ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപിക്കെതിരേ ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരണം : എം.കെ ഫൈസി
ദോഹ : ജനാധിപത്യ ഇന്ത്യയെ കശാപ്പ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ ഒന്നാം തരംഗത്തിന് ശേഷം മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ശ്രമിക്കാതെ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന ഇടങ്ങളില്‍ അസ്വസ്ഥത പടര്‍ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കശ്മീരിലും അസമിലും പശ്ചിമ ബംഗാളിലും ഇപ്പോള്‍ ലക്ഷദ്വീപിലും നാമത് കണ്ടുകൊണ്ടിരിക്കുന്നു.
സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അതിന്റെ ഫലം ഭീകരമായിരിക്കുമെന്ന് പ്രചരിപ്പിച്ച് ജനങ്ങളില്‍ ഭയം ജനിപ്പിച്ച് അവരെ അടിമകളാക്കി വെക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.
ബിജെപി സര്‍ക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതികരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പോലും തയ്യാറാകുന്നില്ല. കാരണം ഹിന്ദുത്വ ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് അവരും ലക്ഷ്യം വെക്കുന്നത്.
കേരളത്തില്‍ മാത്രം അവശേഷിക്കുന്ന ഇടതുപക്ഷവും ഇതില്‍ നിന്ന് വ്യവത്യസ്ഥമല്ല. കാപട്യം നിറഞ്ഞ സമീപനമാണ് അവരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബിജെപിക്കെതിരെയുള്ള പോരാട്ടം സാധ്യമാകണമെങ്കില്‍ ഈ രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെ കൂടെ നിര്‍ത്തേണ്ടതുണ്ട്. അതിന് ബിജെപിയുടെ അജണ്ടകള്‍ തുറന്നുകാട്ടുകയും ചെറുത്തുതോല്‍പ്പിക്കുകയും ചെയ്യുന്ന ഒരു ബദല്‍ രാഷ്ട്രീയം ഇന്ത്യയില്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഇവിടെയാണ് എസ്ഡിപിഐ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം പ്രസക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സഈദ് കൊമ്മച്ചി, സ്റ്റേറ്റ് പ്രസിഡന്റ് കെ സി മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.