങ്ങളും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!