ജൂലൈ 3; ലോക പ്ലാസ്റ്റിക് ബാഗ് രഹിത ദിനം
റഷാദ് മുബാറക് അമാനുല്ല
ദോഹ : വര്‍ഷം തോറും ജൂലൈ 3ന് ലോകമെമ്പാടും പ്ലാസ്റ്റിക് രഹിത ദിനമായി ആചരിക്കുന്നു. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ഗുരുതരമായ പ്രശ്‌നങ്ങളെക്കുറിച്ചും കര മുതല്‍ സമുദ്രം വരെയുള്ള ഇക്കോ സിസ്റ്റത്തിനും പരിസ്ഥിതിക്കും അത് ഉയര്‍ത്തുന്ന ഗുരുതരമായ ഭീഷണിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
പ്ലാസ്റ്റിക് ബാഗുകള്‍ അഴുകാന്‍ 100 മുതല്‍ 500 വര്‍ഷം വരെ എടുക്കുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല ഇത് മാലിന്യകൂമ്പാരങ്ങളായി ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പല വിധത്തിലും ഒഴുകി സമുദ്രത്തിലെത്തുന്നതോടെ സമുദ്ര മലിനീകരണം സൃഷ്ടിക്കുകയും സമുദ്രത്തിലെ ജീവജാലങ്ങള്‍ക്ക് അപകടകരമാവുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ പ്ലാസ്റ്റിക് ബാഗുകളുടെ ദോഷഫലങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
2016 മുതല്‍ക്കാണ് ലോകമെമ്പാടും ഈ ദിനമാചരിക്കാന്‍ ആരംഭിച്ചത്. 2002ല്‍ ബംഗ്ലാദേശാണ് ലോകത്താദ്യമായി നേരിയ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. തുടര്‍ന്ന് മറ്റു രാജ്യങ്ങള്‍ ഈ മാതൃക പിന്തുടരുകയായിരുന്നു.
ഈ വര്‍ഷത്തെ പ്രമേയം ”പാസ്റ്റിക്കില്ലാത്തൊരു നാളെക്കായ്” എന്നാണ്. ഖത്തറില്‍ എല്ലാ വര്‍ഷവും ഈ ദിനത്തില്‍ പരിസ്ഥിതി മന്ത്രാലയം നിരവധി ബോധവത്കരണ പരിപാടികളും ക്യാമ്പയിനുകളും നടത്തി വരുന്നു. ഈ വര്‍ഷം ആകര്‍ഷമായ ഗിവ് എവേ മത്സരവുമായാണ് മന്ത്രാലയം ബോധവത്കരണവുമായി ജനങ്ങളിലേക്കെത്തുന്നത്. പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വരുത്തുന്ന ആഘാതങ്ങളെക്കുറിച്ചുള്ള പോസ്റ്ററും മന്ത്രാലയം അവരുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.
നിരവധി സ്വകാര്യ സ്ഥാപനങ്ങളും ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നു. ക്യാരഫോര്‍ ലൗവ് ഔവര്‍ പ്ലാനറ്റ് എന്ന പേരില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നുണ്ട്.